jio 800x100
jio 800x100
728-pixel-x-90
<< >>

ഒരു കനേഡിയന്‍ പ്രണയ കഥ…

കാനഡയില്‍ ഇപ്പോള്‍ അതി ശൈത്യമാണ്. അടുത്ത കാലം വരെ കേരളത്തിലെ തിയേറ്ററുകളിലും അതി ശൈത്യമായിരുന്നു. സാറ്റലൈറ്റ് റേറ്റിന്റെ മാത്രം പിന്‍ബലത്തില്‍ സിനിമകള്‍ പടച്ചു വിട്ടുകൊണ്ടിരുന്ന നിര്‍മ്മാതാക്കളും സംവിധായകരും മലയാള സിനിമാ വ്യവസായത്തെ കര കയറാനാകാത്ത ഒരു പ്രതിസന്ധിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. തിയേറ്ററില്‍ പരാജയമാകുന്ന സിനിമകള്‍ക്ക്‌ ടെലിവിഷനിലും പ്രേക്ഷകരുണ്ടാകില്ല എന്ന സത്യം ചാനലുടമകളും മനസിലാക്കിയ വര്‍ഷമായിരുന്നു 2013.ചാനലുകാരുടെ ഈ തിരിച്ചറിവിനെത്തുടര്‍ന്ന് നൂറു കണക്കിന് ചിത്രങ്ങളാണ് ഇന്ന് “പെട്ടിയില്‍ “വിശ്രമിക്കുന്നത്.ഒരു പക്ഷെ അവയില്‍ പലതും വെറുതേ നല്‍കിയാല്‍ പോലും ചാനലുകാര്‍ പ്രദര്‍ശിപ്പിക്കാനിടയില്ല.

ചാകര പോലെ വന്നു മറിയുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ക്കിടയില്‍പ്പെട്ടു ഒരു പിടി  നല്ല ചിത്രങ്ങളും ശ്വാസം മുട്ടി മരിക്കുകയായിരുന്നു 2013ല്‍ . ഈ പ്രളയത്തില്‍ ഏതു ചിത്രം തെരഞ്ഞെടുക്കണം എന്നറിയാതെ കുഴങ്ങിയ പ്രേക്ഷകന്‍ തിയേറ്ററിലേക്ക് വരാതായി, വിശിഷ്യ കുടുംബ പ്രേക്ഷകര്‍ . തിയേറ്റര്‍ കളക്ഷനിലൂടെ ഒരു നല്ല സിനിമ വിജയിച്ച കാലം ഓര്‍മ്മ മാത്രമായ കാലത്താണ് ദൃശ്യം എന്ന അത്ഭുതം സംഭവിച്ചത്. ദൃശ്യത്തിന്‍റെ അഭൂതപൂര്‍വമായ വിജയത്തിന്‍റെ മുന്നിലും പിടിച്ചു നിന്നൊരു ചിത്രം കൂടിയുണ്ട്, ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന അന്തിക്കാട്‌ – ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്‍റെ ഇന്‍ഡോ കനേഡിയന്‍ പ്രണയ ചിത്രം. ഈ രണ്ടു ചിത്രങ്ങളും കൂടി മലയാള സിനിമയ്ക്ക് തിരികെ നല്‍കിയത് ഒരു നവ വസന്തമാണ്. ഒപ്പം തിയേറ്ററില്‍ വിജയിച്ച ഈ സിനിമകള്‍ക്ക്‌ ബോണസായി മികച്ച സാറ്റലൈറ്റ് റേറ്റും ലഭിച്ചു. മികച്ച സിനിമകളെ മാത്രം പിന്തുണയ്ക്കാനുള്ള ചാനലുകളുടെ തീരുമാനം മലയാള സിനിമയ്ക്ക് ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രം മലയാള സിനിമയ്ക്കും ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സെന്ട്രല്‍ പിക്ച്ചേഴ്സിനും ഒപ്പം ഒരു പക്ഷെ അടുത്തകാലത്തായി  ക്ലീഷേ സിനിമകളുടെ വക്താവായി മാറുകയായിരുന്ന സത്യന്‍ അന്തിക്കാടിനും ഒരു പുനര്‍ജനിയായി മാറുകയാണ്.  കേരളത്തിലെ ഒരു തലമുറയെ സ്വാഭാവിക നര്‍മ്മം കൊണ്ട് ചിരിപ്പിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്ത നല്ല ചിത്രങ്ങളുടെ ഈ അമരക്കാരനു ഇക്ബാല്‍ കുറ്റിപ്പുറം എന്ന സര്‍ഗ്ഗധനനായ  എഴുത്തുകാരനെയും പുതുതലമുറയിലെ ഫഹദിനെയും കൂട്ട് കിട്ടിയപ്പോള്‍ ഒരു മികച്ച വിജയ ചിത്രം ഒരുക്കാനായി.

