jio 800x100
jio 800x100
728-pixel-x-90
<< >>

എയര്‍ ഇന്ത്യയും പ്രവാസി സ്നേഹികളും 30 കിലോയും !!!

അബുദാബി : കഴിഞ്ഞ ദിനങ്ങളില്‍ എല്ലാ മാധ്യമങ്ങളിലും ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലും  നിറഞ്ഞു നിന്ന വാർത്തയായിരുന്നു എയർ ഇന്ത്യയുടെ ബാഗേജ് അലവൻസ് 30 കിലോയായി പുനസ്ഥാപിച്ച കാര്യവും അതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രിയെ കുറിച്ചും സംഘടനകളെ കുറിച്ചും നേതാക്കന്മാരെ കുറിച്ചുമുള്ള പുകഴ്ത്തലുകളും മറ്റും.  എന്തോ വലിയ കാര്യം സാധിച്ചെടുത്ത മഹാന്മാരായാണ് ഇവരെ വാഴ്ത്തിയത്. എന്നാൽ കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുത്തത് പോലെയായി പോയി ഈ സംഭവങ്ങളൊക്കെയും. പതിവ് പോലെ സാധാരണ മലയാളികൾ വീണ്ടും വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു. ഇത് കേവലം ഒരു താല്‍ക്കാലിക “ഓഫര്‍” മാത്രമാണെന്ന് ഇന്ന് നാം തിരിച്ചറിയുകയാണ്.

ഡൽഹിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് 2014 ൽ വ്യോമയാന സഹമന്ത്രി ഒരു പ്രഖ്യാപനം നടത്തുന്നു ; വെട്ടികുറച്ച ബഗേജ് അലവന്‍സ് ഞാനിതാ പുനസ്ഥാപിക്കുന്നു എന്ന്. ഇത് കേട്ട പ്രവാസി നേതാക്കൾ ഉടനെ തന്നെ ഫയൽ ചിത്രങ്ങളിൽ നിന്നും ഡൽഹിയാത്രയുടെ പടങ്ങൾ വീണ്ടും ഫേസ് ബുക്കിൽ നിറച്ചു കൊണ്ട് സജീവമായി.ഈ പ്രഖ്യാപനത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഞങ്ങളുടേത് ആണെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം.

ഇതൊക്കെ അവാസ്തവമാണ് എന്ന് ആരും പറയുന്നില്ല. മന്ത്രിയും പ്രവാസി സംഘടനകളും ഇതിൽ ഇടപെട്ടിരുന്നു എന്നുള്ളത് ശരിതന്നെയാണ്.അത് പോലെ തന്നെ പല കോണുകളിൽ നിന്നും എയർ ഇന്ത്യയോടു കൂടുതൽ ബാഗേജ് അനുവദിച്ചു കിട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.പക്ഷെ അത് കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ലായിരുന്നു എന്ന് മാത്രം. ഉദാ: പ്രമുഖ ട്രാവൽ എജൻസികൾ എയർ ഇന്ത്യയോട് ആവശ്യപെട്ടിരുന്നത് ടിക്കറ്റ്‌ വിൽക്കണമെങ്കിൽ കുറഞ്ഞ ചാർജും കൂടുതൽ ബാഗേജും വേണമെന്നാണ്. പക്ഷെ എയർ ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികള്‍ക്കും എയർലൈൻസ്‌ തങ്ങളുടേതായ ചില നയങ്ങളുണ്ട്‌ നാം മനസിലാക്കേണ്ടതുണ്ട്. അവർക്കറിയാം ” എപ്പോൾ ടിക്കറ്റ്‌ നിരക്ക് കൂട്ടണമെന്നും എപ്പോൾ കുറയ്ക്കണമെന്നും , അത് പോലെ ഏതു സീസണിൽ ബാഗേജ് അലവൻസ് കൂടുതൽ കൊടുക്കണമെന്നും പരിമിതപെടുത്തണമെന്നും” ഒക്കെ. അത് കാലാ കാലങ്ങളായി അവർ ചെയ്തു വരുന്നു. അതേ നടക്കുകയുമുള്ളൂ എന്ന് അനുഭവത്തില്‍ നിന്നും ഏവരും മനസിലാക്കിയിട്ടുമുണ്ട്.

