728-pixel-x-90-2-learn
728-pixel-x-90
<< >>

എലിശല്യം കൂടിയത് മൂലം മാവേലിസ്‌റ്റോര്‍ അടച്ചുപൂട്ടി

കണ്ണൂര്‍:എലികളെ കൊണ്ടു പൊറുതിമുട്ടി ഒടുവില്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടേണ്ടിവന്നു.സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍ കണക്കിന് സാധനങ്ങള്‍ എലികള്‍ മൂലം ചീത്തയാകാന്‍ തുടങ്ങിയതോടെ ജീവനക്കാരും അധികൃതരും പണി പലതും പയറ്റി.എന്നാല്‍ എലികള്‍ കീഴടങ്ങുന്ന മട്ടുണ്ടായില്ല.ഒടുവില്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനായി സ്‌റ്റോര്‍ താല്‍ക്കാലികമായി അടച്ചിട്ടു.

കണ്ണൂര്‍ മുക്കടവില്‍ പ്രവര്‍ത്തിച്ചുവന്ന വാടകക്കെട്ടിടത്തിലെ മാവേലിസ്റ്റോറിലാണ് സംഭവം.ഇവിടത്തെ ഓടിട്ട കെട്ടിടത്തില്‍ സ്‌റ്റോര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.പഴയ സിമന്റ് തറയില്‍ നിര്‍മ്മിച്ചതായിരുന്നു കെട്ടിടം.ഈ തറ തുരന്നാണ് എലികള്‍ എത്താന്‍ തുടങ്ങിയത്.സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നത് പതിവായതോടെ വാര്‍ഡ് മെമ്പര്‍ കെട്ടിടയുടമയോട് പരാതി പറഞ്ഞു.തുടര്‍ന്ന് തറ കുറേക്കൂടി ബലപ്പെടുത്തിയതാക്കി.ഏകദേശം ഒരുവര്‍ഷത്തോളം വലിയ കുഴപ്പമില്ലാതെ പോയെങ്കിലും എലികള്‍ വീണ്ടും വരാന്‍ തുടങ്ങി.ഇക്കുറി പെരുച്ചാഴിയടക്കമുള്ള തുരപ്പന്‍മാര്‍ വരെയെത്തി.അരിച്ചാക്കുകളും മറ്റും ചായ്ച്ച് വയ്ക്കുന്ന ഭിത്തി തുരന്നുകൊണ്ടായിരുന്നു ആക്രമണം.ചാക്കുകള്‍ കടിച്ചുമുറിച്ച് അരിയും മറ്റ് വസ്തുക്കളും നശിപ്പിക്കുന്നത് പതിവായി.

ഇവയെ തുരത്താന്‍ ജീവനക്കാര്‍ പണി പലതും പയറ്റി പക്ഷെ ഫലമുണ്ടായിരുന്നില്ല.ഒടുവില്‍ വിഷം വച്ച് പരീക്ഷിച്ചുനോക്കി.ചെറിയതോതില്‍ ഗുണം ചെയ്‌തെങ്കിലും സമീപ പ്രദേശത്ത് ചത്ത് വീണ് മാലിന്യമാകുന്നതും പരിസരത്താകെ ദുര്‍ഗന്ധം പരത്തുന്നതുമടക്കുമുള്ള പ്രശ്‌നങ്ങളുണ്ടായി.അങ്ങനെ എലികളെ തുരത്താനുള്ള ആ വഴിയും അടഞ്ഞു.എന്നാല്‍ കടയില്‍ സാധനങ്ങള്‍ ഇരിക്കുന്തോറും എലി നശിപ്പിക്കുന്ന വകയിലുണ്ടാകുന്ന നഷ്ടം വേറെ.ഈ സാഹചര്യത്തില്‍ എലിയെ പേടിച്ച് സ്റ്റോര്‍ പൂട്ടിയിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായില്ല.പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

INDIANEWS24 KANNUR

Leave a Reply