ചെന്നൈ: ഐ.എസ്.ആര്.ഒയുടെ ചൊവ്വ ഉപഗ്രഹം മംഗള്‍യാന്‍െറ ഭ്രമണപഥം വികസിപ്പിക്കാനുള്ള അഞ്ചാംശ്രമം വിജയകരമായി പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാംഘട്ട ശ്രമത്തില്‍ മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന കഴിഞ്ഞതായി ഐ.എസ്.ആര്.ഒ അറിയിച്ചു.
നാലാം ഭ്രമണംപഥം വികസിപ്പിക്കാന്‍ തിങ്കളാഴ്ച നടന്ന ശ്രമം ഭാഗികമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ശ്രമിച്ചത്. 78,276 കി.മീറ്ററില്‍നിന്നാണ് ഭൂമിയിലേക്കുള്ള കൂടിയ അകലം (അപോജി) ഒരു ലക്ഷം കി. മീറ്ററായി വര്‍ധിപ്പിച്ചത്. ഇതോടെ മംഗള്യാന് പേടകത്തിന്‍്റെ ഭൂഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം 1,18,642 കിലോമീറ്ററായി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാംഗളൂര്‍ എസ്.സി.സി (സ്പേസ് കണ്ട്രോള് സെന്റര്‍) യില്‍നിന്നുള്ള നിര്‍ദേശം ഉപഗ്രഹത്തിന് നല്‍കിയത്. എന്നാല്‍ 71,623 കിലോമീറ്ററില്‍ നിന്ന് 78,276 കി.മീറ്ററിലേക്ക് വികസിപ്പിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. അതിനാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് വീണ്ടും ഭ്രമണപഥം ഉയര്‍ത്താനുള്ള ശ്രമം നടത്തുകയായിരുന്നു.
അഞ്ചാം തവണ 1,92,000 കി.മീറ്റര്‍ അകലേക്കാണ് ഉപഗ്രഹം നീങ്ങേണ്ടത്. 16നാണ് അഞ്ചാം ഭ്രമണപഥം വികസിപ്പിക്കല്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ച ഐ.എസ്.ആര്.ഒയുടെ ആദ്യ ഗോളാന്തര ഉപഗ്രഹം 44 മിനിറ്റിനകം ഭൂമിയുടെ അടുത്ത ദൂരം 264.1 കി.മീറ്ററും അകന്ന ദൂരം 23,903 കി.മീറ്ററും ഉള്ള ആദ്യ ഭ്രമണപഥത്തിലാണ് എത്തിയിരുന്നത്. ഡിസംബര്‍ ഒന്നിന് അര്‍ധരാത്രി 12.45നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയെ ലക്ഷ്യമാക്കി യാത്ര തുടങ്ങുക. ഇതിനിടെ അഞ്ചു തവണ ഭ്രമണപഥം വികസിപ്പിച്ച് രണ്ടു ലക്ഷം കി.മീറ്റര്‍ അകലെ എത്തിക്കുകയാണ് ലക്ഷ്യം.