jio 800x100
jio 800x100
728-pixel-x-90
<< >>

എന്താണ് വര്‍ഗ്ഗീയത ? ജാതീയത ? മാനുഷികത?

ഒരാള്‍ തന്റെ ഗോത്രവംശത്തിലധിഷ്ടിതമായി ജീവിക്കുന്നതോ സ്വന്തം മതത്തിലോ ദേശത്തിലോ ജാതിയിലോ ജനിച്ചവരുടെ ഉന്നമനത്തില്‍ ആഹ്ലാദിക്കുന്നതോ തെറ്റാണോ? ഒരു ദളിതനായി ജനിച്ചവന്‍ മറ്റൊരു ദളിതന്‍ ഉന്നതങ്ങളിലേക്ക് എത്തുന്നതില്‍ ഒരു പക്ഷെ ഊറ്റം കൊണ്ടേക്കാം.അത് പലപ്പോഴും അവന്‍ സ്വയം അറിയാതെ ഒരു പ്രചോദനമായി കാണുന്നത് കൊണ്ടാവാം.കാരണം സമാന സാഹചര്യങ്ങളില്‍ ജനിച്ച ഒരാള്‍ക്ക് ‌ വിജയിക്കാമെങ്കില്‍ തനിക്കും ആകാം എന്ന ചിന്ത ഉപബോധ മനസ്സില്‍ ഉണ്ടാകും.പക്ഷെ അത് പിന്നീട് സ്വജാതിയിലുള്ളവര്‍ മാത്രം വിജയിച്ചാല്‍ മതി,മറ്റുള്ളവര്‍ തോറ്റിട്ടെങ്കിലും തന്‍റെ ജാതിക്കാര്‍ വിജയിക്കണം എന്ന ചിന്തയിലേക്ക് മാറുമ്പോഴാണ് അപകടം.ഇസ്ലാം മതസ്തരായ നിരവധി സുഹൃത്തുക്കള്‍ ലേഖകനുണ്ട്.അവരെല്ലാവരും തന്നെ  ഇസ്ലാം മതത്തെ പരസ്യമായി ആചരിക്കുന്നവരും അതിന്റെ ഉന്നമനം കാംക്ഷിക്കുന്നവരുമാണ്.ഒരു ഇസ്ലാമിന്റെ വിജയം അവരെ ആഹ്ളാദിപ്പിക്കുന്നതും  ഞാന്‍ കാണാറുണ്ട്‌.പക്ഷെ അവരെല്ലാം തന്നെ ഇതര മതങ്ങളെ അംഗീകരിക്കുന്നവരും ഇതര മതസ്തരെ സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിക്കുന്നവരുമാണ്‌.എനിക്കുളള ക്രിസ്ത്യന്‍ സുഹൃത്തുക്കളും അത് പോലെ തന്നെയാണ്. അങ്ങനെയല്ലാത്തവരും  ഉണ്ടാകാം.പക്ഷെ എന്റെ സുഹൃത്തുക്കളില്‍ അങ്ങനെ ഉള്ളവര്‍ ഇല്ല എന്നാണു ഞാനുദ്ദേശിച്ചത്.
humanityഇന്ന് എനിക്ക് ഒരു അപകടമോ അത്യാവശ്യമോ വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്ന – അറിയാതെ വിളിച്ച് പോകുന്ന- പത്ത് പേരില്‍ പകുതിയോളം പേര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്.പിന്നെ ഹിന്ദു മതത്തിലെ ഇതര ജാതിയില്‍പ്പെട്ടവരും ഉണ്ട്.സ്വജാതിയില്‍ പ്പെട്ടവര്‍ തീര്‍ച്ചയായും ഇരുപതു ശതമാനം കണ്ടേക്കാം.ഇതൊന്നും മനപൂര്‍വ്വം സംഭവിച്ചതല്ല.സ്വാഭാവികമായി വന്നു ചേര്‍ന്നവയാണ്‌.പക്ഷെ ഞാന്‍ ജനിച്ച മതത്തില്‍ ധാരാളം കപട മതേതരവാദികളുള്ളതായി തോന്നാറുണ്ട്.ഇതൊക്കെ എനിക്ക് വ്യക്തിപരമായി പരിചയമുള്ളവരില്‍ നിന്നുള്ള ഒരു കണക്കെടുപ്പാണ്.അല്ലാതെ സാമാന്യ വല്‍ക്കരിക്കലല്ല.അതിനാല്‍ തീര്‍ച്ചയായും മുകളില്‍ പറഞ്ഞ പോലെ ക്രിസ്ത്യാനിക്കും മുസ്ലീമിനും അതൊക്കെ കപടതയില്ലാതെ പ്രകടിപ്പിക്കാനും ഇതര മതസ്തരെ സ്നേഹിക്കാനും കഴിയുമെങ്കില്‍ ഇക്കൂട്ടര്‍ക്കും അതായിക്കൂടെ.