കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍ [84] അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ നടക്കും.ലോകതാന്ത്രിക് ജനതാദള്‍ നേതാവായ വീരേന്ദ്രകുമാര്‍ നിലവില്‍ രാജ്യസഭംഗമാണ്.കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ൽ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി(ഐ എൻ എസ് )യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പി ടി ഐ ഡയറക്ടർ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു.
1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയിൽ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന പരേതനായ എം കെ പത്മപ്രഭാഗൗഡർ. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽനിന്ന് എം ബി എ ബിരുദവും നേടി. 1992-‐93, 2003-‐04, 2011-‐12 കാലയളവിൽ പി ടി ഐ ചെയർമാനും 2003-‐04 ൽ ഐ എൻ എസ് പ്രസിഡന്റുമായിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് ജയപ്രകാശ് നാരായൺ ആണ് സോഷ്യലിസ്റ്റ് പാർടിയിൽ അംഗത്വം നല്‍കിയത്. ഭാര്യ : ഉഷ. മക്കൾ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ(മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ ).