728-pixel-x-90-2-learn
728-pixel-x-90
<< >>

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു

ലണ്ടന്‍: 11 മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ഉറങ്ങിക്കിടക്കവേ വളര്‍ത്തുനായ കടിച്ചുകൊന്നു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിലാണ്  ദാരുണസംഭവം. വീട്ടില്‍ വളര്‍ത്തുന്നത് നിരോധിച്ചിട്ടുള്ള പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയാണ്‌ കുട്ടിയെ ആക്രമിച്ചത്.

ക്ലോയെ കിംഗ്‌ എന്ന യുവതിയുടെ മകളായ അവാ ജെയ്ന്‍ കോര്‍ലെസാണ് മരിച്ചത്. ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞ യുവതി കാമുകനായ ലീ റൈറ്റ് എന്നയാളുടെ വീട്ടില്‍ എത്തിയ സമയത്തായിരുന്നു സംഭവം. കുട്ടിയെ മുകളിലത്തെ നിലയില്‍ ഉറക്കിക്കിടത്തിയ ശേഷം ഇവര്‍ താഴത്തെ നിലയില്‍ ടി വി കാണുകയായിരുന്ന സമയത്താണ് നായയുടെ ആക്രമണം.

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് തങ്ങള്‍ ഓടിച്ചെന്നതെന്ന് ഇവര്‍ പറയുന്നു. അപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. അത്യഹിതസഹായ വിഭാഗം എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അടുത്ത മാസം 9ന് കുട്ടിക്ക് ഒരു വയസ് തികയാനിരിക്കെയാണ് മരണം. കുട്ടിയോട് അശ്രദ്ധ കാട്ടിയ കുറ്റത്തിന് അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

1991ലെ ഡേഞ്ചറസ് ഡോഗ്സ് ആക്റ്റ് പ്രകാരം വീട്ടില്‍ വളര്‍ത്തുന്നത് നിരോധിച്ചിട്ടുള്ള ഇനമാണ്‌ പിറ്റ്ബുള്‍. മുമ്പ് ഈ നായ മുതിര്‍ന്നവരെപ്പോലും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. അയല്‍ക്കാര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെച്ച് നായ ആക്രമിച്ചാല്‍ ഉടമക്കെതിരെ കേസെടുക്കാനുള്ള നിയമം ഈ ഏപ്രിലില്‍ യുകെയില്‍ വരാനിരിക്കുന്നതെ ഉള്ളൂ.

അപകടകാരികളായ നായകളെ വീട്ടില്‍ വളര്‍ത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Leave a Reply