ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രശസ്ത ഗായിക ബിയോണ്‍സെ നോവെല്‍സും പ്രണയത്തിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍. എന്നാല്‍, വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് അമേരിക്കന്‍ പത്രങ്ങള്‍. രഹസ്യകാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി സ്കൂട്ടറോടിച്ചു പോയി വിവാദത്തില്‍പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ഡേ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണ് ചൂടന്‍ വാര്‍ത്തയും ഫ്രഞ്ച്-അമേരിക്കന്‍ മാധ്യമങ്ങളുടെ വാക്ക്പയറ്റും.
കാമുകിയും നടിയുമായ ജൂലി ഗായറ്റിനെ കാണാന്‍ ഫ്രാങ്കോയിസ് ഒലാന്ഡേ പാതിരാത്രി സ്കൂട്ടറില്‍ ഹെല്‍മെറ്റും വെച്ച് ഏകനായി പോകുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ പാസ്കല്‍ റോസ്റ്റയിന് എന്ന ഫോട്ടോഗ്രാഫറാണ് ഒബാമ- ബിയോണ്‍സെ വാര്‍ത്തയ്ക്കു പിന്നിലും. ഒബാമയും ബിയോണ്‍സെയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന റോസ്റ്റയിന്റെ വെളിപ്പെടുത്തല്‍ ഒട്ടുമിക്ക ഫ്രഞ്ച് മാധ്യമങ്ങളും ആഘോഷപൂര്‍വ്വം കൊണ്ടാടി.
ഒബാമയും ഭാര്യ മിഷേലും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് അടുത്തിടെ അമേരിക്കന്‍ പാപ്പരാസി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസിഡന്റ് പദവിയില്‍ ഒബാമ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിവാഹമോചനത്തിന് ഇരുവരും ധാരണയായി എന്നായിരുന്നു വാര്‍ത്തകള്‍.
ഈ പശ്ചാത്തലത്തില്‍ റോസ്റ്റയിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായി. ചൊവ്വാഴ്ച അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്നും റോസ്റ്റയിന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. മാത്രമല്ല, വാര്‍ത്ത അസംബന്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും കരുത്തനായ രാജ്യത്തലവന് ഇങ്ങനെ പ്രേമിച്ചുനടക്കാന്‍ സമയം കിട്ടുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രതികരണം.
ബിയോണ്‍സെയുടെ ആരാധകനാണ് താനെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.