728-pixel-x-90-2-learn
728-pixel-x-90
<< >>

ഒണ്ടാരിയോയില്‍ കുറഞ്ഞ വേതനം 15 ഡോളറാക്കും

ടൊറന്റോ: കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയില്‍ കുറഞ്ഞ കൂലി മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തും. ഒണ്ടാരിയോ പ്രിമിയര്‍ കാതറിന്‍ വൈന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വേതനനിരക്ക്‌ 2019 ജനുവരി ഒന്നിന് നിലവില്‍ വരും. രോഗം കാരണം വേണ്ടിവരുന്ന അടിയന്തര അവധികളുടെ കാര്യത്തിലും തൊഴിലാളികള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളായിട്ടാകും കുറഞ്ഞ വേതനം പുതുക്കുക. നിലവില്‍ മണിക്കൂറിനു 11.40 ആണ് കുറഞ്ഞ വേതനം. 2018 ജനുവരി ഒന്നിന് ഇത് മണിക്കൂറിന് 14 ഡോളറാകും. 2019 ജനുവരി ഒന്നിന് 15 ഡോളറും. തുടര്‍ന്നു നാണയപ്പെരുപ്പത്തിന് ആനുപാതികമായി ഓരോ വര്‍ഷവും വേതനം ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരേ തൊഴിലുടമയുടെ കീഴില്‍ അഞ്ച് വര്‍ഷത്തിലേറെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് ആഴ്ച അവധി എന്ന നിയമവും വേതനപരിഷ്കരണത്തോടൊപ്പം നടപ്പാകും. എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ 10 അടിയന്തര അവധികള്‍, ഇതില്‍ രണ്ടെണ്ണമെങ്കിലും വേതനത്തോടുകൂടി എന്നീ മാറ്റങ്ങളും കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയില്‍ കുറഞ്ഞ വേതനം 15 ഡോളറാക്കുന്ന രണ്ടാമത്തെ പ്രവിശ്യയാണ് ഒണ്ടാരിയോ. ആല്‍ബര്‍ട്ട കുറഞ്ഞ കൂലി 15 ഡോളറാക്കി 2016 സെപ്റ്റംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് 2018 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
നിലവില്‍ സസ്കാച്യൂനിലാണ് കാനഡയിലെ ഏറ്റവും കുറഞ്ഞ വേതനം, 10.72 ഡോളര്‍. 13 ഡോളര്‍ നല്‍കുന്ന നുനെവോട്ടിലാണ് കൂടിയ കൂലി.

Leave a Reply