728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു കോണ്‍ഗ്രസുകാരന്‍റെ ആത്മഗതം

അബുദാബി : ഞാൻ ഒരു കോണ്‍ഗ്രസ്സുകാരനാണ്. നല്ല കോണ്‍ഗ്രസ്‌ കുടുംബത്തിൽ ജനിച്ച എന്നും കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ഒരാൾ. ഇന്നത്തെ തിരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന് വലിയ പരാജയം സമ്മാനിച്ചിരിക്കുന്നു. സ്വാഭാവികമായും ഏതൊരു കോണ്‍ഗ്രസ്സുകാരനും ഇത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. പക്ഷെ ഈ പരാജയത്തിൽ ഞാൻ വളരെയേറെ സന്തോഷവാനാണ് !

കോണ്‍ഗ്രസ്‌ പാർട്ടിക്ക് ഈ പരാജയം ആവശ്യമായിരുന്നു എന്ന് മാത്രമല്ല സാധാരണ ജനങ്ങളുടെ കയ്യിൽ നിന്നും ഓരോ ഖദർധാരിക്കും ചൂല് കൊണ്ട് ഒരു അടി കിട്ടാനും അർഹതയുണ്ടായിരുന്നു എന്നുകൂടി പറയട്ടെ. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു രാഷ്ട്രീയ പ്രവർത്തകൻ കാണിക്കേണ്ട മര്യാദകൾ ഒന്നും തന്നെ കാണിക്കാതെയുള്ള പ്രവർത്തനങ്ങളാണ് ഭൂരിഭാഗം കോണ്‍ഗ്രസ്‌ മന്ത്രിമാരും നേതാക്കന്മാരും നടത്തികൊണ്ടിരുന്നത്. സ്വന്തം കീശ നിറക്കുക എന്നതോ സ്വന്തം കുടുംബത്തിലെ മൂന്നോ നാലോ തലമുറകൾക്ക് ആവശ്യമായ സ്വത്ത് സ്വരൂപിക്കുകയോ അല്ല ഇവർ ചെയ്തിരുന്നത് . മറിച്ചു നൂറ്റി മുപ്പത് കോടി ജനങ്ങൾ അനുഭവിക്കാനുള്ള വകകൾ നൂറോ ഇരുന്നൂറോ രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിലേക്ക് ഒഴുക്കുകയായിരുന്നു . ഇതിൽ ചിലർ അവരുടെ ആയിരം തലമുറകൾക്ക് പഴയകാല രാജാക്കന്മാരുടെ പ്രൗഡിയോടെ ജീവിക്കാനുള്ള അത്രതന്നെ സ്വത്തുക്കൾ വരെ കൈക്കലാക്കിയിട്ടുണ്ട് !

മറ്റുള്ള രാഷ്ട്രീയ കക്ഷികളുമായി തട്ടിച്ചു നോക്കുമ്പോൾ കോണ്‍ഗസ് പാർട്ടി തന്നെയായിരുന്നു എക്കാലത്തും ഇന്ത്യയുടെ പുരോഗതിയിലും ജനങ്ങളുടെ സുരക്ഷയിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ടായിരുന്നത് എന്നുള്ളതിൽ സംശയം വേണ്ട. അത് കൊണ്ട് തന്നെയാണ് ഈ വലിയ രാജ്യം ഇന്നും നില നിൽക്കുന്നതും വലിയ രീതിയിൽ പരാതിയോ പരിഭവമോ ഇല്ലാതെ ഇവിടത്തെ ജനങ്ങൾ ജീവിച്ചു പോകുന്നതും. എന്നാൽ ഈയിടെയായി വികസനപ്രവർത്തനങ്ങൾക്കും ജനനന്മക്കും വേണ്ടി ഖജനാവിൽ നിന്നും അനുവദിക്കുന്ന കോടികണക്കിന് രൂപയുടെ നൂറിൽ പത്തു ശതമാനം പൊലും ശരിയായ രീതിയിൽ വിനിയോഗിച്ചു പുരോഗമന പ്രവർത്തനങ്ങൾ നടത്തുകയോ, അർഹതയുള്ള കൈകളിൽ എത്തിച്ചു ജനങ്ങളുടെ വിഷമതകൾ പരിഹരിക്കുകയോ ചെയ്യുന്നില്ല. അനുവദിച്ച തുകയുടെ അമ്പത് ശതമാനം മന്ത്രി മന്ദിരത്തിൽ വെച്ച് പങ്കിട്ടെടുക്കുമ്പോൾ നാൽപ്പതു ശതമാനം ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പെട്ടികളിലേക്കും കുത്തി നിറക്കുന്നു. ബാക്കി വരുന്ന പത്തു ശതമാനം ആണ് ഇന്ത്യ എന്ന മഹാരാജ്യത്തിന് ഊർജ്ജം പകരുന്നത്. ഈ പത്തു ശതമാനത്തിൻറെ സ്ഥാനത്ത് നൂറു ശതമാനവും ശരിയായ രീതിയിൽ വിനിയോഗിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഒരു മഹാത്ഭുതമായി മാറുമായിരുന്നു !

