jio 800x100
jio 800x100
728-pixel-x-90
<< >>

ഐ വി ശശി ശക്തമായി പ്രതികരിക്കുന്നു, ഇന്ത്യാ ന്യൂസ്‌ 24 ലൂടെ

തന്റെ പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയുടെ സര്‍വ്വകാല ഹിറ്റ്‌ മേക്കര്‍ ഐ വി ശശി ഇന്ത്യാ ന്യൂസ് 24ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും.


IV SASI 2രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മകൾ കണ്ടു ഒന്നും പ്രതികരിക്കാനാവുന്നില്ല.കടകളി
ലും കവലകളിലും കൂട്ടം കൂടി നിന്ന് മുറുമുറുത്തും പൊട്ടിയും ചീറ്റിയും പരസ്പരം പഴി പറഞ്ഞും സ്വയം സമാധാനപ്പെട്ട് സുനാമി പോലെ വില കുതിച്ചു കയറിയ വിഷ പച്ചക്കറിയും അരി സാമാനങ്ങളും വാങ്ങി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വീട്ടിൽ എത്തുന്നതോട് കൂടി ഒരു മലയാളിയുടെ രാഷ്ട്രീയ ചിന്തകൾക്ക് തൽക്കാലം അറുതി വരുന്നു.പിന്നെ ടി വി യിലെ അലക്കി അലക്കി നരച്ച രാഷ്ട്രീയ ചർച്ചയും കൂടിയാകുമ്പോൾ പകുതി ദഹിച്ചവ തികട്ടി വരും വായിലേക്ക്.ഇത് ഒരു പതിവ് ദിനചര്യ ആയി തീർന്നു മലയാളിക്ക്.ഇപ്പോൾ കോടികളുടെ കുംഭ കോണ കണക്കു നിരത്തിയാലും മലയാളിയുടെ മുഖത്തിനു നിറം തുടിക്കാറില്ല.ഒരു തരം വെള്ള പാണ്ട് പിടിച്ച പോലെ. 

പക്ഷെ അവർ ചിലപ്പോൾ ചിരിക്കാറുണ്ട് .അത് പലപ്പോഴും തീയേ റ്ററിൽ എത്തുമ്പോൾ മാത്രം.സിനിമയിലെ നായകൻ, രാഷ്ട്രീയ പ്രഭ്രുതിതികൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ മാത്രം. ആ ചിരി അവരുടെ മനസിനകത്ത് അടിഞ്ഞു കൂടിക്കിടക്കുന്ന പ്രതിഷേധ കടലിരമ്പലാണ്.കുറെ കാലമായി ആ ഇരമ്പലുകളുടെ ഇലയനക്കം നിലച്ചിട്ട്.വീണ്ടും അതിനു ഒരു ജീവൻ കൊടുക്കുകയാണ് ഐ വി ശശി എന്ന സംവിധായകൻ.ഒരു കാലത്ത് വാർത്ത,ഈ നാട് എന്നീ സിനിമകളിലെ രാഷ്ട്രീയ സംഘർഷങ്ങൾ പ്രേക്ഷകരെ കിടിലം കൊള്ളിച്ചിരുന്നു .അതിന്റെ  ശക്തി ഒട്ടും  ചോരാതെ വീണ്ടും പുതിയൊരു രാഷ്ട്രീയ ചിത്രവുമായി ഐ വി ശശി എത്തുകയാണ്.പല പ്രത്യേകതകളും ഈ ചിത്രത്തിനുണ്ടാവും.

ഇപ്പോൾ രാഷ്ട്രീയസിനിമയുടെ പ്രസക്തി എന്താണ്? 

അതിനു മാത്രമേ പ്രസക്തി ഉള്ളൂ.ചുറ്റിലും നടക്കുന്നത് എല്ലാവരും കാണുന്നില്ലേ?എന്തൊരു വിരോധാഭാസമാണ്.എങ്ങനെ ഇതിനെതിരെ പ്രതികരിക്കാതിരിക്കും.വെറും രാഷ്ട്രീയ സിനിമ മാത്രമല്ല അടുത്തത്.പക്ഷെ രാഷ്ട്രീയം നന്നായി പറയുന്നുണ്ട് .ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്‌ തന്നെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്ന ഒരാളാണ്.അയാൾ ഇപ്പോൾ ഒരു ഐ എ എസ് കാരനാണ്.ഒരു മന്ത്രിയുടെ കൂടെ കുറെ കാലം ഉണ്ടായിരുന്നു.ആ കാലഘട്ടത്തിൽ അയാൾ നേരിൽ കണ്ടതും അനുഭവിച്ചതും ആയ കാര്യങ്ങൾ ആണ് സിനിമയിൽ പറയുന്നത്‌.അപ്പോൾ തന്നെ മനസിലായില്ലേ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന്. 
ഇത് ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കും . 