ഡയമണ്ട് നെക്കലേസില്‍ പ്രകടിപ്പിച്ച മികവു ഇന്ത്യന്‍ പ്രണയ കഥയിലും നില നിര്‍ത്തുവാന്‍ ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിനു കഴിഞ്ഞു.സൗമ്യനായ ഈ ഡോക്ടര്‍ക്ക് അടുത്തകാലത്ത്‌ ശ്രീനിവാസന് കൈമോശം വന്ന (?) ആക്ഷേപഹാസ്യത്തിന്‍റെ ചാട്ടുളി പ്രഹരം നടത്തുവാനും കഴിയുമെന്ന് പ്രണയകഥ തെളിയിച്ചു. ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാവണം എന്ന് സരസമായി “പഠിപ്പിക്കുന്നു” ഒരു ഇന്ത്യന്‍ പ്രണയകഥ. ഇന്ത്യന്‍ വേരുകളുള്ള കാനഡയില്‍ നിന്ന് വരുന്ന ഒരു പെണ്‍കുട്ടിയോടൊപ്പം (അമല പോള്‍) സഞ്ചരിച്ചു സ്വയം തിരിച്ചറിയുന്ന യുവ രാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്‍ത്ഥനായി  ഫഹദ് ഫാസില്‍ തിളങ്ങി. ശരിക്കും ഒരു ഇന്ത്യയെ കണ്ടെത്തലവുകയാണ് സിദ്ധാര്‍ഥനു അമലയുമൊത്തുള്ള യാത്രകള്‍ . ഗാന്ധിജിയും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ഇപ്പോഴും അപ്രസക്തമായിട്ടില്ല എന്ന് നായിക നായകനെ  ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് സംവിധായകന്‍ / രചയിതാവ്  പ്രേക്ഷകരോട് നടത്തുന്ന ഓര്‍മ്മപ്പെടുത്തലായും അനുഭവപ്പെടുന്നു.

ഫഹദിനെയും അമല പോളിനെയും കൂടാതെ ഇന്നസെന്റ്‌,ലക്ഷ്മി ഗോപാലസ്വാമി,പ്രകാശ്‌ ബാരെ, എം ജി ശശി,വത്സലാ മേനോന്‍,കൃഷ്ണ പ്രഭ തുടങ്ങിയവര്‍ തങ്ങളുടെ ഭാഗം മികവുറ്റതാക്കി. സത്യന്‍ അന്തിക്കാടിന്  മോഹന്‍ലാലിനും ജയറാമിനും ശേഷം മനസിനിനങ്ങിയ ഒരു നായകനെ -ഫഹദിലൂടെ- ലഭിച്ച ചിത്രം എന്ന നിലയ്ക്കായിരിക്കും ഇന്ത്യന്‍ പ്രണയ കഥയെ ഭാവിയില്‍ മലയാള സിനിമ അടയാളപ്പെടുത്തുക.

അടുത്തിടെ യുവ തലമുറ ചിത്രങ്ങളില്‍ നിന്നും അകന്നു നിന്നിരുന്ന കുടുംബ ബന്ധങ്ങളുടെ ഹൃദ്യതയും പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഏതാനും രംഗങ്ങളും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്, ഒപ്പം നനുത്ത പക്വതയാര്‍ന്ന പ്രണയവും ഈ പ്രണയകഥ നമുക്ക് സമ്മാനിക്കുന്നു.

SANU INDIANEWS24

Leave a Reply