jio 800x100
jio 800x100
728-pixel-x-90
<< >>

എന്റെ റബ്ബേ….!

പത്താം തരത്തില്‍  ഇത്രയധികം കുട്ടികൾ വിജയിച്ചത് അറിഞ്ഞു എല്ലാവരും ആകാശത്തേക്ക് നോക്കി നിൽക്കയാണല്ലോ. പുസ്തകം കൈ കൊണ്ട് തൊട്ട് നോക്കിയിട്ടില്ലാത്തവരും , പരീക്ഷ ദിവസ്സം പള്ളിക്കൂടത്തിനരികിലൂടെ മീൻ ചന്തയിൽ പോയവരും വരെ ഫലം വന്നപ്പോൾ A + ഉം B + ഉം ഒക്കെ വാങ്ങി അയൽവാസികളെയൊക്കെ ഞെട്ടിച്ചിരിക്കുകയാണ്. ഫലം റെക്കാഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കിൽ കയറാൻ ശ്രമിച്ചത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്ന് പ്രതിപക്ഷവും അതല്ല ചില സാങ്കേതിക തകരാറാണ് ഇങ്ങിനെ പറ്റാനുള്ള കാരണമെന്ന് ഭരണപക്ഷവും പറയുമ്പോൾ ബാർ കോഴ കേസ് പോലെ ഇവിടെയും എന്തൊക്കെയോ മണക്കുന്നില്ലേ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചോ?

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്‌ എന്താണെന്ന് ചോദിച്ചാൽ മദ്യം,ആശുപത്രി,ഹോട്ടല്‍ ബിസിനസ് ഇവയൊക്കെയാണ് എന്നാണു പടച്ച തമ്പുരാന്‍ പോലും കരുതിയിരിക്കുന്നത്.പക്ഷെ വിദ്യാഭാസം എന്നൊരു കച്ചവടം കൂടി ഉണ്ടെന്നു പലപ്പോഴും നാം മറന്നു പോകുന്നു.ഗള്‍ഫില്‍ നാത്തൂര്‍ ആയിരുന്നവന്‍ പോലും നാട്ടില്‍ സ്കൂള്‍ നടത്തുന്നുണ്ട്.കൂടാതെ ബാര്‍ മുതലാളിയും ബാര്‍ബറുമൊക്കെ വിദ്യ ഉദ്ധരിച്ചു കൊണ്ടിരിക്കുകയാണ്.അബുദാബിക്കാരനായ ഒരു നിരക്ഷര മുതലാളി വലിയ ഒരു വിദ്യാഭാസ വ്യവസായം തന്നെ കേരളത്തിലും ഗള്‍ഫിലുമായി തുടങ്ങാന്‍ പോകുന്നു എന്നറിയുന്നു.edu business

നമ്മുടെ റബ്ബും കൂട്ടരും മുന്‍ഗാമികളും അനുവദിച്ച പ്ലസ്‌ ടു സ്കൂളുകളുടെ എണ്ണം എണ്ണിയാലൊടുങ്ങില്ല.കൂടാതെ ജോസപ്പും കൂട്ടരും പണ്ട് തുറന്നു വിട്ട പ്ലസ് ടു ഭൂതം അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരിനെ മാത്രമല്ല വിഴുങ്ങിയത്.ആ ഭൂതം ഇന്നും നമ്മെ വേട്ടയാടുകയാണ്‌.കുറെ ചെറുപ്പക്കാര്‍ക്ക് കോഴ കൊടുത്ത് ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകന്‍ എന്ന ഗസറ്റഡ് ടാഗ് കഴുത്തില്‍ തൂക്കി കല്യാണ ചന്തയില്‍ വില പേശാന്‍ സഹായിച്ചു എന്നതല്ലാതെ ഒരു ഗുണവും ഈ പ്ലസ് ടു കൊണ്ട് മലയാളിക്ക് ഉണ്ടായിട്ടില്ല.

അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇപ്പോഴത്തെ സംശയം ബാർ ലൈസൻസ് അനുവദിക്കാൻ ബാർ മുതലാളിമാർ കോടികൾ മന്ത്രിമാർക്ക് കൊടുത്ത് കാര്യം സാധിക്കാൻ ശ്രമിച്ചത് പോലെ പള്ളിക്കൂട മുതലാളിമാർ മന്ത്രിയെ സ്വാധീനിച്ചോ ? അതിന്റെ ആവശ്യം എന്താ അല്ലെ? കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി പണം ഇറക്കുന്ന പള്ളിക്കൂട കച്ചവടക്കാർക്കെല്ലാം വാരി കോരി പ്ലസ്‌ ടു അനുവദിച്ചത് ഓർമ്മയുണ്ടോ ? പ്ലസ്‌ ടു അനുവദിച്ചത് കൊണ്ട് മാത്രം കാര്യമുണ്ടോ? അവിടെ ഇരിക്കാൻ കുട്ടികൾ വേണ്ടയോ? അതും വകുപ്പ് മന്ത്രി തന്നെ തരപ്പെടുത്തി കൊടുക്കാൻ പള്ളിക്കൂട മുതലാളിമാർ പിരിവെടുത്ത് എന്തെങ്കിലും …? നാളെ എസ്എസ്എല്‍ സി കോഴ എന്നൊരു പ്രയോഗം കൂടി ഉണ്ടാകുമായിരിക്കും..കൂടുതലൊന്നും പറയുന്നില്ല.ഇതൊക്കെ വീഴുന്നത് ബധിര കര്‍ണ്ണങ്ങളിലായതിനാല്‍ അധികം പറയാതിരിക്കുന്നതാണ് ബുദ്ധി.

ആദ്യം റബ്ബ് പറഞ്ഞത് എന്‍ ഐ സി ( NATIONAL INFORMATIC CENTRE )യുടെ പിഴവെന്നാണ്.പിന്നീടു അത് സ്വകാര്യ സോഫ്റ്റ്‌വെയറിന്റെ കുഴപ്പമായി. ഇപ്പോള്‍ ഡി പി ഐ വേറൊന്നു പറയുന്നു. അധ്യാപക സംഘടനകള്‍ മറ്റൊന്ന് പറയുന്നു.ഏതായാലും ഇതൊരുപാട് ചീയും.അതുറപ്പാണ്.ഇനിയെങ്കിലും വിദ്യാഭ്യാസ മന്ത്രി സ്ഥാനം അര്‍ഹിക്കുന്ന അനുയോജ്യരിലേക്ക് വരണം.കോണ്‍ഗ്രസും സി പി എമ്മും അത് ഒരു റബ്ബിനും കൈ മാറരുത്.ആര്‍ക്കെങ്കിലും എടുത്ത് കുട്ടിച്ചോറാക്കാനുള്ളതല്ല നമ്മുടെ കുട്ടികളുടെ ഭാവി.

ഇക്കഴിഞ്ഞ ഇരുപതു വര്‍ഷത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രവര്‍ത്തനം പരിശോധനയ്ക്ക് വിധേയമാക്കണം.അവരുടെ സ്വകാര്യ സ്വത്ത്‌ വിവരങ്ങള്‍ പൊതു ജനങ്ങളുടെ മുന്‍പില്‍ വെളിപ്പെടുത്തണം.ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കണം.എന്തിനും ഏതിനും ഇടപെടുന്ന കോടതി ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണം.അല്ലാതെ നമ്മുടെ ഭരണാധികാരികള്‍ ഇതിന്‍റെ മേല്‍ നടപടിയെടുക്കും എന്ന് ആരും ഇന്ന് പ്രതീക്ഷിക്കുന്നില്ല.പുറത്തെക്ക് വലിച്ചെറിഞ്ഞു കളയേണ്ടതും അപ്രകാരം ഒരിക്കലും ഉണ്ടാകാനിടയില്ലാത്തതുമായ  യു ഡി എഫ് മന്ത്രിമാരുടെ ലിസ്റ്റില്‍ ഒരു പേരു കൂടി എഴുതിചേര്‍ക്കപ്പെട്ടു കൊണ്ട് എസ് എസ് എല്‍ സി വിവാദം അവസാനിക്കരുത്.

അറിയില്ല എന്റെ റബ്ബേ എന്തൊക്കെയാ നടന്നതെന്ന് ? ഇനി നടക്കാന്‍ പോകുന്നതെന്ന്?

നാസിം മുഹമ്മദ്‌

Leave a Reply