728-pixel-x-90-2-learn
728-pixel-x-90
<< >>

ഒക്ടോബർ 7ന് കേരളത്തില്‍ അതി തീവ്ര മഴയ്ക്കും അറബിക്കടലില്‍ ചുഴലിക്കാറ്റിനും സാധ്യത.ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായി ശ്രീലങ്കയ്ക്ക് സമീപം  ഒക്ടോബർ 5ഓടു കൂടി ശക്തമായ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിക്കുന്നു. ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടൽ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.

കേരളത്തിൽ പലയിടങ്ങളിലും ശക്തവും, അതി ശക്തവും, അതി തീവ്രവുമായ (Heavy, Very Heavy, Extremely Heavy) മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഒക്ടോബർ 7 ന് മധ്യ കേരളത്തിൽ (ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ) IMD റെഡ് അലര്‍ട്ടും, പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 7ന് ഓറഞ്ച് അലേർട്ടും, പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയാണ് ഇവിടങ്ങളില്‍  പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 5നോട് കൂടി തന്നെ കേരളത്തിൽ പരക്കെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര ഒഴിവാക്കുക

3. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്ത്തരരുത്.

4. മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. നീല കുറിഞ്ഞി സന്ദര്‍ശനം ഒഴിവാക്കുക.

5. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്

7. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

8. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

9. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

10. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.
ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:
- ടോര്‍ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS ഒരു പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന്‍ ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
- അത്യാവശ്യം കുറച്ച് പണം

11. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

12. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.

13. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

14. തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഒക്ടോബര്‍ 5 ആം തീയതി മുതല്‍ മുന്‍പ് പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ച സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

15. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതാഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

16. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പര്‍ : 1077

ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ STD code ചേര്‍ക്കുക

17. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

18. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.

19. വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.

20. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.

21. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.

22. താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

23. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

24. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

Issued by Kerala State Disaster Management Authority

 

 

Leave a Reply