ടൊറന്റോ: ദിലീപ് നായകനായ മലയാള ചലച്ചിത്രം ചിത്രം ‘2 കണ്ട്രീസ്’ കാനഡയില്‍ ചരിത്രം സൃഷ്ടിക്കുന്നു. ടൊറന്റോയില്‍ തുടര്‍ച്ചയായ ഏഴാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. മിസിസാഗയിലെ സിനി സ്റ്റാര്‍സില്‍ [CINE STARZ , 377 Burnhamthorpe Road, East, Mississauga, ON L4Z 1C7 ] ശനിയാഴ്ച [ഫെബ്രുവരി 27] രാത്രി 9.15നാണ് പ്രദര്‍ശനം.
ഒരു മലയാളചിത്രം കാനഡയില്‍ ഇത്രയേറെ തവണ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്. മലയാളത്തിലെ മെഗാഹിറ്റ് ചിത്രങ്ങളായ ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന് എന്നിവയെയെല്ലാം ‘2 കണ്ട്രീസ്’ കടത്തിവെട്ടി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ‘2 കണ്ട്രീസ്’ ഒരു മുഴുനീള എന്റര്‍ടൈനര്‍ ആണ്. കനേഡിയന്‍ സ്ലാംഗില്‍ സംസാരിക്കാനുള്ള സുരാജ് വെഞ്ഞാറമൂടിന്റെ എളുപ്പവഴി ഉള്‍പ്പെടെ പൊട്ടിച്ചിരിയുടെ തരംഗങ്ങള്‍ സൃഷ്ടിച്ചാണ് ‘2 കണ്ട്രീസി’ന്റെ മുന്നേറ്റം.
ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്തിരിക്കുന്നത് ടൊറന്റോയിലും സമീപപ്രദേശങ്ങളിലും ആണ് എന്നത് കാനഡയിലെ മലയാളിപ്രേക്ഷകരെ പ്രത്യേകം ആകര്‍ഷിക്കുന്നു. നയാഗ്ര, സിഎന്‍ ടവര്‍ ഉള്‍പ്പെടെയുള്ള കാനഡയിലെ മനോഹരദൃശ്യങ്ങളും ‘2 കണ്ട്രീസി’ല്‍ കാണാം.
ഏറെക്കാലത്തിന്യു ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം തിയറ്ററുകള്‍ കീഴടക്കുന്നത്. കേരളത്തില്‍ രണ്ട് മാസം പിന്നിട്ട ‘2 കണ്ട്രീസ്’ ഏറ്റവും കൂടുതല്‍ കളക് ഷന് നേടിയ മലയാളചിത്രങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ നാലാമതാണ്. 55 കോടി രൂപയാണ് ഇതിനകം ചിത്രം വാരിക്കൂട്ടിയത്. ഷാഫിയാണ്‘2 കണ്ട്രീസ്’ സംവിധാനം ചെയ്തിരിക്കുന്നത്. സഹോദരന് റാഫിയുടേതാണ് കഥാരചന. മംമ്ത മോഹന്‍ദാസാണ് നായിക. മുകേഷ്, അശോകൻ, അജു വർഗ്ഗീസ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, സലിം കുമാർ, ലെന, വിനയ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