ഉറുമി തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാള സിനിമാരംഗത്തെ മികച്ച നിര്‍മ്മാണക്കമ്പനിയായി പുകള്‍പെറ്റ ആഗസ്റ്റ് സിനിമ ഇരന്നു വാങ്ങിയ ദുരന്തമായി മാറി ഡബിള്‍ ബാരല്‍ എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമ.പൃഥിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് രൂപം നല്കിയ ആഗസ്റ്റ് സിനിമ എങ്ങിനെ ഈ സാമ്പത്തിക ദുരന്തം അതിജീവിക്കുമെന്ന് കണ്ടറിയണം.
ഗാംഗ്സ്റ്റര് സ്പൂഫ് ചിത്രമെന്നൊക്കെ ചില മാധ്യമങ്ങള്‍ പൊക്കിപ്പറയുന്നുണ്ടെങ്കിലും ഇരട്ടക്കുഴലില്‍ നിന്നും തുപ്പിയ ബോറന് ബുള്ളറ്റുകളേറ്റു ഇരു കണ്ണുകളും അടിച്ചു പോയ ദുരവസ്ഥയിലാണ് പ്രേക്ഷകന്.റിലീസിന്റെ മൂന്നാം നാള് എറണാകുളം ശ്രീധറില്‍ ചുരുക്കം ചില ചെറുപ്പക്കാരുമായി സിനിമ കാണാനിരിക്കുമ്പോള് സ്വന്തം കാശ് മുടക്കി പൃഥിരാജും ഷാജി നടേശനും കൂടി ഇത്തരമൊരു ഓണത്തല്ല് പ്രേക്ഷകന് നല്‍കുമെന്ന് സ്വപ്നനേപി വിചാരിച്ചില്ല.പ്രമേയങ്ങളില്‍ കാട്ടുന്ന പരീക്ഷനാത്മകത ലിജോയെ ഇത്തരമൊരു ഉന്മാദാവസ്ഥയിലേക്ക് നയിക്കും എന്ന് ആഗസ്റ്റ് സിനിമാക്കാരും കരുതിക്കാണില്ല.ഏതായാലും ഷാജി നടേശന് ഒരു ദീര്‍ഘമായ റോള്‍ ചെയ്യുവാന്‍ സാധിച്ചു എന്ന് ആശ്വസിക്കാം.ഇത്തരമൊരു പരീക്ഷണം കൊണ്ട് തുലച്ച കോടികള്‍ കൊണ്ട് ഒരു പിടി കുഞ്ഞി രാമായണങ്ങള്‍ രചിക്കാമായിരുന്നു ആഗസ്റ്റ് സിനിമയ്ക്ക്.
സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഡബിള്‍ ബാരലിനാല് സമനില തെറ്റിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചിത്രത്തിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് മേല്‍ ചാടി ചവിട്ടി തറയില്‍ വീണ ബോര്‍ഡുകള്‍ ഉന്മാദത്തിലെന്നോണം വലിച്ചു കീറുന്നത് കാണാനിടയായി.ന്യൂ ജനറേഷന് ചിത്രത്തോടുള്ള കലിപ്പ് അങ്ങനെ തീര്‍ത്തത് നന്നായി.അല്ലെങ്കില്‍ ഓണം നാളില്‍ അവര്‍ നാട്ടുകാര്‍ക്കും പോലീസിനും ജോലിയുണ്ടാക്കിയേനെ.
ചിറകൊടിഞ്ഞ കിനാക്കള്‍, ഡബിള്‍ ബാരല്‍… ഇനിയും സ്പൂഫുകളുമായി പരീക്ഷിക്കരുതേ..!
ഒരു സ്പൂഫും കൂടി ഇറങ്ങിയിരുന്നു ഈ ഓണക്കാലത്ത്. ഉട്ടോപ്യ എന്ന സാങ്കല്‍പ്പിക രാജ്യത്തെ രാജാവെങ്ങാനും അത് കണ്ടിരുന്നെങ്കില്‍ കമല്‍ സാറിനെയും റഫീഖിനെയും കൂടി ഇരട്ടക്കുഴലിലൂടെ ഉട്ടോപ്യയിലേക്ക് വിക്ഷേപിച്ചേനെ.അച്ഛാ ദിന് എന്ന ചിത്രത്തിനു തുടര്‍ച്ചയായി ഒരു വന്‍ തിയേറ്റര്‍ ദുരന്തം കൂടി കമല്‍ മമ്മൂട്ടിക്ക് സമ്മാനിക്കും എന്ന് കടുത്ത മമ്മൂട്ടി വിമര്‍ശകര്‍ പോലും കരുതിക്കാണില്ല.പഞ്ചവടിപ്പാലത്തിനോപ്പമോ മുകളിലോ എത്തുന്ന ഒരു സറ്റയര്‍ പ്രതീക്ഷിച്ച നല്ല പ്രേക്ഷകന് അക്ഷരാര്‍ഥത്തില്‍ എന്തിനോ വേണ്ടി തിളച്ച ഒരു വളിപ്പന്‍ സാമ്പാറായി മാറി ഉട്ടോപ്യയിലെ രാജാവ്.ഒന്നും പറയാനുള്ള ശക്തിയില്ല ഈ വളിപ്പന്‍ സാമ്പാറിനെക്കുറിച്ച്.
ഏതായാലും ഈ വളിപ്പുകള്‍ക്കിടയില്‍ മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാരാകാന് തങ്കമാകാതെ പോയ ലോഹത്തിനും കുഞ്ഞി രാമായാണത്തിനും അധികം ക്ലേശിക്കേണ്ടി വരില്ല.
പ്രേക്ഷകര്‍ ഉട്ടോപ്യയിലല്ല ജീവിക്കുന്നതെന്നും ഇരട്ടക്കുഴല്‍ ഒടിച്ചു മടക്കാന്‍ അവര്‍ക്ക് നന്നായി അറിയാമെന്നും ഓര്‍ക്കുക.
INDIANEWS MOVIES