728-pixel-x-90-2-learn
728-pixel-x-90
<< >>

മാര്‍ക്സിസ്റ്റോ ഈ മാര്‍പാപ്പ?

വരവ് ചെഗുവരെയുടെയും ഫിദല്‍ കാസ്ട്രോയുടെയുമൊക്കെ ലാറ്റിനമേരിക്കയില്‍ നിന്ന്. പറയുന്നതേറെയും പാവപ്പെട്ടവന് വേണ്ടി. ഈ മാര്‍പ്പാപ്പ മാര്‍ക്സിസ്റ്റ്‌ ആണോ. താന്‍ മാര്‍ക്സിസ്റ്റ്‌ അല്ലെന്നും മാര്‍ക്സിസം  ശരിയല്ലെന്നും വ്യക്തമാക്കുന്ന പോപ്പ് പക്ഷേ ഒന്നു കൂട്ടിച്ചേര്‍ക്കുന്നു. നല്ലവരായ ഒരുപാട് മാര്‍ക്സിസ്റ്റുകാരെ എനിക്കറിയാം. അവര്‍ ആക്രമിക്കപ്പെടേണ്ടവര്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.

മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കണമെന്നാണ് ക്രിസ്തുവും മാര്‍ക്സും പറഞ്ഞത്. ഇരുവരുടെയും അനുയായികളില്‍ പലര്‍ക്കും താല്‍പര്യമില്ലാത്ത വിഷയവും അതുതന്നെ. അറിയാതെയെങ്ങാനും മനുഷ്യസ്നേഹമെന്നൊക്കെ പറഞ്ഞുപോയാല്‍ മാര്‍പ്പാപ്പ ആയാലും ശരി ഗാഗുല്‍ത്താമല ഓര്‍ക്കുന്നത് നന്നായിരിക്കും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോപ്പ് പുറപ്പെടുവിച്ച ഒരു ലേഖനത്തിലെ ചില പരാമര്‍ശങ്ങളാണ് യാഥാസ്ഥിതികരെയും മുതലാളിത്ത അനുകൂലികളെയും ചൊടിപ്പിച്ചത്. അതും പോരാഞ്ഞ് മറ്റ് ചില മഹാപരാധങ്ങളും മാര്‍പ്പാപ്പ ചെയ്തു. മറ്റുള്ളവര്‍ കണ്ടാല്‍ അറപ്പോടെ മുഖതിരിക്കുന്നത്ര വിരൂപനായ ഒരാളെ കെട്ടിപ്പിടിച്ച് ചുംബിച്ചു. തന്‍റെ പിറന്നാള്‍ സഭയിലെ പ്രമാണിമാരെ ക്ഷണിക്കാതെ കുറെ വീടില്ലാത്ത ദാരിദ്ര്യവാസികള്‍ക്കൊപ്പം ആഘോഷിച്ചു. പാവപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുരോഹിതന്മാര്‍ പളപളപ്പന്‍ കാറുകള്‍ ഉപേക്ഷിച്ച് ബസിലോ പഴയ കാറിലോ യാത്ര ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. കാമുകന്‍ വഞ്ചിച്ച് അവിഹിതമായി ഗര്‍ഭം ധരിച്ച യുവതിയുടെ കുഞ്ഞിനെ ജ്ഞാനസ്നാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. സംശയമില്ല…മാര്‍പാപ്പ മാര്‍ക്സിസ്റ്റ്‌ തന്നെ.