ചോദ്യം: ആദ്യ സിനിമ ചെയ്തത് 27-ാം വയസിലാണല്ലോ. പക്ഷേ സംവിധായകന്റെ പേര് ഉണ്ടായിരുന്നില്ല. എന്തായിരുന്നു അന്ന്ശരിക്കും സംഭവിച്ചത്? 

ഉ: അന്ന് അങ്ങനെ സംഭവിച്ചു. രണ്ടു പടങ്ങൾ എന്റെ പേരില്ലാതെ ഞാൻ സംവിധാനം ചെയ്തു. എന്നെ നിർബന്ധിച്ച് രണ്ട് പടങ്ങളും സംവിധാനം ചെയ്യിച്ചത് കമലഹാസനാണ്. ഞങ്ങളെല്ലാം വലിയ കൂട്ടാണ്. ആ സിനിമ ക്രിസ്ത്യൻ നാഷണൽ കമ്പനിക്കു വേണ്ടി ഫാ. സുവിയുടെ പേരിലാണ് ആ സിനിമകൾ വന്നത്. സുവിശേഷ പുത്രൻ എന്നാണ് മുഴുവൻ പേര്. അതിൽ ആദ്യം ആർട്ട് ഡയറക്ടറായാണ് ഞാൻ എത്തിയത്. കാറ്റ് വിതച്ചവൻ എന്നാണ് സിനിമയുടെ പേര്. വിജയനിർമ്മല ആയിരുന്നു നായിക. അവർ അന്നത്തെ വലിയ സ്റ്റാർ ആണ്. അവർക്ക് പിന്നീട് പടം സംവിധാനം ചെയ്യാൻ ആഗ്രഹം. അവർ എന്നെ സമീപിച്ചു. കാശ് കിട്ടുന്ന കാര്യമായതിനാൽ ഞാൻ സമ്മതിച്ചു. രണ്ടാമത്തെ പടം ‘കവിത” എന്ന പേരിൽ ഞാൻ സംവിധാനം ചെയ്തു കൊടുത്തു. ഈ സിനിമയിൽ എന്റെ പേര് നിർമ്മാതാവിന്റെ സ്ഥാനത്താണുള്ളത്. നിർമ്മാതാവിന്റെ പേര് സംവിധായകന്റെ സ്ഥാനത്തും. അന്നത്തെ ആദ്യത്തെ ഏറ്റവും നല്ല വനിതാ സംവിധായികയ്ക്കുള്ള അവാർഡ് വിജയനിർമ്മല ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് ആസിനിമ തെലുങ്കിൽ നിർമ്മിച്ചു. അതും ഞാൻ തന്നെയാണ് ചെയ്തത്. വലിയ ആർട്ടിസ്റ്റുകളെ വച്ചാണ് ചെയ്തത്. അതും ഹിറ്റായി. വിജയ നിർമ്മല പോപ്പുലർ സംവിധായിക ആയി. 
പിന്നീട് എന്റെ പേരിൽ വന്ന സിനിമയാണ് ഉത്സവം. ഉത്സവം എന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിച്ചതാണ്. അതും ഹിറ്റായി. അതുകൊണ്ടാണ് ഞാനിവിടെ ഇപ്പോഴും നിലനിൽക്കുന്നത്. അന്നത്തെ സ്ഥിരം കഥകളിൽ നിന്ന് വ്യത്യസ്തമായി കഥ പറഞ്ഞതുകൊണ്ടാണ് ഉത്സവം ഹിറ്റായത്. കെച്ചിയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപ്. പക്ഷേ, അവിടെ കുടിക്കാൻ ഒരിറ്റ് വെള്ളം പോലും ഇല്ലാത്ത അവസ്ഥ. ഒരിക്കൽ ഞാനതുവഴി യാത്ര ചെയ്തപ്പോൾ കണ്ട കാഴ്ചയിൽ നിന്നാണ് ഈ സിനിമ ജനിച്ചത്. വിപിൻദാസായിരുന്നു ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. വിപിൻദാസുമായി രസകരമായ മറ്റൊരു സംഗതിയുണ്ട്. വിപിൻ രണ്ട് പടം ഡയറക്ട് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ ഞാനാണ് കാമറ കൈകാര്യം ചെയ്തത്. ഞാൻ ആദ്യം കാമറാമാനായാണ് ഫിലിം ഇൻഡസ്ട്രിയിൽ വന്നത്.പിന്നീട് ഞാൻ ഡയറക്ട് ചെയ്ത സിനിമയിൽ വിപിൻദാസ് കാമറ ചെയ്തു. I V SASI 3


