728-pixel-x-90-2-learn
728-pixel-x-90
<< >>

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വര്‍ക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുര്‍ ഹോമിന്റെ ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു. കേരളത്തെ പ്രമുഖ മെഡിക്കല്‍ ടൂറിസം കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവാസി വ്യവസായി സോഹന്‍ റോയ് നയിക്കുന്ന യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സംരംഭമായ മെഡിബിസ് ടിവി തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ ടൂറിസം ശൃംഖലയാണ് മെഡിബിസ് ആയുര്‍ ഹോം. ആരോഗ്യ രംഗത്തെ ആദ്യ ആഗോള ചാനല്‍ ആണ് മെഡിബിസ് ടി.വി.

മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത കേരളം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.പാരമ്പര്യവൈദ്യശാസ്ത്രത്തെയും സ്‌പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം സംയോജിപ്പിച്ചു
മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നേറാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനും ഇതുവഴി സാമ്പത്തികനേട്ടം ഉണ്ടാക്കുവാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ ടൂറിസത്തിന് കേരളത്തില്‍ അനന്തസാധ്യതകള്‍ ഉണ്ടെകിലും അടിസ്ഥാനവികസനസൗകര്യത്തിലെ പോരായ്മ മൂലം ഈ രംഗത്ത് സംസ്ഥാനം ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയ് കേരളത്തിന്റെ തുടര്‍ വികസനത്തിന് മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അഭിപ്രായപ്പെട്ടു. കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍, ടൂര്‍ഫെഡ് എംഡി ഷാജി മാധവന്‍, വര്‍ക്കല എംല്‍എ വി ജോയ്, പ്രമുഖ വ്യവസായിയായ ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ രാജ്‌മോഹന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആയുര്‍വേദ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചു കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി ആര്‍ കൃഷ്ണകുമാറിന് ആജീവനാന്ത പുരസ്‌കാരമായ ആയുര്‍വിഭൂഷണ്‍ സമ്മാനിച്ചു. ആയുര്‍വേദ രംഗത്തു നിന്നു ഡോ. കൃഷ്ണനും പാരമ്പര്യവൈദ്യ രംഗത്ത് നിന്നും മോഹനന്‍ വൈദ്യര്‍ക്കും ആയുര്‍ ഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ളതാണ് മെഡിബിസ് ആയുര്‍ ഏക്‌സെല്ലെന്‌സ് പുരസ്‌കാരം.

INDIANEWS24.COM T V P M

Leave a Reply