728-pixel-x-90-2-learn
728-pixel-x-90
<< >>

എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പഴുതുകളടച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുന്നു

കൊച്ചി :അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയുമാണ്  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലമുള്ള അസാധാരണ സ്ഥിതിവിശേഷം നേരിടാൻ കൈയും മെയ്യും മറന്നുള്ള പഴുതുകളടച്ചുള്ള രക്ഷാ പ്രവർത്തനമാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ‌് നേരിട്ട‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.ദുരിതബാധിത ജില്ലകളിൽ  വകുപ്പുകളുടെ ഏകോപനത്തിന‌് മന്ത്രിമാർ നേതൃത്വം നൽകുന്നു. പൊലീസ‌്, ഫയർഫോഴ‌്സ‌് തുടങ്ങി എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തുണ്ട‌്. കര, വ്യോമ, നാവിക സേനകൾക്കൊപ്പം കോസ‌്റ്റ‌്ഗാർഡും രക്ഷ﹣-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ 

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജലനിരപ്പ് രണ്ട് മണിക്കൂറില്‍ 0.08 അടി കുറഞ്ഞു. നിലവിലെ ജലനിരപ്പ് 2401.60 അടിയാണ്. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതിന് ശേഷം ജലനിരപ്പ് കുറയുന്നത് ഇതാദ്യമായാണ്. ഇപ്പോള്‍ ഡാമിലേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. സെക്കന്‍ഡില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്‌ത്തില്ല. അതേസയമം വൃഷ്ടി പ്രദേശത്ത് മഴതുടരുകയാണ്.

INDIANEWS24 KOCHI DESK

Leave a Reply