കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വിരുന്നെത്തി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച സന്ധ്യയോടെ നടന്ന താരനിബിഡമായ ചടങ്ങിലാണ് ലീഗിന്റെ മൂന്നാം സീസണിന് തുടക്കമായത്. പരിപാടികളുടെ അമരക്കാരനായെത്തിയത് ബോളിവുഡിന്റെ സുല്‍ത്താന്‍ സല്മാന് ഖാന്. മലയാളികളുടെ സ്വന്തം ടീമായ കേരളബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന് തെണ്ടുല്‍ക്കര്‍, ഐ എസ് എല്‍ അധ്യക്ഷ നിത അംബാനി, ബോളിവുഡ് താരം കത്രിന കൈഫ് എന്നിവര്‍ക്കൊപ്പം മലയാളസിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നിറപ്പകിട്ടാര്‍ന്ന പരിപാടിയുടെ ഭാഗമായി ഗ്രൗണ്ടിലിറങ്ങി.
കത്രിനയും സല്‍മാനും നൃത്തചുവടുമായി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയ്യിലെടുത്തു. മൈതാനമധ്യത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സൈക്കിളിലാണ് സല്മാന് വേദിയിലെത്തി ഏവരെയും ആകര്‍ഷിച്ചത്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോപാട്ടിന്റെ അകമ്പടിയില്‍ സച്ചിന് തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും വേദിയിലെത്തി. തുടര്‍ന്ന് കത്രിനയും നിത അംബാനിയും എത്തിയ അവസാനമായി എത്തിയ മമ്മൂട്ടിയുടെ കൈയ്യില്‍ ഒരു ഫുട്ബോളുമുണ്ടായിരുന്നു. വേദിയില്‍ കയറി ഫുട്ബോള്‍ ഐ എസ് എല്‍ അധ്യക്ഷ നിത അംബാനിക്ക് കൈമാറി.
ഇവരെ കൂടാതെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീം ഉടമയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, സച്ചിന് തെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലി എന്നിവര്‍ സദസ്സില്‍ ഇരിപ്പുറപ്പിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങുകള്‍ കഴിഞ്ഞ് രാത്രി എട്ടിന് ശേഷമായിരുന്നു കിക്കോഫ്. കിക്കോഫിന് മുമ്പായി കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ഐ എസ് എള് മൂന്നാം സീസണിലെ ആദ്യ കളി വീക്ഷിക്കാനും മുഖ്യമന്ത്രി സദസ്സില്‍ ചിലവഴിച്ചു.
INDIANEWS24.COM Kochi