കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തിൽ നിന്നും കേരളം ക്രിക്കറ്റ് അസോസിയേഷൻ പിന്മാറി. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് വേണ്ടി കലൂര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ ടര്‍ഫ് നശിപ്പിച്ച് ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് കെ സി എ നിലപാട് മാറ്റുന്നത്.
വരുന്ന നവംബറിൽ ഇന്ത്യൻ-വെസ്റ്റ് ഇൻഡീസ് മത്സരം നടത്തുന്നത് സംബന്ധിച്ചാണ് വിവാദം ഉടലെടുത്തത്. കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ആണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്സുമായോ സര്‍ക്കാരുമായോ ഒരു ഏറ്റുമുട്ടലിനില്ല. ഫുട്ബോളും ക്രിക്കറ്റും ഒരു പോലെ വളരട്ടെ എന്നാണ് തങ്ങളുടെ നിലപാട്.
വിഷയത്തില്‍ ഇടപെട്ട കായികമന്ത്രി തന്നെ വിളിച്ചിരുന്നു. ഈ വര്‍ഷത്തെ ക്രിക്കറ്റ് മത്സരം കാര്യവട്ടത്ത് തന്നെ നടക്കട്ടെ എന്ന നിര്‍ദേശമാണ് അദ്ദേഹം മുന്പോട്ട് വച്ചത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പിടിവാശിയുമില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറയുന്നു.
INDIANEWS24.COM Kochi