പശ്ചിമബംഗാളിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നിരപ്പായതോടെ മനസമാധാനത്തോടെ കഞ്ഞികുടിച്ച് കഴിയുകയായിരുന്നു പാവം മുതലാളിമാര്‍. അപ്പോഴാണ് ഈശോമറിയം ചൊല്ലി കുരിശുംവരച്ച് ഇരിക്കേണ്ട മാര്‍പ്പാപ്പ മാര്‍ക്സിസത്തിന്റെ മറുഭാഷയുമായി ഇറങ്ങിയത്‌.  സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടര്‍ തോമസ്‌ ഐസക്കിനോളം വരില്ലെങ്കിലും പോപ്പ് തൊടുത്ത അമ്പ് മുതലാളിത്തത്തിന്‍റെ നെഞ്ചില്‍ തന്നെ കൊണ്ടു. അമേരിക്കക്കാര്‍ വാഴ്ത്തിപ്പാടുന്ന ട്രിക്കിള്‍ ഡൌണ്‍ സിദ്ധാന്തത്തെ പോപ്പ് പൊളിച്ചടുക്കി. സമ്പന്നന്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും ഇളവുകളും സമൂഹത്തിന്‍റെ മൊത്തം വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് ട്രിക്കിള്‍ ഡൌണ്‍ സിദ്ധാന്തക്കാരുടെ വാദം. ഒരു ഗ്ലാസില്‍ വെള്ളമൊഴിച്ചാല്‍ അത് തുളുമ്പുമെന്നും ആ തുളുമ്പുന്ന വെള്ളംകൊണ്ട് പാവപ്പെട്ടവന് തൊണ്ട നനയ്ക്കാമെന്നും ഉദാഹരണം വെക്കുകയും ചെയ്തു. എന്നാല്‍, കയറൂരിവിട്ട മുതലാളിത്തത്തില്‍ ധനികന്‍ കൂടുതല്‍ ധനികനാകുന്നതല്ലാതെ പാവപ്പെട്ടവന് പ്രയോജനം ലഭിക്കുന്നില്ലെന്ന് പോപ്പ് പറഞ്ഞു. വെള്ളം നിറയുന്നതോടെ ഗ്ലാസ്‌ മായാജാലം കൊണ്ടെന്നപോലെ കൂടുതല്‍ വലുതാകുകയാണ്. ഒറ്റ തുള്ളി വെള്ളംപോലും തുളുമ്പുന്നില്ല- പോപ്പ് ചൂണ്ടിക്കാട്ടി.

ഇതോടെ ഈ പോപ്പിനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് യാഥാസ്ഥിതികരും മുതലാളിത്ത കുഴലൂത്തുകാരും തീരുമാനിച്ചു. ‘കൂലിത്തല്ലുകാരെ’യാണ് ആദ്യം രംഗത്തിറക്കിയത്. പോപ്പിന്‍റെ വായില്‍ നിന്ന് വരുന്നത് മുഴുവന്‍ മാര്‍ക്സിസമാണെന്ന ആരോപണവുമായി അമേരിക്കന്‍ റേഡിയോ അവതാരകന്‍ റുഷ് ലിംബോ തുടക്കമിട്ടു. മറ്റ് ചിലര്‍ ഏറ്റുപിടിച്ചു. പോപ്പ് വാത്തിക്കാന്‍റെയും സഭയുടെയും കാര്യം നോക്കിയാല്‍ മതിയെന്നും സാമ്പത്തികരംഗം നോക്കാന്‍ ഇവിടെ വേറെ ആള്‍ക്കാര്‍ ഉണ്ടെന്നും പറയാന്‍വരെ ചിലര്‍ ധൈര്യം കാട്ടി. ഞങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ എതിരെ നിന്നാല്‍ മാര്‍പ്പാപ്പയാണെങ്കിലും സൂക്ഷിച്ചോ എന്ന് ചുരുക്കം.

പക്ഷേ, ഈ കോലാഹലങ്ങളിലൊന്നും പോപ്പ് ഫ്രാന്‍സിസ് കുലുങ്ങുന്നില്ല. പക്ഷേ, എത്രനാള്‍. ബറാബസിന് മോചനവും ദൈവപുത്രന് കുരിശുമരണവും വിധിച്ചതാണ് ലോകം. അതും ആയിരക്കണക്കിന് വര്‍ഷം മുമ്പ്.

2 Responses to മാര്‍ക്സിസ്റ്റോ ഈ മാര്‍പാപ്പ?

 1. Sebastian Vattamattam Reply

  December 21, 2013 at 10:17 AM

  ഈ പറയുന്ന സകല കാര്യങ്ങളോടും പൂർണമായി യോജിക്കുന്നു. പക്ഷെ എനിക്കു പിടികിട്ടാത്ത ഒന്നുണ്ട്: തിരുശേഷിപ്പു വാണിഭ ത്തിലൂടെ ലോകമൊട്ടുക്കുള്ള പാവങ്ങളുടെ പണം തട്ടിയെടുക്കുന്ന പുണ്യാള നിർമ്മാണത്തിന് എന്തുകൊണ്ട് ഈ പോപ്‌ ഇത്രമാത്രം ഉത്സാഹം കാണിക്കുന്നു?

  • ജോര്‍ജ് സാല്‍ Reply

   January 20, 2014 at 7:06 PM

   ഒരുദിവസം കൊണ്ട്കാര്യങ്ങള്‍തീരുമാനിക്കാന്‍വരട്ടെ…കാത്തിരിക്കൂ…ഫ്രാന്‍സിസ്ചരിത്രം കുറിക്കും

Leave a Reply