728-pixel-x-90-2-learn
728-pixel-x-90
<< >>

ഓട്ടവയില്‍വെടിവെപ്പ്; സൈനികന്‍ ഉള്‍പ്പെടെ 2 മരണം; തീവ്രവാദിഭീഷണിയില്‍ കാനഡ തലസ്ഥാനം

 

ഓട്ടവ: കാനഡ തലസ്ഥാനമായ ഓട്ടവയില്‍ തീവ്രവാദി എന്ന് സംശയിക്കുന്ന  അക്രമിയുടെ വെടിയേറ്റ്‌  സൈനികന്‍ മരിച്ചു. ഇതിനുശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചുകയറിയ അക്രമി സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഓട്ടവ നഗരം സുരക്ഷാസേന വളഞ്ഞു. കൂടുതല്‍ ആക്രമികള്‍ ഉണ്ടെന്ന സംശയത്തില്‍ വന്‍തെരച്ചില്‍ തുടരുകയാണ്. തലസ്ഥാനത്ത് തീവ്രവാദി ആക്രമണ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് മന്ദിരത്തിന് ഏറെ അകലെയല്ലാത്ത യുദ്ധസ്മാരകത്തില്‍ രാവിലെ 10 മണിയോടെയാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവപരമ്പരകളുടെ തുടക്കം. യുദ്ധസ്മാരകത്തിന് കാവല്‍ നിന്നിരുന്ന സൈനികര്‍ക്ക് നേരെ അക്രമി തുരുതുരെ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ ഒരു സൈനികന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.

ഇതിനു ശേഷം തട്ടിയെടുത്ത കറുത്ത കാറില്‍ എത്തി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്ന അക്രമിയെ സുരക്ഷാസേന പിന്തുടര്‍ന്നു. മന്ദിരത്തിനുള്ളില്‍ നിന്ന് 30നും 50നുമിടയില്‍  വെടിയൊച്ച മുഴങ്ങിയതായി ദൃക്സാക്ഷികള്‍ പറയുന്നു. ഈ സമയം പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പര്‍ കാബിനറ്റ്‌ യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ ഉടന്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. എംപിമാര്‍ അഭയം തേടിയ ഹാളിന് തൊട്ടുപുറത്തുവെച്ചാണ് അക്രമിയെ സുരക്ഷാസേന വെടിവെച്ചിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൌണ്‍ടൌണിലെ പ്രധാനകേന്ദ്രങ്ങളെല്ലാം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളും കച്ചവടകേന്ദ്രങ്ങളും ഓഫീസുകളും അടച്ചു. കെട്ടിടങ്ങളുടെ മട്ടുപ്പാവുകളില്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആക്രമികള്‍ ഉണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ നടത്തുന്നതിനാല്‍ കെട്ടിടങ്ങളുടെ ജനാലയ്ക്കരികിലും മട്ടുപ്പാവുകളിലും നില്‍ക്കരുതെന്ന് ജനങ്ങള്‍ക്ക്‌ സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി ഏറെനാള്‍ കഴിയും മുന്നേയാണ്‌ ഈ സംഭവം. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക നടത്തുന്ന സൈനികനീക്കങ്ങളില്‍ പങ്കാളിയാകാന്‍ കാനഡ തീരുമാനിച്ചതോടെയാണ് ഭീകരാക്രമണ ഭീഷണി ശക്തമായത്. ഇപ്പോള്‍ നടന്ന അക്രമത്തില്‍ ഐസിസിന്‍റെ പങ്കിന് തെളിവുകള്‍ കിട്ടിയിട്ടില്ലെങ്കിലും കാനഡ തീവ്രവാദികളുടെ തോക്കിന്‍നിഴലിലാണെന്ന ആശങ്ക ശക്തമാകുകയാണ്.  കഴിഞ്ഞ  ദിവസം വിന്നിപെഗില്‍ ഒരു സൈനികനെ തീവ്രവാദി എന്ന് സംശയിക്കുന്ന ഒരാള്‍ കാറിടിച്ച് കൊലപ്പെടുത്തിയിരുന്നു.

കാനഡ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ അപലപിച്ചു.

Leave a Reply