728-pixel-x-90-2-learn
728-pixel-x-90
<< >>

എന്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്

എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്ന് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ സംസ്ഥാന സെക്രട്ടറിയും ലോക കേരള സഭാംഗവുമായ അലക്‌സ്.പി. സുനിലിന്റെ വിലയിരുത്തലുകള്‍ ഇന്ത്യാന്യൂസ് 24 നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
.
പലര്‍ക്കും ധാരണയുണ്ട്. നമ്മളെന്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം? ക്യാമ്പിലേക്ക് സാധനങ്ങള്‍ നേരിട്ടെത്തിച്ചാല്‍ പോരേ? സര്‍ക്കാര്‍ സഹായം കൃത്യസമയത്ത് എത്തുമോയെന്ന സംശയവും പലര്‍ക്കുമുണ്ട്.
.എന്നാല്‍ കാര്യം നാം മനസ്സിലാക്കിയത് പോലെയല്ല.കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്.
.ഇതെല്ലാം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് നാം പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വര്‍ഷത്തെ ഫുള്‍ ബഡ്ജറ്റിനെക്കാള്‍ വലുതായിരിക്കും. അത്തരമൊരു സാമ്പത്തിക ബാധ്യത കേരളത്തിനെന്നല്ല അമേരിക്കക്ക് പോലും താങ്ങുവാനാകുമോയെന്ന് പറയാനാകില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂര്‍ണ്ണമായ പുനരധിവാസത്തിനുള്ളതാണ്.
. അടുത്ത ഏതാനംു ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകളില്‍ ക്ലാസ് തുടങ്ങുമ്പോഴേക്ക് കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരും.അതിനാല്‍ നഷ്ടപ്പെട്ടു പോയ വീടുകള്‍ എത്രയും പെട്ടെന്ന് പുനര്‍ നിര്‍മ്മിച്ച് കൊടുക്കേണ്ടതുണ്ട്. ചെമ്പും പാത്രങ്ങളുമടക്കം വീട്ടിലെ അവശ്യ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടതുണ്ട്
കയറിയ വെള്ളം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇറങ്ങും. എന്നാല്‍ അവരുടെ ജീവിതം വീണ്ടെടുക്കുക എളുപ്പമല്ല. വ്യവസായ മേഖലയും കാര്‍ഷിക മേഖലയും സ്തംഭിച്ചേക്കാം. ഒരുപാട് തൊഴില്‍ രഹിതര്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
.സര്‍ക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട് തന്നെ ഇത് താങ്ങാനാവില്ല. അപ്പോള്‍ വരുമാനം ഗണ്യമായി കുറയുമ്പോഴുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ദുരിത ബാധിതരുടെ മേല്‍പ്പറഞ്ഞതു പോലുള്ള ആവശ്യങ്ങള്‍ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുവാനാവില്ലല്ലോ?
.കൂടാതെ തകര്‍ന്നു പോയ റോഡ് റെയില്‍, പാലം,വ്യവസായസ്ഥാപനങ്ങള്‍, തൊഴില്‍ മേഖലകള്‍, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാന്‍ പറ്റുന്നതല്ല.
.താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് തന്നെ ഏറ്റവും സുതാര്യമായ മാര്‍ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്.
1) സര്‍ക്കാരിന് നിയമസഭയില്‍ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്
