728-pixel-x-90-2-learn
728-pixel-x-90
<< >>

എത്രയെത പ്രാഞ്ചിയേട്ടന്‍മാര്‍…

പണവും പത്രാസും ഉണ്ടായിട്ട് കാര്യമൊന്നുമില്ല. പത്മ പുരസ്‌കാരം ഒരെണ്ണം അലമാരയില്‍ എത്തിച്ചാലെ സുഖമുള്ളൂ. അത് പ്രാഞ്ചിയേട്ടനായാലും ഇരുട്ടില്‍ വെളിച്ചം തിരയുന്ന മാധ്യമപ്രവര്‍ത്തകനായാലും ചിറ്റിലപ്പള്ളി മുതലാളി ആയാലും ഒരുപോലെ. തിന്നിട്ടെന്താടാ എല്ലിനിടയില്‍ കുത്തുന്നോ എന്ന് പിള്ളേരോട് ചോദിക്കാറില്ലേ. അതുപോലെയാണ് പത്മശ്രീ പോലുള്ള പുരസ്കാരങ്ങളുടെ കാര്യവും. പണമുണ്ടെങ്കില്‍ പത്മയും വേണം.

വെറുതെ പറയുന്നതല്ല. കൊല്ലത്തുള്ള ഒരു പിള്ളേച്ചനും പിന്നൊരു മേനോനും സംഗതി സംഘടിപ്പിച്ച് ഇത് തെളിയിച്ചതാ. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ കുലപതി, നിഷ്പക്ഷന്‍, ഇരുട്ടിലേക്ക് ടോര്‍ച്ച്അടിച്ച് ഒരിക്കല്‍ കോണ്ഗ്രസിന്റെ ടിന്റുമോന്‍ രാഹുല്‍ഗാന്ധിയെ പ്രകീര്‍ത്തിച്ച് ഒരു എഴുത്ത് എഴുതി. എഴുത്തെന്നാല്‍ ഒരു ഒന്നൊന്നര എഴുത്ത്. രാഹുലിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മട്ടിലുള്ള കാവ്യത്തില്‍ ഭക്തിയായിരുന്നു മുഖ്യരസം. പെറ്റതള്ള പോലും സഹിക്കുവേലാത്ത വിധത്തിലാണ് ചെക്കനെ പാടിപ്പുകഴ്ത്തിയത്. നിഷ്പക്ഷന്റെ ഈ ഭക്തികാവ്യം വായിച്ചവര്‍ കാര്യം മനസിലാകാതെ അന്തംവിട്ടിരുന്നു. സാറിനി ഒരണ മെമ്പര്‍ഷിപ്പ് എടുത്തോ എന്നുപോലും പലരും സംശയിച്ചു.

പക്ഷേ, അരമനരഹസ്യം അറിയുന്നവര്‍ അങ്ങാടിപ്പാട്ട് പാടി. പേടിക്കേണ്ട സാര്‍ നിഷ്പക്ഷനായി തുടരും. രാഹുല്‍ സ്തുതി പത്മ പുരസ്കാരത്തിലേക്കുള്ള ആദ്യ ചുവടുമാത്രം.

ദീനദയാലു, ആശ്രിതവത്സലന്‍, ദാനധര്മിഷ്ടന്‍, കര്‍ണന് പെങ്ങള്‍ ഇല്ലാത്തതിനാല്‍ അളിയനാകാന്‍ കഴിയാത്ത ചിറ്റിലപ്പള്ളി മുതലാളി അഞ്ച് ലക്ഷമാണ് സന്ധ്യാകീര്‍ത്തിവന്ദനം പോലുള്ള സന്ധ്യക്ക്‌ എറിഞ്ഞുകൊടുത്തത്. അഞ്ച് ലക്ഷം. കൂടാതെ കണ്ണീരിതെന്തേ സന്ധ്യേ എന്ന പാട്ടും പാടി. എല്‍ഡിഎഫ് നേതാക്കളെ തെരുവില്‍ ചീത്തവിളിച്ച്, അതും നൂറുകണക്കിന് അനുയായികളുടെ മുന്നില്‍, ആം ആദ്മി ആയ സന്ധ്യക്കുട്ടി അഞ്ചല്ല പത്ത് ലക്ഷം അര്‍ഹിക്കുന്നു.

