ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇത് കല്യാണങ്ങളുടെ സീസണ് ആണ്. ബന്ധുക്കളുടെയും മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെയും കല്യാണങ്ങള്‍ക്ക് പോകാന്‍ എം എല്‍ എ മാര്‍ അവധിക്ക് അപേക്ഷ നല്‍കിയതോടെ ഇവിടെ നിയമസഭാ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
176 എം എല്‍ എമാരുള്ള നിയമസഭയിലെ ഭരണപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടിയുടെ നൂറോളം സാമാജികരാണ് കല്യാണ സത്കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചത്. അവധിയെടുക്കുന്ന ദിവസങ്ങള്‍ക്ക് പകരമായി ഈ സമ്മേളന കാലയളവില്‍ തന്നെ അത് നികത്തണമെന്നും എം എല്‍ എമാര്‍ അവധിക്ക് അപേക്ഷിച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വരുന്ന രണ്ടത് ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും കല്യാണ അവധി വേണ്ടിവരുന്നത്. എം എല്‍ എമാരുടെ അപേക്ഷയെ തുടര്‍ന്ന് ഈ മാസം ആദ്യം ആരംഭിച്ച ആന്ധ്രപ്രദേശ് നിയമസഭാ സമ്മേളനം ഇക്കുറി രണ്ട് ദിവസം കൂടി നീളാന്‍ സാധ്യതയുണ്ട്. ഈ കാലയളവിലെ സമ്മേളനം നവംബര്‍ 30ന് തീര്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. താല്‍ക്കാലിക അവധി വന്നതോടെ ഇത് ഡിസംബര്‍ ആദ്യ ദിവസങ്ങള്‍ വരെ നീണ്ടേക്കുമെന്ന് ഉറപ്പായി.
എം എല്‍ എ മാര്‍ രണ്ട് ദിവസത്തെ കല്യാണ അവധി ആവശ്യപ്പെടുന്നതിന് ആന്ധ്രപ്രദേശിലെ പ്രധാന മുഹൂര്‍ത്തമാണ് കാരണം. മാഗശീര്ഷ മാസത്തിലാണ് ഇവിടെ ഏറ്റവും അധികം കല്യാണം നടക്കുന്നത്. ഇതില്‍ നവംബര്‍ 24 മുതല്‍ 26 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളുള്ളത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം ഏതാണ്ട് ഒരുലക്ഷത്തിലേറെ കല്യാണങ്ങളാണ് നടക്കാനിരിക്കുന്നതത്രേ.
INDIANEWS24.COM Hyderabad