? താങ്കളുടെ മിക്ക ചിത്രങ്ങളും മാസ് പടങ്ങളാണ്. ക്രൗഡ് പുള്ളിംഗ് സ്റ്റോറീസ്. എന്നാൽ, വെള്ളത്തൂവൽ വ്യക്ത്യാധിഷ്ഠിത കഥയിലേക്ക് ചുരുങ്ങിയപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയില്ല എന്നു തോന്നി. വമ്പൻ സിനിമകളുടെ വക്താവ് മാത്രമാണോ ഐ.വി. ശശിയെന്ന സംവിധായകൻ. 

വെള്ളത്തൂവൽ ഒരു നല്ല ചിത്രമായിരുന്നു എന്നാണ് എന്റെ കണക്കുകൂട്ടൽ. പക്ഷേ, തിയേറ്ററിൽ മാസ് പടം പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരുടെ കണക്കുകൂട്ടൽ തെറ്റി. എന്നിൽ, നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചത് അത്തരം സിനിമകളാണ്. ഒരുപക്ഷേ, എന്റെ പേരിൽ അല്ലായിരുന്നെങ്കിൽ ആ സിനിമ പ്രേക്ഷകർ സ്വീകരിച്ചേനെ. ചിത്രത്തിന്റെ ഒരു സിഡി പോലും ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. കാരണം എന്താണെന്ന് അറിയാമോ? സിഡി ഇറങ്ങിയ ഉടൻ തന്നെ മുഴുവനും വിറ്റുപോയിരുന്നു. പിന്നീട് അത്തരം കഥതുമായി പലരും എന്നെ സമീപിച്ചിരുന്നു. ഞാൻ ഒഴിഞ്ഞുമാറി. 

വെള്ളത്തൂവൽ റിലീസിംഗ് സമയത്താണെന്ന് തോന്നുന്നു താങ്കൾ ഒരു പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞതായി കണ്ടു, ഒന്നും കാണാതെയുള്ള എടുത്തുചാട്ടമാണ് ഇപ്പോഴത്തെ തലമുറയുടേതെന്ന്. ആ ഒരു നിലപാടാണോ ഇപ്പോഴും താങ്കൾക്ക് പുതു തലമുറയോടുള്ളത്? 

ഹേയ് ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ല. ഞാൻ അങ്ങനെ ഒരു ഇന്റർവ്യൂ കൊടുത്തിട്ടുമില്ല. സാധാരണ ഞാൻ ഇതിൽ കൂടുതൽ താത്പര്യമില്ലാത്ത ആളാണ്. അത്തരം നിലപാടുകൾ ഒന്നും ഇല്ല. 

? ന്യൂജനറേഷൻ സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം. 

ഇപ്പോഴിറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രം ന്യൂജനറേഷൻ സിനിമയാണ്. അത് നല്ല മനോഹരമായ ചിത്രമാണ്, ക്രാഫ്ടുണ്ട്, ഗ്രാമറുണ്ട്. പക്ഷേ, ഞാൻ കണ്ട മറ്റ് ന്യൂജൻ സിനിമകൾ ഒന്നും എനിക്ക് അഭിപ്രായമില്ലാത്ത ചിത്രങ്ങളാണ്. കുറേ തെറി പറയുക, കാണിക്കാൻ പാ‌ടില്ലാത്തത് കാണിക്കുക, ഇതാണോ ന്യൂജനറേഷൻ? 