കമ്മ്യൂണിസ്റ്റ്-നിരീശ്വര വാദവും പേറി മനസ്സില്‍ ജാതീയതയുമായി വീര്‍പ്പു മുട്ടുന്ന എത്രയോ പേരുണ്ട്. ആരെ കാണിക്കാനാണ് ഇത്? നമുക്കിഷ്ടമുള്ള ഭക്ഷണം അഥവാ നാം കഴിച്ചു ശീലമായ ഭക്ഷണം മറ്റുള്ളവരെ കാണിക്കാനായി എന്തിനു വേണ്ടെന്ന് വെക്കണം.അങ്ങനെ പറയുമ്പോള്‍ അത് അസ്വാഭാവികമായി അനുഭവപ്പെടുകയും കൃത്രിമത്വം കലരുകയും ചെയ്യും.അത് അക്കൂട്ടര്‍ക്ക് നല്ല സുഹൃദ് ബന്ധങ്ങള്‍ നിഷേധിക്കുകയും ചെയ്യും.അതിനാല്‍ നമ്മുടെ ഗോത്രവംശവും മതവും ജാതിയും ജനിച്ച ദേശവും പഠിച്ച സ്കൂളും ഇഷ്ടപ്പെട്ട ഭക്ഷണവും സിനിമയും കളികളുമൊക്കെ ഇഷ്ടമാണെങ്കില്‍ ഇഷ്ടമെന്ന് തന്നെ പറയണം.അങ്ങനെ പറയാതിരിക്കുന്നത് ആരെയും തൃപ്തിപ്പെടുത്തില്ല.
sreesദൈവ വിശ്വാസവും ഇത് പോലെ ഒന്നാണ്.യുക്തിവാദവും നിരീശ്വര വാദവും കൊണ്ട് ഈശ്വരഭക്തിയെ ചെറു പ്രായത്തിലെ അനുഭവിക്കാതെ വിടേണ്ടതില്ല.അത് ഒരു നല്ല അനുഭൂതിയാണ്.ദൈവ വിശ്വാസത്തിലൂടെ വളര്‍ന്ന്  ദൈവം എന്താണെന്ന് സ്വാഭാവികമായി തിരിച്ചറിയുന്നതാണ് നല്ലത്. നല്ലൊരു ദൈവവിശ്വാസിയായി തന്നെയാണ് ഞാന്‍ വളര്‍ന്നത്.പിന്നീട് എല്ലാ ദൈവങ്ങളെയും ആരാധിച്ചു.ക്രിസ്ത്യന്‍-മുസ്ലീംപള്ളികളിലും ആരാധന നടത്തി.ഗുരുദ്വാരയിലും ബഹായി മന്ദിറിലും പ്രാര്‍ഥിച്ചു.പാര്‍സി(Zoroastrian) മതത്തെക്കുറിച്ചും അറിയാന്‍ ശ്രമിച്ചു.ചില നല്ല സുഹൃത്തുക്കളിലൂടെയും വായനയിലൂടെയും ബുദ്ധമതത്തെകുറിച്ചും കുറച്ചു കാര്യങ്ങള്‍ മനസിലാക്കി.കോളേജ് കാലഘട്ടത്തില്‍ രജനീഷിനെ പിന്തുടര്‍ന്നിരുന്നു. അവസാനം തൊട്ടടുത്തുള്ള (ജന്മ സ്ഥലമായ വര്‍ക്കലയ്ക്കടുത്തുള്ള) ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഗൌരവമായി അറിയാന്‍ ശ്രമിച്ചു.നാരായണ ഗുരുകുലത്തിലെ ചില നല്ല സുഹൃത്തുക്കളുടെ സഹായം തേടി.പെരുമ്പാവൂര്‍ നങ്ങേലിയിലുള്ള ഋഷികുലത്തിലെ ശിവരാജന്‍ സാറും ഏറെ സഹായിച്ചു. ശിവപ്രതിഷ്ഠയില്‍ തുടങ്ങി സരസ്വതി പ്രതിഷ്ഠ,  കണ്ണാടി പ്രതിഷ്ഠകളിലൂടെ അവസാനം ഞാനിന്നു താമസിക്കുന്ന കൊച്ചിക്കടുത്തുള്ള ആലുവയിലെ “പ്രതിഷ്ഠയില്ലായ്മ”യിലെത്തിയ ഗുരുവിന്റെ വഴികളിലൂടെ പലരുടെയും സഹായത്തോടെ ഒന്ന് നടന്നു നോക്കിയപ്പോള്‍ “ബോധോദയം” ഉണ്ടായി.ബോധോദയം എന്ന വാക്ക് ആലങ്കാരികമായി പ്രയോഗിച്ചുവെന്നേ ഉള്ളൂ.കുറച്ചു തിരിച്ചറിവുണ്ടായി എന്ന് സദയം തിരുത്തി വായിക്കുക.
meditation lotus
