കൊച്ചി: എറണാകുളത്ത് കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്റെ വാൻ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. മൂവർക്കും പുറമേ ഡ്രൈവറും മറ്റൊരു കുട്ടിയും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആദിത്യൻ, (നാല്), വിദ്യാലക്ഷ്മി (നാല്) ആയയായിരുന്ന ലത ഉണ്ണി എന്നിവരാണ് മരിച്ചത്. പരിക്കുകളോടെ ഒരു കുട്ടിയെയും ഡ്രൈവർ ബാബുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.എറണാകുളം മരട് കാട്ടിത്തറ റോഡിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. കുളത്തിന്റെ വക്കിൽ സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടത്തിലേക്ക് നയിച്ചത്.ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറിൽ നിന്നും വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മൂന്ന് പേരെ കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു.ഇന്ന് നല്ല മഴയുമുണ്ടായിരുന്നു.അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ഫയർഫോഴ്സും പോലീസും എത്തി. സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ കളക്ടർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി സ്ഥിഗതികൾ വിലയിരുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാൻ ഉയർത്തി കൂടുതൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
INDIANEWS24 KOCHI DESK