ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം സിപിഎം, സിപിഐ നേതൃത്വത്തില്‍ സജീവചര്‍ച്ചയാകുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം എന്ന ആശയത്തെ അനുകൂലിച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ രംഗത്തെത്തി. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ലയനം മുമ്പും ചര്‍ച്ചയായിട്ടുണ്ടെങ്കിലും അന്നെല്ലാം അനുകൂല നിലപാടായിരുന്നില്ല സിപിഎം സ്വീകരിച്ചിരുന്നത്.
ഭാവിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം തങ്ങളെല്ലാം ഉറ്റുനോക്കുന്ന കാര്യമാണ് എന്നാണ് യോഗത്തില്‍ കാരാട്ട് പറഞ്ഞത്. നേരത്തെ സിപിഐ തമിഴ്നാട് സംസ്ഥാന മുന്‍സെക്രട്ടറി ആര് നല്ലകണ്ണ് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കേണ്ട സമയം അതിക്രമിച്ചു എന്നായിരുന്നു നല്ലകണ്ണിന്റെ പരാമര്‍ശം. ഇക്കാര്യം ഗൌരവത്തോടെ നേതൃത്വം ചര്‍ച്ച ചെയ്യുന്നതിനാണ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ഇക്കാര്യം മുന്നോട്ടുവെക്കുന്നതെന്നും നല്ലകണ്ണ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് കേരളത്തില്‍ സിപിഐയുടെ മുഖപത്രമായ ജനയുഗം നേരത്തെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള സാധ്യത പിബി അംഗം എം എ ബേബി അന്ന് തള്ളിക്കളഞ്ഞു. പക്ഷേ, കാരാട്ടിന്റെ പരാമര്‍ശം സിപിഎം നേതൃതലത്തില്‍ ഇത്തരമൊരു ആശയം സജീവമാണ് എന്നതിന്റെ സൂചനയായാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ ദേശീയരാഷ്ട്രീയപദവി തുലാസിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 സീറ്റ് എങ്കിലും കിട്ടിയിട്ടുള്ളവര്ക്കാണ് ദേശീയപാര്‍ട്ടി എന്ന അംഗീകാരം ലഭിക്കുക. സിപിഎമ്മിന് കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നായി 9 സീറ്റാണ് ഇത്തവണ ലഭിച്ചത്. ദേശീയപാര്‍ട്ടി പദവിക്ക് വേണ്ടതില്‍ 2 സീറ്റ് കുറവ്. കേരളത്തില്‍ നിന്ന് സിപിഎമ്മിന് 2 സ്വതന്ത്രന്മാര് ഉണ്ട്. ഇടുക്കിയിലെ ജോയ്സ് ജോര്‍ജും ചാലക്കുടിയിലെ ഇന്നസെന്റും. എന്നാല്‍ ഇവര്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളാകാന്‍ സന്നദ്ധരാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ഉറപ്പില്ല. ഇവര്‍ ഇടഞ്ഞാലും ദേശീയപാര്‍ട്ടി പദവി സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് സിപിഐയുമായുള്ള പുനരേകീകരണം സിപിഎം നേതൃത്വം സജീവമായി പരിഗണിക്കുന്നതിന്റെ പിന്നില്‍. അകെ ഒറ്റ സീറ്റ് മാത്രമുള്ള സിപിഐ ദേശീയരാഷ്ട്രീയത്തില്‍ ഏറെ ദുര്‍ബലമായിരിക്കുകയാണ്. ലയനം ചര്‍ച്ചയ്ക്ക് വന്നാല്‍ സിപിഐ നേതൃത്വത്തില്‍ നിന്ന് കാര്യമായ വിലപേശല്‍ ഉണ്ടാകില്ലെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
1964ലാണ് സിപിഐയില്‍ നിന്ന് വിട്ടുപോന്ന ഒരുകൂട്ടം നേതാക്കള്‍ ചേര്‍ന്ന് സിപിഎമ്മിന് രൂപംനല്കിയത്. കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനമായിരുന്നു ആശയഭിന്നതയുടെ കാതല്‍. ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ സിപിഎം പ്രധാന രാഷ്ട്രീയകക്ഷിയാകുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന, ദേശീയരാഷ്ട്രീയങ്ങളില് ഇരുപാര്‍ട്ടികളും ഇടതുപക്ഷവും നേരിടുന്ന തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ലയനം വീണ്ടും സജീവചര്‍ച്ചയാകുന്നത്.