ലോകത്തിലെ ഏതൊരു ബജറ്റ് എയർലൈൻസ്‌ സർവീസ് നടത്തുന്നതും കുറഞ്ഞ നിരക്കിനു ടിക്കറ്റ്‌ വാഗ്ദാനം നല്കികൊണ്ടാണ്. എന്നാൽ ആവശ്യമെങ്കിൽ അധികമായി സൗകര്യങ്ങളോ , സേവനമോ വേണമെങ്കിൽ അതിനുള്ള ഓപ്ഷൻസ് കൂടി അവർ നല്കുന്നുണ്ട്. ആദ്യം ടിക്കറ്റ്‌ എടുക്കുന്നവർക്ക് കുറഞ്ഞ നിരക്കും, ഫ്ലൈറ്റ് ഫുൾ ആകുന്നതു അനുസരിച്ചു കൂടിയ നിരക്കും ആയിരിക്കും ബജറ്റ് എയർലൈൻസുകളുടെ ഓഫർ. ഇത്തരത്തിൽ സർവീസ് നടത്തുന്ന എയർലൈൻസ്‌ കമ്പനികളിൽ എയർ ഇന്ത്യയെപോലെ ചുരുക്കം ചില കമ്പനികൾ മാത്രമേ ഇരുപതു കിലോയെങ്കിലും അനുവദിക്കുന്നുള്ളൂ , ഭൂരിഭാഗവും ഏഴു കിലോ ഹാൻഡ്‌ ബാഗേജ് മാത്രമാണ് അനുവദിക്കുന്നത്. ഇവിടെ എയർ ഇന്ത്യ ഓഫ്‌ സീസണിൽ മുപ്പതു കിലോയും പീക്ക് സീസണിൽ ഇരുപതു കിലോയും കൂടാതെ പത്തു കിലോ വരെ കയ്യിൽ കൊണ്ട് പോകാനും അനുവദിക്കുന്നു. ഇനി കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ വളരെ ചെറിയ നിരക്കിൽ , അതായതു വെറും മുപ്പതു ദിർഹം കൂടി കൊടുത്താൽ മറ്റൊരു പത്തു കിലോ കൂടി എയർ ഇന്ത്യ അനുവദിക്കുന്നു. മറ്റേതൊരു ബജറ്റ് എയർലൈൻസ്‌ ആണ് ഈ സൗകര്യം യാത്രക്കാർക്ക് നൽകുന്നത് ?

മന്ത്രിയിലേക്ക് തിരികെ പോകാം…മന്ത്രി കഴിഞ്ഞ ദിവസ്സം നടത്തിയ പ്രഖ്യാപനത്തിന് ഒരു മാസം മുമ്പ് തന്നെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ബാഗേജ് അലവൻസ് മുപ്പത് കിലോ ആയി കൂട്ടിയിരുന്നു. അത് ഡിസംബർ നാലിന് എല്ലാ ട്രാവൽ ഏജൻസികളിലും അവർ പ്രത്യേക സർക്കുലറിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

പക്ഷെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഇങ്ങിനെയൊരു തീരുമാനം കൈകൊള്ളാനുള്ള കാരണം നമ്മുടെ മന്ത്രിയുടെ ഇടപെടലോ , സംഘടനകളുടെ ഇടപെടലോ കൊണ്ടായിരുന്നില്ല മറിച്ചു പതിവുപോലെ സീസണ്‍ മാറി വന്നത് കൊണ്ട് മാത്രമാണ്. ഓഫ്‌ സീസണിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള ഒരു ഓഫർ ! ഡിസംബർ നാലിലെ സർക്കുലർ പ്രകാരം ജനുവരി പതിനഞ്ചു മുതൽ പതിനഞ്ചു മുതൽ വിന്റർ ഷെഡ്യൂൾ അവസാനിക്കും വരെ മുപ്പതു കിലോ കൊണ്ട് പോകാൻ കഴിയും. പക്ഷെ ഈ ഓഫർ എല്ലാ എയർപോർട്ടുകളിലേക്കും ഉണ്ടെന്നു കരുതണ്ട. യാത്രക്കാർ കുറയാൻ സാധ്യതയുള്ള ചില എയർപോർട്ടുകളിലേക്ക് മാത്രമാണ് ഈ ഓഫർ !.

ഉദാഹരണത്തിന് അബു ദാബിയിൽ നിന്നും കൊച്ചിയിലേക്ക് മാത്രമായിരിക്കും ഈ ഓഫർ ! തിരക്കുള്ള കോഴിക്കൊട്ടേക്കോ തിരുവനന്തപുരത്തേക്കോ അധികമായി ഒന്നും കൊണ്ട് പോകാൻ കഴിയില്ല !

ഇതാണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ആഘോഷ വാർത്തകളായി കണ്ടു കൊണ്ടിരിക്കുന്നത്. പ്രവാസി നേതാക്കളേ, നിങ്ങൾക്ക് പാവപെട്ട പ്രവാസികളോട് അത്രയ്ക്ക് അങ്ങ് സ്നേഹക്കൂടുതല്‍  ഉണ്ടെങ്കില്‍ വർഷത്തിലോ രണ്ടു വർഷത്തിലോ നാട്ടിൽ പോകുമ്പോൾ എടുക്കുന്ന ടിക്കറ്റിൽ ലാഭം ഉണ്ടാക്കി കൊടുത്തു വേണോ അവരോടു സ്നേഹം കാണിക്കേണ്ടത് ? അവർ ഇവിടെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ താമസ സൗകര്യമാണ്. വർഷം തോറും 30-40 ശതമാനം വരെ വാടക കൂടുമ്പോൾ, കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും അവർക്ക് അത് കൊടുക്കുകയേ നിവൃത്തിയുള്ളൂ …ഒരു എയർ ഇന്ത്യയുടെ മേല്‍ സ്ഥിരം കയറി കയ്യടി വാങ്ങാന്‍ ശ്രമിക്കാതെ  താമസസൗകര്യം  പോലുള്ള നീറുന്ന പ്രശ്നങ്ങളിലൊന്നിനെങ്കിലും പരിഹാരം  കണ്ടശേഷം നിങ്ങളുടെ ഫോട്ടോകൾ ഫേസ് ബുക്കിലും മറ്റു മാധ്യമങ്ങളിലും നിരത്തി പ്രദര്ശിപ്പിക്കൂ .. ഞങ്ങൾ ലൈക്‌ അടിക്കാം…

NAZIM MOHAMED INDIANEWS24 ABU DHABI

Leave a Reply