ടൊറന്റോ: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ടൊറന്റോ ഉള്‍പ്പെടെ ഒണ്ടാരിയോയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും പൊതുവേ മെച്ചപ്പെട്ട കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണോ എന്ന് ഇന്നറിയാം. ഒണ്ടാരിയോ, ക്യുബക്. മാരിടൈംസ് എന്നിവിടങ്ങളില്‍ ഈ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും മഞ്ഞുവീഴ്ചയും ഉണ്ടായേക്കുമെന്ന് എന്വയേണ്മെന്റ് കാനഡ മുന്നറിയിപ്പ് നല്കുന്നു. ചില സ്ഥലങ്ങളില്‍ ഫ്രീസിംഗ് റെയിന്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
അമേരിക്കന്‍ തീരത്ത് ഉണ്ടായി വടക്കോട്ട് നീങ്ങുന്ന ന്യൂനമര്‍ദ്ദമാണ് മുന്നറിയിപ്പിന് കാരണം. ന്യൂനമര്‍ദ്ദം ബുധനാഴ്ച രാത്രിയോടെ ക്യുബക്കിന്റെ തെക്കന്‍പ്രദേശങ്ങളില്‍ എത്തുമെന്നാണ് കരുതുന്നത്. ക്യുബക്കിനു പുറമേ മാരിടൈംസിലും ഒണ്ടാരിയോയിലും ശക്തമായ കാറ്റും മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാം. എന്നാല്‍ കാറ്റിന്റെസഞ്ചാരപഥം ഇപ്പോഴും വ്യക്തമായിട്ടില്ലാത്തതിനാല്‍ ഏതൊക്കെ പ്രദേശങ്ങളെയാകും കൂടുതല്‍ ബാധിക്കുക എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.