? ഇപ്പോഴത്തെ ട്രെൻഡ് ന്യൂജനറേഷൻ 


അത്തരം ഏത് സിനിമയാണ് തിയേറ്ററിൽ ഓടിയത്? ഓടിയ പടം ഏതെന്ന് ഒന്ന് പറയൂ. ആരെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? 

? താങ്കളുടെ രാഷ്ട്രീയ സിനിമകളാണ് വാർത്ത, ഈനാട് എന്നിവ. ഇതിൽ പറയുന്ന പല അനുഭവങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. മദ്യം, കോഴ, അഴിമതിയൊക്കെ… ഇക്കഴിഞ്ഞ ദിവസവും അതിന്റെ തുടർച്ചയാണ് നിയമസഭയിൽ നടന്ന കോലാഹലം. അത്തരം സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു

ഇത് വല്ലാത്ത നാണക്കേടായിപ്പോയി കേരളത്തിന്. എന്താപറയുക, വ്യക്തിപരമായി എനിക്ക് ഇത്തരം കാര്യങ്ങളോട് താത്പര്യമില്ല. പക്ഷേ, എന്റെ സഹോദരൻ ഒരു രാഷ്ട്രീയക്കാരനാണ്. ഞാൻ ഒന്നിനെയും സപ്പോർട്ട് ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റായാലും കോൺഗ്രസായാലും. എന്റെ ചിത്രങ്ങൾ എടുത്തു നോക്കൂ, ഒരു ചായ്ടവും ഉണ്ടാവില്ല.നാട്ടിലെ നല്ല കമ്മ്യൂണിസ്റ്റായാണ് ബാലൻ കെ. നായരുടെ കഥാപാത്രം. പക്ഷേ, അയാൾ കാണിക്കുന്നത് മുഴുവൻ അഴിമതിയാണ്. അന്ന് ഭരിച്ചുകൊണ്ടിരുന്നതും കമ്മ്യൂണിസ്റ്റ് ഗവൺമെന്റായിരുന്നു. എത്രവർഷം കഴിഞ്ഞാലും രാഷ്ട്രീയക്കാരുടെ സ്വഭാവം മാറുന്നില്ല. മദ്യം, കോഴ, അഴിമതി ഇവയിൽ രാഷ്ട്രീയക്കാരുടെ നിലപാട് ഇപ്പോഴും ഒന്നുതന്നെ.

? താങ്കളുടെ അടുത്ത സിനിമയും രാഷ്ട്രീയ സിനിമ ആണെങ്കിൽ ഈ വിഷയമായിരിക്കുമോ ചർച്ച ചെയ്യുക? 

രാഷ്ട്രീയ സിനിമയല്ല അടുത്തത്. പക്ഷേ രാഷ്ട്രീയമുണ്ട്. ഈ സിനിമ എഴുതുന്നത് നേരത്തെ പറഞ്ഞതു പോലെ സെക്രട്ടേറിയറ്റുമായി അടുത്ത ബന്ധമുള്ള ഒരു ഐ.എ.എസുകാരനാണ്.അയാൾ ദിവസവും കണ്ട് മനം മടുത്ത അഴിമതിയും അക്രമവും എല്ലാം ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ മനസിലായിട്ടുണ്ടാകുമല്ലോ കഥ ഏത് രീതിയിലുള്ളതാണെന്ന്. ഏകദേശം എഴുതിത്തീർന്നു. ഇനി ക്ളൈമാക്സ് മാത്രമേ ബാക്കിയുള്ളൂ.

? ന്യൂജനറേഷൻ സിനിമാ പ്രവർത്തകർ മയക്കുമരുന്നിനും കഞ്ചാവിനും അടിമയാണ്. ഈയടുത്ത് കൊച്ചിയിൽ നടന്ന സ്മോക്ക് പാർട്ടിയും പൊലീസ് അറസ്റ്റും പൊതുജന മദ്ധ്യത്തിൽ എത്തിയിരിക്കുകയാണ്. ഈ ലഹരിയെ സിനിമാരംഗത്തുനിന്ന് ഉന്മൂലനം ചെയ്യാൻ പറ്റുമോ. 

