jio 800x100
jio 800x100
728-pixel-x-90
<< >>

ഐ പി എൽ കിരീടം ചെന്നൈക്ക്, ധോണിക്ക് ചരിത്രനേട്ടം

ദുബായ്‌:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സമസ്ത മേഖലകളിലും തകർത്തു ചെന്നൈ സൂപ്പർ കിംഗ്സ് ഐ പി എൽ കിരീടം ചൂടി.ഒമ്പതാംതവണ ഫൈനലിലെത്തിയ ചെന്നൈ 2018, 2011, 2010 വർഷങ്ങളിൽ ജേതാക്കളായി. കൊൽക്കത്തയുടേത്‌ മൂന്നാം ഫൈനലാണ്‌. 2014ലും 2012ലും കപ്പ്‌ നേടി.

ആദ്യം ബാറ്റുചെയ്‌ത ചെന്നൈ നേടിയത്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 192 റൺ. ഡു പ്ലെസിസ്‌ 59 പന്തിൽ 86 റണ്ണടിച്ചു. ഏഴ്‌ ഫോറും മൂന്ന്‌ സിക്‌സറും അകമ്പടിയായി. ചെന്നെെ ഇന്നിങ്സിൽ ആകെ പത്ത് സിക്സറുകൾ പിറന്നു.

ചെന്നൈയുടേത്‌ മികച്ച തുടക്കമായിരുന്നു. ടോസ്‌ നേടി പന്തെറിയാൻ തീരുമാനിച്ച കൊൽക്കത്തയ്‌ക്ക്‌ ചെന്നൈ ഓപ്പണർമാരെ തളയ്‌ക്കാനായില്ല.  ഈ ഐപിഎലിൽ റൺവേട്ടയിൽ ഒന്നാമതെത്തിയ (635) ഓപ്പണർ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും  ഡു പ്ലെസിസും ഒന്നാം വിക്കറ്റിൽ 61 റൺ നേടി. സുനിൽ നരെയ്‌നിന്റെ പന്തിൽ ശിവം മാവി പിടിച്ച്‌ പുറത്താകുമ്പോൾ ഋതുരാജ്‌ 27 പന്തിൽ 32 റണ്ണെടുത്തു. അതിനിടെ, മൂന്ന്‌ ഫോറും ഒരു സിക്‌സറും കണ്ടെത്തി.

തകർത്തു ബാറ്റ്പ ചെയ്ത ഡു പ്ലെസിസിന്‌ മികച്ച പിന്തുണ നൽകി റോബിൻ ഉത്തപ്പ. ഇരുവരും ചേർന്ന്‌ അതിവേഗം സ്‌കോർ ഉയർത്തി. മുപ്പത്തിയേഴാം വയസ്സിലും ബാറ്റുകൊണ്ട്‌ മിന്നിച്ച ഡു പ്ലെസിസിനെ തടയാൻ കൊൽക്കത്ത പാടുപെട്ടു. 15 പന്തിൽ മൂന്ന്‌ സിക്‌സറിന്റെ അകമ്പടിയോടെ 31 റണ്ണടിച്ച്‌ ഉത്തപ്പ മടങ്ങുമ്പോൾ കളി ചെന്നൈയുടെ നിയന്ത്രണത്തിലായിരുന്നു. 63 റണ്ണാണ്‌ ഈ കൂട്ടുകെട്ടിന്റെ സംഭാവന. പിന്നാലെയെത്തിയ മൊയീൻ അലിയും മോശമാക്കിയില്ല. 20 പന്തിൽ 37 റണ്ണുമായി പുറത്താകാതെനിന്നു. അതിനിടെ, രണ്ട്‌ ഫോറും മൂന്ന്‌ സിക്‌സറും പായിച്ചു.

മാവിയുടെ അവസാന പന്തിൽ അതിർത്തിക്കരികെ വെങ്കിടേഷ്‌ അയ്യരാണ്‌ ഡു പ്ലെസിസിനെ മടക്കിയത്‌. നരെയ്‌ൻ രണ്ട്‌ വിക്കറ്റെടുത്തു.

ഐപിഎല്ലിൽ  ഒന്നാമതെത്തി ചെന്നൈ ഓപ്പണർ ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌. 16 കളിയിൽ 635 റണ്ണാണ്‌ സമ്പാദ്യം. ഫൈനലിൽ 32 റൺസ് നേടി.

പുണെയിൽനിന്നുള്ള ഈ ഇരുപത്തതിനാലുകാരൻ ഒരു സെഞ്ചുറിയും (101*) നാല്‌ അരസെഞ്ചുറിയും കണ്ടെത്തി. ചെന്നൈയുടെ മുന്നേറ്റത്തിൽ ഋതുരാജിന്റെ തകർപ്പൻ തുടക്കം നിർണായകമായി. ഇക്കുറി 64 ഫോറും 23 സിക്‌സറും കീശയിലാക്കി.

അതെ സമയം മറുപടി ബാറ്റിഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് കാലിടറി. ഒരു ഘട്ടത്തിലും ചെന്നൈയുടെ പടുകൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിക്കും എന്നു തോന്നിപ്പിക്കാൻ പോലും കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല.9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുക്കാനെ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. ചെന്നൈയുടെ കിരീട വിജയം 27 റൺസിനു!

INDIANEWS24 CRICKET DESK

Leave a Reply