ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) കോഴക്കേസില്‍ മലയാളി താരം എസ് ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ഡല്‍ഹിയിലെ കോടതി തള്ളിക്കളഞ്ഞു.ശ്രീശാന്ത് അടക്കം എല്ലാവരെയും കേസില്‍ വെറുതെ വിട്ടു.ഐപിഎല്‍ ആറാം സീസണില്‍ വാതുവയ്പുകാരില്‍നിന്ന് പണം വാങ്ങി ഒത്തുകളിച്ചെന്ന കേസാണ് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി ശനിയാഴ്ച്ച വൈകീട്ട് നാലരയ്ക്ക് ശേഷം വിധി പറഞ്ഞത്.
ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ മക്കോക്ക അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ പ്രസ്താവിച്ച വിധിയില്‍ പറയുന്നു.
2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്സ് ഇലവന് പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
INDIANEWS24.COM NEWDELHI