728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എസ് എല്‍: കൊച്ചിയിലെ ഹോം മാച്ചില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ക്കു വിജയം

കൊച്ചി:ഇന്ത്യന്‍ ഫുട്‌ബോളിന് പുതു വസന്തം സമ്മാനിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കാല്‍പന്ത് മാമാങ്കത്തില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.ആദ്യമായ് ഹോംമാച്ചിനിറങ്ങിയ മത്സരത്തില്‍ തന്നെ വിജയിക്കാനായത് കേരള ടീമിന് നേട്ടമായി.

ഇതേവരെയുള്ള പ്രകടന മികവ് വച്ചു നോക്കിയാല്‍ ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത് തുല്ല്യ ശക്തികളുടെ പോരാട്ടമായിരുന്നു.പക്ഷെ നിര്‍ണ്ണായക നിമിഷത്തിലെ ഗോള്‍ കേരള ടീമിന് രണ്ടാമത്തെ വിജയം സമ്മാനിച്ച്‌.രണ്ട് ടീമുകളുടെയും ആറാമത്തെ കളിയാണിത്.ഇതുവരെയുള്ള അഞ്ചു കളികളില്‍ നിന്നായി നാല് പോയിന്റാണ് ഇരു ടീമുകളും നേടിയിരുന്നത്.

വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിച്ചത്.സച്ചിന്റെ സാന്നിധ്യം ടീമിന് ഗുണകരമായി.കൊച്ചിയിലെ നെഹ്രു സ്‌റ്റേഡിയത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.തിരക്ക് പരിഗണിച്ച് നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണമാണ്  ഏര്‍പ്പെടുത്തിയിരുന്നത്.അടുത്ത കാലത്ത് ക്രിക്കറ്റിനല്ലാതെ ഇവിടെ മറ്റൊരു കായിക മത്സരത്തിന് ഇത്രയേറെ ജനത്തിരക്കേറുന്നത് ഇതാദ്യമാണ്.

എന്നാല്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന കായികപ്രേമികള്‍ നിലവാരമുള്ള മത്സരങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണെന്നാണ് കൊച്ചിയില്‍ തിക്കേറുന്നത് സൂചിപ്പിക്കുന്നത്.1996ല്‍ ഉദ്ഘാടനം ചെയ്ത കലൂര്‍ സ്റ്റേഡിയത്തില്‍ ഏറ്റവും അധികം കാണികള്‍ കയറിയത് 1997 ല്‍ നടന്ന നെഹ്രു കപ്പ് ഫുട്‌ബോളിലെ ഇന്ത്യ-ഇറാഖ് സെമി മത്സരത്തിനാണെന്നതും വിസ്മരിച്ചുകൂടാത്തതാണ്.

INDIANEWS24.COM SPORTS DESK

Leave a Reply