728-pixel-x-90-2-learn
728-pixel-x-90
<< >>

ഒണ്ടേരിയോ മിനിമം വേജ് 11 ഡോളര്‍ ആക്കി

ഒട്ടാവ: തൊഴിലാളികളുടെ മിനിമം വേജ് മണിക്കൂറില്‍ 11 ഡോളര്‍ ആക്കി ഉയര്‍ത്താന്‍ ഒണ്ടേരിയോ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ 10.25 ഡോളറില്‍നിന്ന് 75 സെന്റിന്‍റെ വര്‍ധന. ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍, വര്‍ധന തൊഴിലാളികളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമല്ലെന്നു കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷമാണ് ഒണ്ടേരിയോയില്‍ കൂലിവര്‍ധന നടപ്പാകുന്നത്.

വിദ്യാര്‍ഥികള്‍, മദ്യം വിളമ്പുന്നവര്‍, ഹോംവര്‍ക്കര്‍മാര്‍ എന്നിവരുടെ മിനിമം വേജും വര്‍ധിപ്പിച്ചിട്ടുണ്ട്. മദ്യം വിളമ്പുന്നവര്‍ക്കാണ് നിലവില്‍ ഏറ്റവും കുറഞ്ഞ കൂലി.  8.90ല്‍നിന്ന് 9. 55. ഇവര്‍ക്ക് ടിപ്പ് കിട്ടും എന്നതാണ് ഇതിന് കാരണമായി പറയുന്നത്.
നാല് വര്‍ഷത്തിനിടെ ഉണ്ടായ പണപ്പെരുപ്പത്തിന് ആനുപാതികമായാണ് മിനിമം വേജില്‍ 75 സെന്റിന്‍റെ വര്‍ധന വരുത്തിയതെന്ന് ഒണ്ടേരിയോ പ്രിമിയര്‍ കാത്ലീന്‍ വിന്‍ അവകാശപ്പെട്ടു. മിനിമം വേജ് 14 ഡോളര്‍ ആക്കണമെന്നായിരുന്നു തൊഴിലാളിസംഘടനകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആവശ്യം.  എന്നാല്‍ ഇത് വ്യാവസായികരംഗത്തെ ദോഷകരമായി ബാധിക്കുമെന്നും തൊഴില്‍നഷ്ടം സൃഷ്ടിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ വാദം.
ഭാവിയില്‍ പണപ്പെരുപ്പത്തിന് അനുസൃതമായി മിനിമം വേജ് വര്‍ധിപ്പിക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരുമെന്ന് കാത് ലീന്‍ വിന്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ച് ഒക്ടോബര്‍ ഒന്നിന് നടപ്പിലാകുന്ന വിധത്തില്‍ ആയിരിക്കും ഇത്.
അതേസമയം, നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കൂലിവര്‍ധന തൊഴിലാളികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍പോലും പര്യാപ്തമല്ലെന്ന് തൊഴിലാളിസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യരേഖയ്ക്ക് 16 ശതമാനം താഴെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 11 ഡോളര്‍ എന്ന് അവര്‍ പറഞ്ഞു.
അതേസമയം, വര്‍ധനക്കെതിരെ വ്യാവസായിക ഗ്രൂപ്പുകള്‍ രംഗത്ത്‌ വന്നിട്ടുണ്ട്. ചെറുകിടവ്യവസായങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ വാദം. അടച്ചുപൂട്ടലുകളോ, തൊഴില്‍സമയം കുറയുന്നതിലേക്കോ ഇത് വഴിവെക്കുമെന്നും അവര്‍ പറയുന്നു.

Leave a Reply