ഷാര്‍ജ: നാട്ടില്‍ വച്ച് വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ അജ്മാനില്‍ എത്തിച്ച യുവതി വീട്ടുതടങ്കലില്‍ ദയനീയ സ്ഥിതിയില്‍. പത്തനംതിട്ടയിലെ നിരണം സ്വദേശിനിയായ യുവതിയാണ് നരകയാതന അനുഭവിക്കുന്നത്. ഭക്ഷണം നല്‍കാതെയും ദേഹോപദ്രവം ഏല്‍പ്പിച്ചും വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് യുവതി അറിയിച്ചതായാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന് മുഖേന ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി കേരള മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ടെന്ന് ഡി വൈ എഫ് ഐ ഏരിയാ കമ്മറ്റിയംഗം കൂടിയായ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
അജ്മാനില്‍ ജോലിക്കാരെ നല്കുന്ന കമ്പനി നടത്തിവരുന്ന കോഴിക്കോട് സ്വദേശികളായ സ്ത്രീയും പുരുഷനും ചേര്‍ന്നാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. ആയുര്‍വേദ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മുവാറ്റുപുഴയിലുള്ള ഒരു സ്വകാര്യ സ്ഥാപനം വഴിയാണ് കഴിഞ്ഞ ജൂണില്‍ യുവതി അജ്മാനിലെത്തിയത്. വിസയ്ക്കായി അമ്പതിനായിരം രൂപയും നല്‍കിയിരുന്നു. ഒരു മാസത്തെ സന്ദര്‍ശക വിസയിലെത്തിയ യുവതിയെ ഫുജൈറയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഉടമസ്ഥതയിലുള്ള മറ്റൊരു ഏജന്റ് മുഖേന ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കു നിര്‍ത്തുകയായിരുന്നു. പറഞ്ഞുറപ്പിച്ച ജോലി ആയിരുന്നല്ല. എന്നിട്ടും അതിന്റെപേരില്‍ സ്വദേശിയില്‍നിന്ന് 8,000 ദിര്‍ഹം ഇടനിലക്കാരായ സ്ത്രീയും പുരുഷനും കൈപ്പറ്റുകയും ചെയ്തു. 1400 ദിര്‍ഹം മാസശമ്പളം പറഞ്ഞിരുന്നെങ്കിലും 900 ദിര്‍ഹമാണ് യുവതിക്ക് നല്‍കിയിരുന്നത്. ആ കുടുംബം വളരെ മാന്യമായാണ് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു. വീട്ടുജോലിക്കാരിയുടെ ജോലിവിസയും സ്വദേശികുടുംബം അനുവദിച്ചിരുന്നു. എങ്കിലും കൂടുതല്‍സമയം വീട്ടുജോലിചെയ്യാന്‍ സാധിക്കാത്തതിനാല്‍ സ്വദേശികുടുംബം യുവതിയെ തിരികെ അജ്മാനിലെത്തിക്കുകയായിരുന്നു. പിന്നീടാണ് പീഡനം തുടങ്ങുന്നത്.
ആവശ്യത്തിന് ഭക്ഷണം കിട്ടാതെയും ശാരീരിക പീഡനം നിമിത്തവും താന്‍ അവശയാണ്, എത്രയുംപെട്ടെന്ന് നാട്ടിലേക്ക് എത്തണം ഇല്ലെങ്കില്‍ മരിച്ചുപോകും, എന്നാണ് യുവതി കരഞ്ഞുകൊണ്ട് പറഞ്ഞത്. യുവതിയെ വീട്ടിനുള്ളിലാക്കി വാതില്‍ പുറത്തുനിന്ന് പൂട്ടാറാണ് പതിവ്. വീട്ടില്‍ തിരിച്ചെത്തിയാല്‍ ഇവര്‍ യുവതിയുടെ മൊബൈല്‍ പരിശോധിക്കുകയും ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടെന്നറിഞ്ഞാല് അതിന്റെ പേരിലും മര്ദനമായിരിക്കുമെന്നും യുവതി അറിയിച്ചു. ഇന്ത്യന്‍ അസോസിയേഷന് അജ്മാന് പോലീസിലും വിവരമറിയിച്ചിട്ടുണ്ട്.
INDIANEWS24.COM Gulf Desk