ഒരിക്കലുമില്ല. മദ്യം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും അവനവന്റെ ഇഷ്ടമല്ലേ. അത് മാറ്റാനൊന്നും പറ്റില്ല. അതല്ലേ സുധീരൻ ഈയിടയ്ക്ക് പരാതി പറഞ്ഞത്. മദ്യം കുടിക്കാൻ ആഗ്രഹമുള്ളവൻ അത് കുടിച്ചിരിക്കും. കൊടുത്തില്ലെങ്കിൽ വേറെ എന്തെങ്കിലും വഴി കണ്ടെത്തും. അപ്പോൾ മരണങ്ങൾ കൂടും.മറ്റേതെങ്കിലും രാജ്യങ്ങളിൽ ഇങ്ങനെ മദ്യം നിരോധിച്ചിട്ടുണ്ടോ?ഇല്ലല്ലോ? അവിടങ്ങളിൽ വെള്ളം കിട്ടാൻ പ്രയാസമുണ്ടാകും. നല്ല മദ്യം സുലഭമായി കിട്ടും. പ്രത്യേകിച്ച് ഓസ്ട്രേലിയയിലൊക്കെ. അതുകൊണ്ട് തന്നെ അവിടെ ആക്രമണങ്ങളൊന്നുമില്ല. മദ്യം കഴിച്ച് ദുരന്തമുണ്ടാവുന്നില്ല. ഇവിടെ അനാവശ്യ നിയന്ത്രണങ്ങളാണ്. കുട്ടികളാണെങ്കിലും എന്തായാലും ശരി അവരെ നിയന്ത്രിക്കുമ്പോഴാണ് അവർ പ്രതികരിക്കുന്നത്.


? അപ്പോൾ ഒരുതരത്തിലും നിയന്ത്രണങ്ങൾ വേണ്ട എന്നാണോ ഉദ്ദേശിക്കുന്നത്. 

നിയന്ത്രണങ്ങൾ വേണം. അത് ഒരു ലിമിറ്റോടെ. അത് ചെയ്യാൻ പാടില്ല, ഇത് ചെയ്യാൻ പാടില്ല, അപ്പോൾ അവർ തിരിച്ച് ചോദിക്കും, എന്താ ചെയ്താൽ. നേരേമറിച്ച് അവരെ സ്വതന്ത്രമായി വിടൂ. അവർ നടക്കട്ടെ. അവർ നടക്കട്ടെ. അവർ ഒന്നും ചെയ്യില്ല. എന്റെ അനുഭവമാണത്. നമ്മൾ തടഞ്ഞാൽ അത് എതിരായി തിരിക്കും. 

? അതാണോ ചുംബന സമരം തെരുവിലെത്താൻ കാരണം. 

ഇപ്പറഞ്ഞതിന്റെ പ്രതിഫലനമാണ് ചുംബനവും സമരവുമെല്ലാം. എന്തിന് അവരുടെ പിന്നാലെ പോകുന്നു? വേണമെങ്കിൽ അവരത് ചെയ്യട്ടെ. ചെയ്യാതിരിക്കട്ടെ. മറ്റൊരു കാര്യം, ഞാൻ എന്റെ 10 വയസിൽ ചിന്തിച്ച പോലെയല്ല ഇപ്പോഴത്തെ അഞ്ചുവയസുകാരൻ ചിന്തിക്കുന്നത്. അവന് പഠിക്കാനുള്ള അവസരമുണ്ട്. വീഡിയോ ആയിട്ടും ടിവിയായിട്ടും ഇന്റർനെറ്റായും ഒക്കെ. അന്ന് ഒന്നര വയസിലൊന്നും ഒരു വിവരവും ഉണ്ടാവില്ല. പക്ഷേ, ഇന്ന് എന്റെ പേരക്കുട്ടി, അവൻ ചെയ്യുന്നത് കണ്ടാൽ അതിശയിക്കും. ഇത് ആരും പറഞ്ഞുകൊടുക്കുന്നതല്ല. അവരുടെ ബ്രെയിൻ അങ്ങനെയാണ് ഫീഡ് ചെയ്ത് വരുന്നത്. അങ്ങനെയുള്ളവരെ ഫ്രീയായി വിട്ടേക്കണം. അവർ തെറ്റ് ചെയ്താൽ ഒരു പ്രാവശ്യം പറയാം. അല്ലെങ്കിൽ രണ്ടുപ്രാവശ്യം. അല്ലാത്ത കുട്ടികളുണ്ട്. ക്രിമിനൽ മൈൻഡ് ബ്രെയിനിൽ ബൈബർത്തായി ഉണ്ടാവുന്നുണ്ട്. പക്ഷേ അത് ഏത് രീതിയിൽ പോയാലും ആ സ്വഭാവം കാണിച്ചിരിക്കും. 