2) Comtproller And Auditor General(CAG) യുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ ഫണ്ട്. CAG കേന്ദ്രമന്ത്രിമാരെ വരെ ജയിലില്‍ കിടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്) വിവരാവകാശ നിയമപ്രകാരം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനോട് കണക്ക് ചോദിക്കാം. ഡോക്യുമെന്റുകളുടെ കോപ്പിയും ആവശ്യപ്പെടാം.
4) ആര് ഭരിച്ചാലും ദുരിതാശ്വാസ നിധി പൂര്‍ണ്ണമായും ചെലവഴിക്കാറുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
5) വെബ്‌സൈറ്റില്‍ പരസ്യമായി സര്‍ക്കാര്‍ കണക്കുകള്‍ ലഭ്യമാവും
.നമ്മളൊക്കെ കരുതുന്നുണ്ടാകാം, നമ്മുടെ വീട്ടിലാകെ എന്താ ഉള്ളതെന്ന്? എന്നാല്‍ നിങ്ങളൊന്ന് ചിന്തിച്ചു നോക്കണം, നിങ്ങളുടെ വീട്ടിനകത്തുള്ള വസ്തുക്കളൊക്കെ നഷ്ടപ്പെട്ടാല്‍ അതിന് പകരം അത് പോലുള്ള വസ്തുക്കള്‍ പുതിയതായി വാങ്ങണമെങ്കില്‍ എത്ര രൂപയാകുമെന്ന്. കട്ടില്‍, കിടക്ക, അടുപ്പ്, പാത്രം, ടേബിള്‍, കസേര…… ഇവയുടെയൊക്കെ നിലവിലെ വില അനുസരിച്ചൊന്ന് കൂട്ടിയാല്‍ ലക്ഷങ്ങള്‍ വേണ്ടി വരും. അതോടൊപ്പം വീടും കൂടി ഉള്‍പ്പെടുമ്പോള്‍ കണക്ക് ഇതിലും കൂടും.
എന്നാല്‍ സര്‍ക്കാരിന് നല്‍കാനാവുക, ഒന്നോ രണ്ടോ ലക്ഷം മാത്രമാണ്. കൂടുതല്‍ തുക എത്തിയാല്‍ ഒരു പക്ഷേ കൂടുതല്‍ സഹാമെത്തിക്കാനായേക്കാം.
1999ഇല്‍ ഒറീസയില്‍ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഫലമായി ലക്ഷക്കണക്കിനാള്‍ക്കാര്‍ കേരളത്തില്‍ ഭിക്ഷയെടുക്കാന്‍ വന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? നാളെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ അത്തരമൊരവസ്ഥ ആവര്‍ത്തിക്കരുത്. അതിന് വേണ്ടി നാം ഈ ഫണ്ട് വിജയിപ്പിച്ചേ തീരൂ.സര്‍ക്കാരിന്റെ വലിയ സേവനങ്ങള്‍ ആവശ്യമുള്ളത് വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമാണെന്ന് സാരം. ഒരു പക്ഷേ, ദുരിതാശ്വാസ ക്യാമ്പില്‍ ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിയാന്‍ പറ്റിയേക്കാം, സന്നദ്ധ സംഘടനകള്‍ സഹായമെത്തിച്ചേക്കാം.സാധനങ്ങള്‍ ക്യാമ്പില്‍ നേരിട്ടെത്തിക്കുന്നതില്‍ തെറ്റില്ല പക്ഷെ പണമായുള്ള സംഭാവനകള്‍ കഴിവതും വേഗം നല്‍കണം.നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാങ്ങളില്‍ ഉള്ളവരോട് പണം അയക്കാന്‍ ആവശ്യപ്പെട്ടാല്‍ അവരില്‍ ചിലര്‍ നമ്മുടെ ഉദ്ദേശ ശുദ്ധി മനസിലാക്കി എന്ന് വരില്ല,ആ അവസരത്തില്‍ സാധനങ്ങള്‍ അയക്കുന്നത് ഒരു പരിധി വരെ ഉചിതമാണ്
ക്യാമ്പ് വിട്ടു കഴിഞ്ഞാല്‍ അവര്‍ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോള്‍ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. കൂടെയുണ്ടാവണം ഈ നാട്.ലോകരാഷ്ട്രങ്ങള്‍ കേരളത്തിനെ ഉറ്റു നോക്കുകയാണ്. കേരളം എങ്ങനെ ഭീകരാവസ്ഥയെ അതിജീവിക്കം എന്നത് മാതൃകയാക്കുവാന്‍. കേരളമായത് കൊണ്ട് അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിക്കുന്നു. അത് നാം യാഥാര്‍ത്ഥ്യമാക്കിയേ തീരൂ.

Leave a Reply