728-pixel-x-90-2-learn
728-pixel-x-90
<< >>

ഉന്നതവിദ്യാഭ്യാസത്തിന് കാനഡയില്‍ ചെലവേറുന്നു

ടൊറന്റോ: കാനഡയില്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തിനുള്ള ചെലവ് കുത്തനെ ഉയരുന്നു. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്യരാജ്യക്കാരെയാകും ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മലയാളി രക്ഷിതാക്കളെ എടുത്താല്‍ പൊങ്ങാത്ത ഭാരമാണ് കാത്തിരിക്കുന്നത്. സ്റ്റു ഡ ന്റ് വിസയില്‍ കാനഡയിലേക്ക് വരാന്‍ ശ്രമിക്കുന്ന അന്യരാരാജ്യക്കാര്‍ക്കും കുതിച്ചുയരുന്ന വിദ്യാഭ്യാസചെലവ് വെല്ലുവിളിയാകും.
കാനഡയില്‍ ഒന്റാരിയോയിലാണ് വിദ്യാഭ്യാസചെലവ് കൂടുതലെന്ന് കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് നടത്തിയ പഠനം പറയുന്നു. 2016-17ല്‍ എത്തുമ്പോഴേക്കും സര്‍വകലാശാലാ ബിരുദ ഫീസ്‌ 1990-91ലേതിനെക്കാള്‍ മൂന്നിരട്ടിയാകും. 1990-91ല്‍ ബിരുദ വിദ്യാഭ്യാസത്തിനുള്ള ശരാശരി ഫീസ്‌ 1464 ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ 2012-13ല്‍ ഇത് 6348 ഡോളറായി വര്‍ധിച്ചു. 2016-17 ആകുമ്പോള്‍ ഫീസ്‌ 7347 ഡോളറില്‍ എത്തുമെന്ന് പഠനം പ്രവചിക്കുന്നു. ഒന്ടാരിയോയില്‍ ഇത് 8756 ഡോളറായി വര്‍ധിക്കും.
ട്യൂഷന്‍ ഫീസിനു പുറമെ പുസ്തകങ്ങള്‍, ജീവിതച്ചെലവ്, യാത്ര, മറ്റു കാര്യങ്ങള്‍ എന്നിവ കൂടിയാകുമ്പോള്‍ നാലു വര്‍ഷത്തെ ബിരുദ വിദ്യാഭ്യാസത്തിനു 80000 ഡോളറില്‍ കൂടുതല്‍ വേണ്ടിവരുമെന്ന് പഠനം വ്യക്തമാക്കുന്നു.
ന്യൂഫൌണ്ട് ലാന്‍ഡും ലാബ്രഡോറും മാത്രമാണ് വിദ്യാഭ്യാസചെലവ് കാര്യമായി ഉയരാത്ത സ്ഥലങ്ങള്‍. 2872 ഡോളറാകും ഈ അധ്യയനവര്‍ഷം ഇവിടത്തെ സര്‍വകലാശാലകള്‍ ഈടാക്കുക. 2016-17ല്‍ 2886 ഡോളറായി വര്‍ധിക്കും.
ഭാവിയില്‍ നല്ല ജോലി ലഭിക്കാന്‍ സര്‍വകലാശാല ബിരുദം അനിവാര്യമാകുമെന്നും പഠനം പറയുന്നു. അടുത്ത പതിറ്റാണ്ടില്‍ ഉണ്ടാകുന്ന തൊഴിലില്‍ 75 ശതമാനത്തിനും സര്‍വകലാശാലാ ബിരുദം അനിവാര്യമാകും. 2010-20 കാലത്ത് ബിരുദം അടിസ്ഥാനയോഗ്യതയായ 21 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ബിരുദം ഇല്ലാത്തവരെക്കാള്‍ മികച്ച വരുമാനവും തൊഴില്‍ സുരക്ഷയും ബിരുദം ഉള്ളവര്‍ക്ക് ലഭിക്കും.
വിദ്യാഭ്യാസചെലവിനു വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ഇത് നികുതിദായകര്‍ക്കും ആശങ്ക നല്‍കുന്നു. തിരിച്ചടയ്ക്കാത്ത 231 ദശലക്ഷം ഡോളര്‍ വിദ്യാഭ്യാസവായ്പ ഈ വര്‍ഷം സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. നികുതിവര്ധനയോ പുതിയ നികുതിയായോ ഇവ ജനങ്ങള്‍ക്കുമേല്‍ തന്നെ വരുമെന്നതാണ് യാഥാര്‍ഥ്യം.
വിദ്യാഭ്യാസചെലവ് കുത്തനെ ഉയരുന്നതിനെതിരെ കാനഡയില്‍ പലയിടത്തും പ്രതിക്ഷേധം ശക്തമാകുന്നുണ്ട്. ക്യുബക്കില്‍ കഴിഞ്ഞ വര്‍ഷം ഫീസ്‌ കുത്തനെ ഉയര്‍ത്താനുള്ള നീക്കം വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

Leave a Reply