ബെംഗളുരു: വ്യവസായി എം കെ കുരുവിള നല്കിയ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. കേരളത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംസ്ഥാനത്തെ സോളാര്‍ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച്ചപറ്റിയെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ വിധി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 26നാണ് സോളാര്‍ കേസ് അന്വേഷണ കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണ്.
നാലായിരം കോടിയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചെന്നു കാട്ടിയാണ് വ്യവസായി എം കെ കുരുവിള പരാതി നല്‍കിയത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്ഥാപനം വഴി 1.35 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ അഞ്ചാംപ്രതി സ്ഥാനത്തായിരുന്ന ഉമ്മന്‍ചാണ്ടിയടക്കം ആറ് പ്രതികളും പലിശയടക്കം 1.61 കോടി രൂപ കുരുവിളയ്ക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയിലാണ് ഇന്ന് ഉത്തരവ് വന്നിരിക്കുന്നത്. വ്യവസായിയില്‍ നിന്നും കൊച്ചി കേന്ദ്രീകരിച്ചുള്ള സ്ഥാപനം തട്ടിയെടുത്തെന്ന് പറയുന്ന പണം ഉമ്മന്‍ചാണ്ടി കൈപറ്റിയതിന് തെളിവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി വിധി. അതേസമയം നിലവിലെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുള്ള സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കേസിലെ പ്രധാന പ്രതികള്‍ക്ക് സോളാര്‍ പദ്ധതിയുടെ പേരില്‍ ആളുകളെ തട്ടിപ്പിനിരയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യാന്‍ സാധിച്ചെന്ന് ജസ്റ്റീസ് ശിവരാജന് അധ്യക്ഷനായ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
INDIANEWS24.COM Bengaluru