കൊച്ചി : ഇക്കുറി ഓണത്തിന് അഞ്ചു ചിത്രങ്ങളാണ് എത്തിയത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , ഏഴാമത്തെ വരവ് , ശൃംന്ഗാരവേലന്, നോര്‍ത്ത് 24 കാതം , ഡി കമ്പനി എന്നീ ചിത്രങ്ങളാണ് എത്തിയത്. ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ലാതെ 2013 ലെ ഓണം കടന്നു പോകുകയാണ്.
നോര്‍ത്ത് 24 കാതമാണ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം. സാമാന്യ വിജയം നേടുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം ഫഹദ് ഫാസിലിനും നെടുമുടി വേണുവിനും പുതുമുഖ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനും നേട്ടമായി. ഫഹദും നെടുമുടി വേണുവും മാറ്റുരയ്ക്കുന്ന ഈ ചിത്രം സുബ്രമണിയപുരം – ആമേന്‍ ഫെയിം സ്വാതിക്കും ഗുണം ചെയ്തു.
മമ്മൂട്ടിയുടെ ക്ലീറ്റസ് , മാര്ത്താണ്ടന് എന്ന പുതുമുഖ സംവിധായകന് ഒരു മികച്ച തുടക്കം നേടിക്കൊടുത്തു. തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നില്ലെങ്കിലും നിര്‍മ്മാതാവിന് ചിത്രം നഷ്ടമുണ്ടാക്കില്ല. മമ്മൂട്ടിയുടെ ദൈവം – നന്മ തുടര്‍ക്കഥയിലെ മെച്ചപ്പെട്ട ഒരിനമായി ക്ലീറ്റസ് വിലയിരുത്തപ്പെടുന്നു. ഒരു പുതിയ ബിബിളിക്കല്‍ വിജയ ഫോര്‍മുല മലയാളത്തില്‍ രൂപപ്പെട്ടു വരികയാണ്. ആമേനിന്റെ തുടര്‍ച്ചയായി ക്ലീറ്റസും പ്രേക്ഷക പ്രീതി നേടുന്നുണ്ട്.
ഏഴാമത്തെ വരവ് പ്രേക്ഷകരെ നിരാശപ്പെടുത്തി. ഹരിഹരന് – എം ടി ടീമിന്റെ പഴശ്ശി രാജയ്ക്ക് ശേഷമുള്ള ഈ ചിത്രം ഒത്തിരി പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്തായിരുന്നു ഈ ചിത്രത്തിന്റെ കാലിക പ്രസക്തി എന്ന് ബോധ്യപ്പെടുത്താന്‍ ഹരിഹരന് കഴിഞ്ഞില്ല. കാടിനോടുള്ള സംവിധായകന്റെ OBSESSION പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. ഒരു പക്ഷെ ഒരു ഇരുപത് വര്‍ഷം മുമ്പ് ചെയ്തിരുന്നെങ്കില്‍ ഈ ചിത്രം സ്വീകരിക്കപ്പെട്ടേനെ. ഇന്ദ്രജിത്ത് – ഭാവന – വിനീത് എന്നിവര്‍ തങ്ങളുടെ വേഷം ഭംഗിയാക്കി.
ശൃംന്ഗാരവേലന് സഭ്യതയുടെ അതിര് വരമ്പുകള്‍ ഭേദിക്കുന്നു. ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് ഈ ചിത്രം മനസ് മടുപ്പിക്കുന്നു. മായാമോഹിനി ദിലീപിനെയും ജോസ് തോമസിനെയും വല്ലാതെ മോഹിപ്പിച്ചു എന്നു വേണം കരുതാന്‍. ദിലീപിനെപ്പോലൊരു ജനപ്രിയ താരത്തിനു അശ്ലീലത്തിന്റെ കൂട്ട് പിടിച്ചു പ്രേക്ഷകരെ പിടിച്ചിരുത്തേണ്ട കാര്യമുണ്ടെന്നു കരുതാന്‍ വയ്യ. ഉദയ് കൃഷ്ണ – സിബി കെ തോമസ് മാറിചിന്തിക്കേണ്ട കാലമായിരിക്കുന്നു.
മികച്ച സാങ്കേതിക തികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ഡി കമ്പനിയും പ്രേക്ഷകരെ വേണ്ടത്ര ആകര്‍ഷിക്കുന്നില്ല. ഫഹദ് ഫാസില്‍ പതിവ് പോലെ തിളങ്ങി. ഒരു പക്ഷെ ബി സി ക്ലാസുകളില്‍ ചിത്രം മെച്ചപ്പെട്ട വിജയം നേടിയേക്കാം. പഴയ റിലീസുകളില്‍ മെമ്മറീസ് തിയേറ്ററുകളില്‍ ഇപ്പോഴും തുടരുകയാണ്. വന്‍ പ്രദര്‍ശന വിജയമാണ് ചിത്രം നേടിയിരിക്കുന്നത്.
SANUINDIANEWS