728-pixel-x-90-2-learn
728-pixel-x-90
<< >>

എന്‍ എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത നടനും നിശ്ചലഛായാഗ്രാഹകനുമായ എന്‍ എല്‍ ബാലകൃഷ്ണന്‍(72) അന്തരിച്ചു.വ്യാഴാഴ്ച്ച രാത്രി 11.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

1943ല്‍ തിരുവനന്തപുരം,ചെമ്പഴന്തിയിലെ പൗഡിക്കോണത്താണ് നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍ എല്‍ ബാലകൃഷ്ണന്‍ ജനിച്ചത്.തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും പെയിന്റിംഗില്‍ ഡിപ്ലോമ നേടിയ അദ്ദേഹം നിശ്ചല ഛായാഗ്രാഹകനായാണ് സിനിമയില്‍ രംഗപ്രേവശം ചെയ്യുന്നത്.മലയാളത്തിലെ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ച മിക്കവാറും ചിത്രങ്ങളും മലയാളത്തിലെ എണ്ണം പറഞ്ഞ എവര്‍ഗ്രീന്‍ ക്ലാസിക്കുകളായിരുന്നു.ജി അരവിന്ദന്റെ കാഞ്ചനസീതയിലെ വനവാസത്തിനിറങ്ങിയ ശ്രീരാമ,ലക്ഷ്മണ, സീതാ ചിത്രം ഏറെ പ്രശസ്തമാണ്.

രാജീവ് അഞ്ചലിന്റെ സമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്.കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പട്ടണപ്രവേശം, ഓര്‍ക്കാപ്പുറത്ത്, കൗതുകവാര്‍ത്തകള്‍, ജോക്കര്‍ തുടങ്ങി162 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.2008ല്‍ സിനിമയിലെ സിനിമാക്കഥ പറഞ്ഞ രഞ്ജിത്തിന്റെ തിരക്കഥയില്‍ സ്വന്തം കരിയറുമായി ഏറെ സാമ്യമുള്ള വേഷമായിരുന്നു എന്‍ എല്‍ ബാലകൃഷ്ണന്റേത്.

ബ്ലാക് ആന്‍ഡ് വൈറ്റ് എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്.ഓരോ ദിവസവും മുറതെറ്റാതെ എഴുതുന്ന ബാലകൃഷ്ണന്റെ ഡയറിക്കുറിപ്പുകള്‍ ഏറെ പ്രശസ്തമാണ്.2012ല്‍ കേരള ഫിലം ക്രിട്ടിക്‌സ് അസോസിയേഷന്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

INDIANEWS24.COM MOVIES

Leave a Reply