ടൊറന്റോ: മദ്യത്തിന്റെയും ബിയറിന്റെയും വില്പനാവകാശം എല്സിബിഒയ്ക്കും ബിയര്‍ സ്റ്റോറിനും മാത്രം മതിയോ? പെട്രോള്‍ പമ്പുകള്‍ക്കും കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ക്കും മദ്യവില്പനയ്ക്ക് അനുമതി നല്കുന്ന കാര്യം ഒണ്ടേരിയോ സജീവമായി ചര്‍ച്ച ചെയ്യുന്നു. വിഷയത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഇരുപക്ഷത്തുമാണ്. പുതിയ ആശയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് നിലവിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും പറയുന്നു. എന്നാല്‍, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ക്കും മദ്യവിതരണത്തിന് അനുമതി നല്‍കുമെന്ന് പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ടി പ്രഖ്യാപിച്ചു.
ക്യുബക്, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ മാതൃകയില്‍ മദ്യവില്പന സ്വകാര്യവല്‍ക്കരിക്കണമെന്നാണ് ആവശ്യം, തങ്ങള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രവിശ്യയിലെ ജനങ്ങളില്‍ പകുതിയിലേറെപ്പേരും പുതിയ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി തങ്ങള്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ വ്യക്തമായതായി ദി ഒണ്ടേരിയോ കണ്‍വീനിയന്‍സ് സ്റ്റോര്‍സ് അസോസിയേഷന് അവകാശപ്പെടുന്നു.
മത്സരം വരുമ്പോള്‍ ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുമെന്ന് പുതിയ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എല്‍സിബിഒ സെന്ററുകള്‍ തപ്പി നടക്കാതെ തൊട്ടടുത്ത സ്റ്റോറില്‍നിന്ന് മദ്യം വാങ്ങാനും കഴിയും. പൊതു അവധി ദിവസങ്ങളില്‍ എല്സിബിഒയ്ക്ക് അവധിയായതിനാല്‍ മദ്യം വാങ്ങാന്‍ കഴിയാതെവരുന്ന സ്ഥിതി ഒഴിവാക്കാമെന്നും ഇവര്‍ പറയുന്നു.
മദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പന സ്വകാര്യവല്‍ക്കരിച്ച ക്യുബക്കിലെ വിലയും ഒണ്ടേരിയോയിലെ വിലയും ഇവര്‍ താരതമ്യപ്പെടുത്തുന്നു. 24 കുപ്പികളുടെ ഒരു കേസ് ബിയറിന് ക്യുബക്കിലെക്കാള് ശരാശരി 9 ഡോളര്‍ ഒണ്ടേരിയോയില് കൂടുതലാണെന്നാണ് സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ബിയര്‍ സ്റ്റോര്‍ രംഗത്തുണ്ട്. സ്വകാര്യവല്‍ക്കരിച്ച ക്യുബക്കിലും മറ്റും വില കൂടുകയാണ് ചെയ്തതെന്നാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ബിയര്‍ സ്റ്റോര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്വകാര്യവല്‍ക്കരണം നടപ്പാക്കിയാല്‍ ബിയര്‍ സ്റ്റോര്‍ നടപ്പാക്കിവരുന്ന റിസൈക്കിളിംഗ് പദ്ധതി [ കുപ്പികള്‍ തിരികെ വിലയ്ക്കെടുക്കുന്നത്] അവതാളത്തിലാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
കാനഡയിലെ മറ്റ് പല പ്രവിശ്യകളില്‍ നിന്ന് വിരുദ്ധമായി ഒണ്ടേരിയോയില് മദ്യത്തിന്റെയും ബിയറിന്റെയും വില്പനാവകാശം പരിമിതമാണ്. സര്‍ക്കാര്‍ സ്ഥാപനമായ എല്സിബിഒയ്ക്കാണ് മദ്യവില്പനയുടെ കുത്തക. ചില ഉള്‍പ്രദേശങ്ങളില്‍ പ്രത്യേക അനുമതിയോടെ എല്‍സിബിഒ അല്ലാതെ ചില സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ചില ഗ്രോസറി സ്റ്റോറുകളില്‍ എല്‍സിബിഒ പരീക്ഷണാടിസ്ഥാനത്തില്‍ വില്പനകേന്ദ്രങ്ങള് തുറന്നിരുന്നു. അതേസമയം ബിയര്‍ സ്റ്റോര്‍ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതാണ്. മൂന്ന് വിദേശകമ്പനികളാണ് സ്റ്റോറുകളുടെ നടത്തിപ്പുകാര്‍.
മദ്യവില്പന സ്വകാര്യവല്‍ക്കരിക്കുന്ന കാര്യം തല്ക്കാലം അടഞ്ഞ അദ്ധ്യായമാണെന്നാണ് ഒണ്ടേരിയോ പ്രിമിയര്‍ കാത്ലീന് വിന് പറയുന്നത്. സര്‍ക്കാരിന്റെ അടിയന്തര പരിഗണനയില്‍ ഇക്കാര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി. നിലവില്‍ ഒരു എല്സിബിഓയോ ബിയര്‍ സ്റ്റോറോ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നും അതിനാല്‍ മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടതില്ലെന്നും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഗില്ലസ് ബിസന് പറഞ്ഞു. എന്നാല്‍, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ക്കും ഗ്രോസറി സ്റ്റോറുകള്‍ക്കും മദ്യവില്പനയ്ക്ക് അനുമതി നാള്;കുമെന്ന് പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ടിം ഹുഡക് വ്യക്തമാക്കി.