കണ്ണൂര്‍: കാലങ്ങളായി ഉത്തരമലബാര്‍ കാത്തിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച ലക്ഷങ്ങളെ സാക്ഷിയാക്കി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നു ഫഌഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവിമാനം എയര്‍ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്കാണ് പറക്കുന്നത്. രാവിലെ ആറ് മണിക്ക് പ്രഥമ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണ ബാങ്ക് പരിസരത്ത് വച്ചു വിമാനത്താവളത്തിലേക്ക് സ്വീകരിച്ചാനയിക്കും. പാസഞ്ചര്‍ ടെര്‍മിനല്‍ എത്തുന്ന യാത്രക്കാരെ ഡിപ്പാര്‍ച്ചര്‍ ഹാളിനു മുന്നില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നു ചെക്ക് കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ്ങ് പാസ് നല്‍കും. മുഖ്യവേദിയില്‍ 7.30ന് കലാപരിപാടികള്‍ ആരംഭിക്കും.ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും എ.ടി.എം ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രനും ഫോറിന് എക്സ്ചേഞ്ച് (ഫോറെക്സ്) കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജയും നിര്‍വഹിക്കും. അന്താരാഷ്ട്ര ടെര്‍മിനലില്‍ ‘മലബാര്‍ കൈത്തറി’ ഇന്സ്റ്റലേഷന് അനാഛാദനം മന്ത്രി ഇ പി ജയരാജനും ഫുഡ് ആന്‍ഡ് ബീവറജേ്സ് സര്‍വീസസ് മന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് മന്ത്രിമാര്‍ ഉപഹാരം നല്‍കും.ഒമ്പതിന് വിമാനത്താവളത്തിലെ സിഐഎസ്എഫില്‍നിന്ന് മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. തുടര്‍ന്ന്ദേശീയ പതാക ഉയര്‍ത്തും .പത്തിന് മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. മന്ത്രി ഇ പി ജയരാജന് അധ്യക്ഷനാവും. മുഖ്യമന്ത്രി ഫലക അനാഛാദനവും ഉദ്ഘാടന പ്രസംഗവും നിര്‍വഹിക്കും. കിയാല്‍ എംഡി വി തുളസീദാസ് പ്രൊജക്ട് അവതരണവും കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കമല്‍ നയന്‍ ചൗബി മുഖ്യ പ്രഭാഷണവും നടത്തും. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം പറയും.ഉദ്ഘാടനദിവസം പതിനഞ്ചോളം വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടാവും. അബുദാബിയിലേക്കുള്ള ആദ്യവിമാനം പോയ ശേഷം 11.30ന് ഡല്‍ഹിയില്‍നിന്നുളള ഗോ എയര്‍ വിമാനം കണ്ണൂരില്‍ എത്തും. ഇതേ വിമാനം പകല്‍ മൂന്നിന് മന്ത്രിമാരും മറ്റ് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് തിരിക്കും. അബുദാബിക്ക് പുറമേ റിയാദിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍ അബുദാബി വിമാനം ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. അതേ ദിവസങ്ങളില്‍ തിരിച്ചും സര്‍വീസ് നടത്തും. കണ്ണൂര്‍ റിയാദ് വിമാനം വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. റിയാദ് കണ്ണൂര്‍ തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളിലും. കണ്ണൂരില്‍നിന്ന് ദോഹയിലേക്ക് ആഴ്ചയില്‍ നാലു ദിവസം സര്‍വീസുണ്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ഷെഡ്യൂള്‍. മടക്കയാത്രയും ഇതേ ദിവസങ്ങളില്‍തന്നെയാണ്. ദുബായ്, മസ്ക്കറ്റ് സര്‍വീസുകളും താമസിയാതെ തുടങ്ങും.