നാഗ്പുര്‍: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംടെസ്റ്റിന്റെ മൂന്നാം ദിനം വിക്കറ്റെടുക്കുമ്പോള്‍ ജയത്തിന് മുമ്പേ നിരവധി നേട്ടങ്ങളാണ് ടീം ഇന്ത്യ കൈവരിച്ചിരിക്കുന്നത്. അതില്‍ ഒന്ന് ഒരിന്നിംഗ്സില്‍ നാല് ബാറ്റ്സ്മാന്മാര് സെഞ്ച്വറി നേടിയതാണ്. അപൂര്‍വ്വമായി സാധ്യമാകുന്ന ഈ നേട്ടം ഇന്ത്യയുടെ ബാറ്റിംഗ് നിര ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാംവട്ടമാണ് ഈ നേട്ടം കുറിച്ചത്.
ചേതേശ്വര്‍ പൂജാരയും മുരളി വിജയും നേരത്തെ സെഞ്ച്വറി നേടി മികച്ച തുടക്കം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ മിന്നല്‍ വേഗത്തിലുള്ള ബാറ്റിംഗിന് നാഗ്പുരിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സെഞ്ച്വറിയും കടന്ന് ഇരട്ടസെഞ്ച്വറിയിലേക്ക് ഇന്ത്യന്‍ നായകന് കുതിക്കുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മ്മയും സെഞ്ച്വറിയിലേക്ക് അടുത്തുകൊണ്ടിരുന്നു. ഇതോടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ നാലാമത്തെ ബാറ്റ്സ്മാനും സെഞ്ച്വറി നേടി.
17 ഫോറും രണ്ട് സിക്സുമടക്കം 267 പന്തില്‍ 213 റണ്‍സ് ആണ് ഇന്ത്യന്‍ നായകന് നേടിയത്. ഇന്ത്യന്‍ നായകന്റെ പ്രകടനത്തില്‍ ഇക്കുറി തകര്‍ന്നു വീണത് നിരവധി റെക്കോഡുകളാണ്. ക്യാപ്റ്റനായ ശേഷം ഏറ്റവും അധികം ഇരട്ട സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന് എന്ന ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ അഞ്ച് ഇരട്ട സെഞ്ച്വറി നേട്ടത്തിനൊപ്പമെത്തി. കോഹ്ലി തന്റെ കരിയറില്‍ ഏറ്റവും അധികം ഇരട്ട സെഞ്ച്വറികള്‍ നേടിയത് ക്യാപ്റ്റനായ ശേഷമാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും അധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡിന് കൂടി അര്‍ഹനായി. പത്ത് സെഞ്ച്വറിയാണ് കോഹ്ലി നേടിയത്.
നിരവധി നേട്ടങ്ങള്‍ കൊയ്തിരിക്കുന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തിങ്കളാഴ്ച്ച ക്രീസിലിറങ്ങുമ്പോള്‍ ഒമ്പത് വിക്കറ്റാണ് കൈയ്യിലുള്ളത്. 384 റണ്‍സ് നേടിയാലെ ലീഡ് ഒഴിവാക്കാനാകൂ. അപ്പോഴും ഇന്ത്യയ്ക്ക ഇനി ഒരിന്നിംഗ്സ് കൂടി ബാറ്റ് ചെയ്യാനവസരമുണ്ട്. ഇന്നും നാളെയും ഓള്‍ഔട്ടാകാതെ പിടിച്ചു നിന്ന് സമനിലയിലെത്തിച്ച് തോല്‍വി ഒഴിവാക്കുകയെന്നത് മാത്രമാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം. മറിച്ച് സംഭവിക്കണമെങ്കില്‍ അത്യപൂര്‍വ്വമായ അല്ഭുതങ്ങള് സംഭവിക്കണം.
INDIANEWS24.COM Sports Desk