ഇന്നും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.പക്ഷെ അതൊരു മതാത്മകമല്ലാത്ത ധ്യാനം മാത്രമാണ്.അതിലൂടെ മനുഷ്യനെയും പ്രകൃതിയെയും സ്വമനസിനെയും ശരീരത്തെയും ഒക്കെ അറിയാറുണ്ട്.അതില്‍ നിന്നും ലഭിക്കുന്ന അനുഭൂതി എത്രയോ മുകളിലാണ്.ഒരു പക്ഷെ ഇനിയുള്ള കാലം ഇതിലും മികച്ച അനുഭവങ്ങള്‍ ലഭിക്കുമായിരിക്കും.അത്തരം അനുഭവങ്ങള്‍ ഇത് വായിക്കുന്ന പല സുഹൃത്തുക്കള്‍ക്കും ഉണ്ടാകാറുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇന്ന് ഞാന്‍ തികഞ്ഞ “വിശ്വാസി”യാണ്. പക്ഷെ, അമ്പലങ്ങളിലും പള്ളികളിലും എനിക്ക് പോകേണ്ടതില്ല. നേര്‍ച്ചയും അര്‍ച്ചനയും പ്രായശ്ചിത്ത കര്‍മ്മങ്ങളും  ചെയ്യേണ്ടതില്ല.എനിക്കിന്ന് സന്ദേഹങ്ങളോ കടുത്ത ആകുലതകളോ കാട്ടിക്കൂട്ടലുകളോ ഇല്ല.ദൈവനിന്ദയോ ഗുരുനിന്ദയോ ചെയ്യാറില്ല. അത്യാവശ്യം ആള്‍ദൈവനിന്ദ തമാശയായി ചെയ്യാറുണ്ട്. മര്‍മ്മമറിഞ്ഞവര്‍ അതറിയാത്തവരെ വിഡ്ഢികളാക്കുന്ന ഏര്‍പ്പാടാണല്ലോ ആള്‍ദൈവങ്ങള്‍.അതിന്റെ പ്രതിഷേധപ്രകടനം മാത്രമായി കാണാം എന്റെ ആള്‍ദൈവനിന്ദയെ.ഇന്നത്തെ ആഘോഷിക്കപ്പെടുന്ന ആള്‍ദൈവങ്ങളില്‍ ഒരാള്‍ പോലും ആരെയും സ്വയം “മീന്‍ പിടിക്കാനോ” സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കാനോ പഠിപ്പിക്കാറില്ല.മറിച്ചു മീന്‍ വാരിക്കോരി നല്‍കുകയാണ്.അതിലാണ് എനിക്ക് അമര്‍ഷമുള്ളത്.നാളെ ആള്‍ ദൈവം ഇല്ലെങ്കില്‍ അനുയായികള്‍ പട്ടിണി !
no god കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഒരിക്കലും തങ്ങള്‍ക്ക് ശേഷം തങ്ങളെപ്പോലുള്ളവര്‍ ഉണ്ടാകണമെന്നോ അത്തരക്കാരെ വാര്‍ത്തെടുക്കണമെന്നോ ചിന്തിച്ചില്ല.ഒരു പക്ഷേ അതവരുടെ സ്വാര്‍ഥതയായിരിക്കാം.രണ്ടാമതൊരു ജ്യോതിബസുവോ എ കെ ജി യോ പി കൃഷ്ണപിള്ളയോ ഇ എം എസ്സോ ഉണ്ടാകാത്തതിന്റെ പ്രതിസന്ധിയാണ് ഇന്നത്തെ സി പി എം നേരിടുന്ന യഥാര്ത്ഥ പ്രതിസന്ധി എന്ന അഭിപ്രായം കൂടി ഇതോടൊപ്പം പങ്കു വച്ചു കൊള്ളട്ടെ.
ഇതൊക്കെ ഇപ്പോള്‍ ആത്മഗതമെന്നോണം പങ്കു വെച്ചതിനു ഒരു നിസ്സാര കാരണമുണ്ട്.ഈ അടുത്ത കാലത്ത് പകുതി കളിയായും ഇത്തിരി കാര്യമായും ഒരു സുഹൃത്തിനോട്- നിരീശ്വരവാദിയും മതേതര വാദിയുമായ ഒരു ദേഹം- ഒരു വര്‍ഗ്ഗീയ പ്രശ്നം ചൂണ്ടിക്കാണിച്ചു.സംസാരം തുടങ്ങിയത് നിര്‍ദ്ദോഷമായ ഒരു സിനിമാ സംബന്ധിയായ തമാശ പറഞ്ഞാണ്.പക്ഷെ പിന്നീടു അത് ചില വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലേക്ക് എത്തി.അത് ഞാന്‍ പിറന്ന ഗോത്രവുമായി ബന്ധമില്ലാത്ത ഒന്നിനെക്കുറിച്ചായാതിനാല്‍ പെട്ടെന്ന് ഞാന്‍ അദ്ദേഹത്തിനു ഒരു വര്‍ഗ്ഗീയ വാദിയായി മാറി.അത്തരമൊരു അഭിപ്രായം ഒരു പക്ഷെ അദ്ദേഹം തമാശയ്ക്ക് പ്രയോഗിച്ചതാകാം.എന്ത് പറയാനാ? ഒന്നും ചെയ്യാനില്ല.സ്വയം പ്രകാശിപ്പിക്കല്‍ അത്ര എളുപ്പം പണിയല്ലല്ലോ?അതിനുള്ള ഒരു കേവല ശ്രമമായി ഈ “എഴുത്തിനെ” കാണാം.
