ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു രൂപ നോട്ട് എത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം തികയുകയാണ്. 1917 നവംബര്‍ 30 ഇന്ത്യയില്‍ ആദ്യമായി ഒരു രൂപ നോട്ട് എത്തിയ ദിവസമായിരുന്നു. ഇംഗ്ലണ്ടില്‍ അച്ചടിച്ചിരുന്ന നോട്ടുകള്‍ കപ്പല്‍മാര്‍ഗമാണ് ഇന്ത്യയിലെത്തിയത്.
പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഒരു രൂപ നാണയങ്ങള്‍ പ്രചാരത്തിലായെങ്കിലും രണ്ടാംലോക മഹായുദ്ധം കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു. യുദ്ധം കടുത്തപ്പോള്‍ വെള്ളിക്ക് മൂല്യം കൂടി. ഇതോടെ നാണയങ്ങള്‍ ഉരുക്കി കട്ടിയാക്കി തൂക്കി വില്ക്കാന് തുടങ്ങി.
പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ നോട്ട് അച്ചടിക്കാന്‍ തുടങ്ങി. ലോട്ടറി ടിക്കറ്റ് എന്ന മലയാള സിനിമയില്‍ ‘ഒരു രൂപ നോട്ട്’ എന്ന വരിയില്‍ തുടങ്ങുന്ന ഗാനം വരെയുണ്ട്. 1994ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി. പൊതുജനങ്ങള്‍ക്കിടയില്‍ നോട്ട് ആവശ്യമുണ്ടെന്ന് മനസ്സിലാക്കി 2015 മുതല്‍ അച്ചടി പുനരാരംഭിച്ചു.
നൂറ് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഒരു രൂപ നോട്ട് നാണയശേഖരം നടത്തുന്നവരുടെ പക്കല്‍ ഇപ്പോഴുമുണ്ട്. ഇതിന് പതിനായിരത്തിലേറെ രൂപയുടെ മൂല്യമുള്ളതായാണ് പറയുന്നത്. ഇന്ത്യന്‍ റുപ്പിയായി ഇറങ്ങുന്ന എല്ലാ കറന്‍സി നോട്ടുകളിലും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പുവയ്ക്കുമ്പോള്‍ ഒരു രൂപ നോട്ടില്‍ മാത്രം കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഒപ്പു വയ്ക്കുന്നത്.
INDIANEWS24.COM NEWDELHI