? ഇന്നത്തെ തലമുറ ശരിയായ ദിശയിലാണോ. 

ശരിയായ ദിശയിലാവാത്തതിന്റെ കാരണങ്ങളാണ് ഞാൻ പറയുന്നത്. അവർക്ക് ചിന്തിക്കാനുള്ളകഴിവുണ്ട്. നിങ്ങളുടെ മകനെ എഴുത്തുകാരനാക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ച് ആ വഴി നടത്തിയാൽ അവൻ എഴുത്തുകാരനാവുമോ, ഇല്ല. അവൻ അവന്റെ വഴി കണ്ടെത്തും. 

? താങ്കളുടെ പഴയ സിനിമകളായ അവളുടെ രാവുകൾ, ഇണ എന്നീ ചിത്രങ്ങൾ അഡൽട്ട് ഒൺലിയാണ്. അത്തരം സിനിമകൾ ഇനിയും താങ്കൾ ഒരുക്കുമോ? 

ഒരിക്കലും ഇനി ഞാൻ എടുക്കില്ല. 

? എന്തുകൊണ്ട് അത്തരം തീരുമാനം. 

വേണ്ടെന്ന് തോന്നിയതുകൊണ്ട് തന്നെ. കാരണം മറ്റൊന്നുമില്ല. ഇന്ന് അതിന് പ്രസക്തിയൊന്നുമില്ല. അന്ന് സെക്സ് കാണണമെങ്കിൽ തിയേറ്ററിൽ പോയേ പറ്റൂ. പക്ഷേ, ഇന്ന് അതിനുള്ള ആവശ്യമേയില്ല. വിരൽത്തുമ്പ് കൊണ്ട് അമർത്തിയാൽ ഏത് സെക്സ് വിഷ്വലുകളും കൺമുന്നിലെത്തും. പിന്നെന്തിന് അവൻ തിയേറ്ററിലേക്ക് ഓടണം? അത്തരം ചിത്രങ്ങളോട് കമ്മിറ്റ്മെന്റുകൾ ഇല്ല. 

? പുതിയ സിനിമകളെക്കുറിച്ച്. 

നല്ല സിനിമകളും ഉണ്ട്. നോക്കൂ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നല്ല ചിത്രത്തിനായുള്ള മത്സരത്തിലേക്ക് 27 ചിത്രങ്ങൾ എത്തി. വളരെ ദയനീയമായ അവസ്ഥയാണ് 7ഓളം ചിത്രങ്ങള്‍ മാത്രമേ അല്പമെങ്കിലും ഭേദം എന്ന് പറയാനാവൂ. സന്തോഷ് പണ്ഡിറ്റ് എന്ന് പറയുന്ന ആളുടെ ഒരു ചിത്രവും മത്സരത്തിന് എത്തി. ഇതിനെക്കുറിച്ചൊക്കെ എന്തുപറയാൻ? ശരാശരി ക്വാളിറ്റിയെങ്കിലും നിലനിറുത്തണ്ടേ? പലരും ശരാശരി സാങ്കേതിക നിലവാരം പുലർത്താതെയാണ് മത്സരത്തിന് എത്തിയത്. 7ഡിക്ക് താഴെ നിലവാരമുള്ള കാമറ കൊണ്ട് ചിത്രീകരിച്ച സിനിമകൾ വരെ മത്സരത്തിനുണ്ടായിരുന്നു. ഇനിയെങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു നിബന്ധന വച്ചേ പറ്റൂ.

അഭിമുഖം,ചിത്രങ്ങള്‍ : ജിതേഷ് ദാമോദര്‍ INDIANEWS24

Leave a Reply