ആം ആദ്മി  പാർട്ടി ഉയർത്തി പിടിച്ച മുദ്രാവാക്യം അഴിമതി തുടച്ചു നീക്കുക എന്നത് മാത്രമായിരുന്നു . അത് ഡൽഹിയിലെ ജനങ്ങൾ ശ്രദ്ധിച്ചു അവർക്ക് അനുകൂലമായി വിധിയെഴുതി. ഈ ഒരു വിധിയിലൂടെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും മനസാണ് തുറന്നു കാണിക്കപെട്ടത്, അതായത് ഷീല ദീക്ഷിത്തിനെ പോലെ എത്ര തന്നെ വികസന പ്രവർത്തനങ്ങൾ നടത്തിയാലും , മൻമോഹനെ പോലെ എത്ര തന്നെ ജനക്ഷേമ പദ്ധതികൾ നടത്തിയാലും അഴിമതി കൂടെ ഉണ്ടെങ്കിൽ ജനങ്ങൾ പൊറുക്കില്ലാ എന്ന വ്യക്തമായ സന്ദേശം. ഇനി അറിയേണ്ടത് അധികാരത്തിന്‍റെ ഭാഗമായി തീരുമ്പോൾ ആം ആദ്മി പാർട്ടി ഈ മുദ്രാവാക്യത്തിൽ നിന്നും മാറുമോ എന്നുള്ളതാണ്. മറ്റൊന്ന് ഡൽഹിയിൽ നിന്നും ഇന്ത്യയൊട്ടുക്ക് വ്യാപിക്കാൻ ഈ പാർട്ടിക്ക് എത്രത്തോളം കഴിയും എന്നുമുള്ളതാണ്. ഒരു പ്രാദേശിക പാർട്ടിയായി നില നിന്ന് വിലപേശുന്ന സാഹചര്യത്തിലേക്ക് ആം ആദ്മി പാർട്ടിയും പോകുമ്പോൾ അവർക്ക് വളർച്ച മുരടിക്കാൻ സാധ്യതയുണ്ട് . എന്നാൽ സോണിയാഗാന്ധി അരവിന്ദ് കേജരിവാളിനെ റോൾ മോഡൽ ആക്കി പ്രവർത്തിക്കുകയാണെങ്കിൽ ഒരു പക്ഷെ കോണ്‍ഗസ് പാർട്ടിയെ ശക്തമാക്കി തിരികെ കൊണ്ട് വരാൻ കഴിയും.അത്രക്കും ജനഹൃദയങ്ങളിൽ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യ ഒട്ടുക്കു വ്യാപിച്ചു കിടക്കുന്ന ഒരു മഹാ പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്‌. അതിനായി സോണിയ ആദ്യം ചെയ്യേണ്ടത് താൻ ഉൾപ്പെടെ ഒരൊറ്റ കോണ്‍ഗ്രസ്സുകാരും ഇനി ഖജനാവ് കൊള്ളയടിക്കില്ലായെന്നു ജനങ്ങളോട് തുറന്നു പറയുകയെന്നുള്ളതാണ്. ഇനിയും ഒരു അഴിമതിക്കാരാൻ കോണ്‍ഗ്രസ്സിൽ തലപൊക്കുകയാണെങ്കിൽ അത് എത്ര ഉന്നതനായാലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയം അന്ന് അവസാനിപ്പിക്കും എന്ന് ജനങ്ങൾക്ക്‌ ഉറപ്പു കൊടുക്കുകയും വേണം. ഇങ്ങിനെ ഒരു സദ്‌ഭരണത്തിന് തുടക്കം കുറിക്കാൻ കോണ്‍ഗ്രസിന് കഴിയുകയാണെങ്കിൽ ഇപ്പോഴും ജനങ്ങൾ തയ്യാറാണ് കോണ്‍ഗ്രസിനെ പിന്തുണക്കാൻ.

ഇങ്ങിനെ ശക്തമായി കോണ്‍ഗ്രസ്‌ തിരികെ വരികയാണെങ്കിൽ അധികാരത്തിൽ ഇരിക്കാൻ സഹായിക്കുന്ന ചെറു പാർട്ടികൾ കാലക്രമേണെ ഇല്ലാതാകുകയും ചെയ്യും. ഈ ചെറു പാർട്ടികൾ ആണല്ലോ കണക്കിൽ കണ്ടുപിടിക്കാത്തത്രയും സംഖ്യകൾ കട്ടു മുടിച്ച് കോണ്‍ഗ്രസ്‌ മന്ത്രിമാർക്ക് ആദ്യം മാതൃകയായത്… കോണ്‍ഗ്രസ്‌ ക്ഷീണിക്കുമ്പോൾ നാം കാണുന്നത് കേന്ദ്രത്തിൽ ഡി എം കെ പോലുള്ള പ്രാദേശിക കക്ഷികളുടെ മുന്നിൽ മുട്ട് മടക്കുന്ന പ്രധാനമന്ത്രിയെയും കേരളത്തിൽ ലീഗ് പോലുള്ള വർഗീയ കക്ഷികളുടെ മുന്നിൽ തല ചൊറിഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയെയും ഒക്കെയാണ്. ഇനിയും കോണ്‍ഗ്രസ്‌ നേതൃത്വത്തിന് നല്ല ബുദ്ധി തോന്നിയില്ലെങ്കിൽ വേദനയോടെ ആണെങ്കിലും എന്നെപോലെ ഒരുപാടുപേർ ആ വലിയ പ്രസ്ഥാനത്തിൽ നിന്നും പടിയിറങ്ങേണ്ടി വരും.

നാസിം മുഹമ്മദ് – അബുദാബി 

 

എഡിറ്റര്‍ : മുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകളും അഭിപ്രായങ്ങളുമായി ഇന്ത്യ ന്യൂസ്‌ 24.കോമിനു യാതൊരു ബന്ധവുമില്ല. അത് പരിപൂര്‍ണ്ണമായും ലേഖകന്‍റെ  മാത്രം അഭിപ്രായങ്ങളാണ്.

 

Leave a Reply