humanity (1)
അവസാനം സുഹൃത്തിനോട്‌ ഇപ്രകാരം പറഞ്ഞു, “ഓരോ മനുഷ്യനും അയാള്‍ സ്വയം രചിക്കുന്ന ഒരു പുസ്തകമാണ്.സാധാരണഗതിയില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചാല്‍ അതിന്റെ പുതിയ എഡിഷനുകളില്‍ പ്രമേയത്തോട് ചേര്‍ന്നു നില്‍ക്കു ന്ന എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ ചില തെറ്റ് തിരുത്തലുകളോ മാത്രമേ നടക്കാറുള്ളൂ.പക്ഷെ ജീവിതം എന്ന പുസ്തകം ഒരു മനുഷ്യന് നല്ലവനാകാനും മോശമാകാനും ഒക്കെ അവസരം നല്കും.ഒരു കാലത്തെ ചില മോശം ഏടുകള്‍ മാറ്റി പുതിയ ഏടുകള്‍ പോലും എഴുതിചേര്‍ക്കാനാകും.അത് ചിലപ്പോള്‍ മനപൂര്‍വ്വം ഒരു ഇമേജ് മാറ്റത്തിനു പോലും വഴി വെയ്ക്കും.അതിനാല്‍ നിങ്ങള്‍ നാളെ എന്നെ മാനുഷികവാദിയെന്നോ മനുഷ്യ സ്നേഹിയെന്നോ ഒക്കെ മാറ്റിവിളിക്കും.അതിനു നല്ല സാധ്യതയുണ്ട്”. ഏതായാലും ഈ ” ഓപ്പണ്‍ പോസ്റ്റിലൂടെ” സ്വയം ഒന്ന് പ്രദക്ഷിണം ചെയ്യാന്‍ സാധിച്ചത്‌ ഒരു അനുഗ്രഹമായി.
അടിക്കുറിപ്പ് : ദയവു ചെയ്തു ആരും വരികള്‍ക്കിടയില്‍ വായിക്കാന്‍ ശ്രമിക്കുകയോ ഞാന്‍ കാണാത്ത അര്‍ത്ഥങ്ങള്‍ കണ്ടെത്തി എന്നെ ക്രൂശിക്കുകയോ ചെയ്യില്ല എന്ന് കരുതുന്നു.സുഹൃത്തുക്കളോടാണ്-ഹൃദയത്തോട് ചേര്ന്ന് നില്‍ക്കുന്നവര്‍- ഞാനിത് പങ്കു വയ്ക്കുന്നത് എന്ന ബോധത്തില്‍ മാത്രമാണ് ഒരു പുനര്‍വായന പോലുമില്ലാതെ ഞാനിത് പോസ്റ്റ്‌ ചെയ്യുന്നത്.
സനു സത്യന്‍
(ഈ കുറിപ്പ് ലേഖകന്‍ അടുത്തിടെ തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്തതാണ്.അര്‍ഥ വ്യത്യാസത്തിനോ ആശയഭംഗത്തിനോ ഇട വരാതെ  ചില തിരുത്തലുകളും കൂട്ടിചേര്‍ക്കലുകളും വരുത്തിയിട്ടുണ്ട്.)

2 Responses to എന്താണ് വര്‍ഗ്ഗീയത ? ജാതീയത ? മാനുഷികത?

  1. Sebastian Vattamattam Reply

    June 9, 2014 at 7:55 PM

    G O O D

  2. Aravind Nair Reply

    June 10, 2014 at 12:43 PM

    Everybody is speaking about secularism, but except Hindus none of them are secular,which is clear from the last Lok sabha Election results of Kerala

Leave a Reply