പക്ഷേ അപ്പോഴേക്കും ഫെയ്സ്ബുക്കില്‍ തുരപ്പന്മാര്‍ പണി തുടങ്ങി. എവിടെയും ഉണ്ടല്ലോ ആള്‍ക്കാര്‍ നന്നാകുമ്പോള്‍ കണ്ണുകടി ഉള്ളവര്‍. മുതലാളിയുടെ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് അപകടത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ വര്‍ഷങ്ങളായി ശരീരം തളര്‍ന്നു കിടക്കുന്നു. ജീവിതം നശിച്ച, ചികിത്സക്കായി കിടപ്പടംവരെ വിറ്റ ആ കുട്ടിക്കെന്തേ ഒരു ലക്ഷമെങ്കിലും നല്‍കാത്തെ എന്ന തരത്തിലായി പോസ്റ്റുകള്‍. മുതലാളി വിട്ടില്ല. അങ്ങേരും പോസ്റ്റി. അപ്പോള്‍പിന്നെ മുതലാളിയുടെ കമ്പനി അടച്ച കരത്തിന്റെയും അടയ്ക്കാത്ത കരത്തിന്റെയും കണക്കെടുപ്പായി ഫെയ്സ്ബുക്കില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുതലാളി ഒന്നിനെതിരെ പതിനൊന്നു ഗോളിന് പിന്നിലാണ്.

കൊല്ലത്തെ പിള്ളേച്ചനും മേനോനും കിട്ടുമെങ്കില്‍ അതിനും മുന്നേ പത്മ കിട്ടാന്‍ യോഗ്യനാണ് ചിറ്റിലപ്പള്ളി എന്ന കാര്യത്തില്‍ പമ്മന് തര്‍ക്കമൊന്നുമില്ല. ഈ കാട്ടിയതൊക്കെ പത്മയ്ക്ക് വേണ്ടിയാണെങ്കില്‍ അത് വാങ്ങി ഉള്ള വില കളയരുത് എന്നേ ചിറ്റിലപ്പള്ളിയോട് പറയാനുള്ളൂ..

***           *****            *****       *****

 

കോഴിക്കോട് ജയിലിലെ മൊബീല്‍ വിപ്ലവം ഫെയ്സ്ബുക്കിനെ പിടിച്ചുകുലുക്കി എന്ന് പറയാതെവയ്യ. അനുകൂലമായും പ്രതികൂലമായും പോസ്റ്റുകള്‍ തലങ്ങുംവിലങ്ങും പ്രവഹിച്ചു. മിസ്ഡ് കോള്‍, എസ്എംഎസ്, എംഎംഎസ് എന്നീ കലാപരിപാടികളും അരങ്ങേറി. മത്സരബുദ്ധിയുള്ള ഒരു മാധ്യമം ജയിലില്‍ ഉള്ള പ്രതിയുടെ കോള്‍ലിസ്റ്റും പുറത്തുവിട്ടു.

അപ്പോള്‍ ചില തുരപ്പന്മാര്‍ക്ക് സംശയം. സലിംരാജിന്റെ കോള്‍ലിസ്റ്റ് എന്താ പുറത്തുവിടാത്തെ. കാക്കത്തൊള്ളായിരം ചാനലുകളിലെ പതിനാറായിരത്തെട്ടു റിപ്പോര്‍ട്ടര്‍മാര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഒരു എട്ടണ പോലീസുകാരന്റെ കോള്‍ലിസ്റ്റ് സംഘടിപ്പിക്കാന്‍ കഴിയാത്തതെന്തേ എന്നാണ് ചോദ്യം. സംഘടിപ്പിക്കുന്നവന്‍ വിവരമറിയും എന്നത് മറ്റൊരു കാര്യം.

****                     *****                     *****

പെണ്ണുകേസില്‍ പെട്ട് മന്ത്രിപ്പണിയും ഭര്‍ത്താവുദ്യോഗവും പോയ ഗണേശകുമാരനെ എഷ്യാനെറ്റ് നമ്മള്‍ തമ്മില്‍ പരിപാടിയുടെ ആംഗര്‍ ആക്കിയപ്പോള്‍ ചാണകത്തില്‍ ചവിട്ടിയ പ്രതീതിയായിരുന്നു കാണികള്‍ക്ക്. യാമിനിക്ക് പോലും വേണ്ടാത്ത കൊട്ടാരക്കര കൊമ്പനെ എഷ്യാനെറ്റ് ചുമക്കുന്നത് എന്തിനെന്നായി ചോദ്യം.

ഉത്തരവും ഫെയ്സ്ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. ചാനലിന്‍റെ ഗള്‍ഫ് ബ്യൂറോയുടെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍ ആയ സുന്ദരിയെ ഗണേശന്‍ രണ്ടാംവേളി കഴിക്കാന്‍ പോകുന്നത്രേ. വളപട്ടണം പാലത്തിന് സമീപത്തെ ഖദീജുമ്മയുടെ കറുത്ത ആട് വെളുത്ത പാല്‍ തരുന്ന വാര്‍ത്ത‍ ചൂടോടെ പോസ്റ്റുന്ന എഷ്യാനെറ്റ് ഓണ്‍ലൈനുകാര്‍ പക്ഷേ ഇക്കാര്യം അറിഞ്ഞ മട്ടില്ല.

 

-പമ്മന്‍

Leave a Reply