728-pixel-x-90-2-learn
728-pixel-x-90
<< >>

ഉയരെ..ബോബി-സഞ്ജയ്,മനു അശോകന്‍,പാര്‍വതി,ആസിഫ്,ടോവിനോ,സിദ്ധിഖ് !!

ഗൃഹലക്ഷ്മിയുടെ ബാനറില്‍ ബോബി സഞ്ജയുടെ ലക്ഷണമൊത്ത തിരക്കഥയില്‍ നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത “ഉയരെ” പ്രേക്ഷക ഹൃദയങ്ങളില്‍ ഉയര്‍ന്നു പറക്കുകയാണ്.കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ഇത്രയും സ്വാഭാവികവും കാലിക പ്രസക്തവുമായ ഒരു പ്രമേയം അടുത്തെങ്ങും കണ്ടിട്ടില്ല എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ  പൊതു അഭിപ്രായം.ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും മിഴിവേകാന്‍ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയിന് കഴിഞ്ഞു.പ്രതാപ് പോത്തന്റെയും പ്രേം പ്രകാശിന്റെയും കഥാപാത്രങ്ങള്‍ ഉദാഹരണം.

ആസിഫ് അലിയുടെ കരിയറിലെ മികച്ച വേഷമാകുകയാണ് ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രം.ആസിഫ് അലി ഇനി “ആസിഡ് അലി” എന്ന് വിളിക്കപ്പെട്ടാലും അത്ഭുതമില്ലെന്നു ചിത്രം കണ്ടിറങ്ങിയ ചില പ്രേക്ഷകര്‍ പറഞ്ഞു.അടുത്തിടെ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനങ്ങള്‍ കാഴ്ച  വെക്കുന്ന ടോവിനോ തോമസും തന്റെ വേഷം ഹൃദ്യമാക്കി.സിദ്ധിക്ക് നിരവധി അച്ഛന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉയരെയിലെ രവീന്ദ്രന്‍  എന്ന കഥാപാത്രം എന്നും ഉയരങ്ങളില്‍ നില്‍ക്കും.പാര്‍വതിയുമൊത്തുള്ള സീനുകളില്‍ അസാമാന്യ  പ്രകടനമാണ് സിദ്ധിക്ക് പുറത്തെടുത്തത്.

വൈകാരിക സന്ദര്‍ഭങ്ങളുടെ അവതരണവും തുടര്‍ന്നുള്ള ട്രാന്‍സിഷന്‍ ഷോട്ടുകളും മനു അശോകന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നു.സ്വയം ഉള്‍വലിഞ്ഞ ഒരു സമൂഹത്തിനുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ് ഉയരെ എന്ന ചിത്രം എന്നതില്‍ സൃഷ്ടാക്കള്‍ക്ക് അഭിമാനിക്കാം.ഗൃഹലക്ഷ്മി എന്ന എക്കാലത്തെയും മികവുറ്റ ബാനറിന്റെ പുതു തലമുറയും ഇത്തരമൊരു ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായതില്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഉയരെയിലെ പല്ലവി രവീന്ദ്രന്‍ ഏറെക്കാലം പ്രേക്ഷക മനസുകളെ പിന്തുടരുമെന്നു ഉറപ്പു.ഒപ്പം ഉയരെ മുന്നോട്ട് വയ്ക്കുന വ്യവസ്ഥകളില്ലാത്ത സൌഹൃദങ്ങളും പിതൃ പുത്രി ബന്ധവും സൌന്ദര്യത്തിന്റെ പുതു നിര്‍വചനങ്ങളുമൊക്കെ അവ പിന്തുടരുന്ന ഒരു ന്യൂനപക്ഷത്തില്‍ നിന്നും അത്തരം ചിന്തകള്‍ ബഹു ഭൂരിപക്ഷത്തിലേക്ക് എത്തിക്കുവാന്‍ ഈ ചിത്രം ഏറെ സഹായിക്കുമെന്നുറപ്പ്.

സ്വപ്നങ്ങള്‍ക്ക് ഉയരെ പറക്കാന്‍ ഒരേ ഒരു ചിന്ത മതി…സ്വപ്‌നങ്ങള്‍ എരിച്ചു കളയാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടാവെമെങ്കിലും.ആ ഒരു ചിന്തയ്ക്ക് ബിഗ് സല്യൂട്ട് ! ഒപ്പം നമുക്കോരോരുത്തര്‍ക്കും അത്തരം ഒരു ചിന്തയ്ക്ക് ഒരു കൈത്തിരി വെട്ടമെങ്കിലും പകരനായാല്‍ ജീവിതം കൂടുതല്‍ മനോഹരമാകും.

SIJA INDIANEWS24 MOVIE DESK

 

Leave a Reply