jio 800x100
jio 800x100
728-pixel-x-90
<< >>

ഈ മനോഹര തീരത്ത് വരുമോ ഒരിക്കല്‍ കൂടി….

 

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം …. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി... എന്ന് വെള്ളിത്തിരയില്‍ പാടിയ മലയാളത്തിന്‍റെ prem-nazirനിത്യഹരിതനായകന്‍ ചിറയിന്‍കീഴിന്റെ മണ്ണോടലിഞ്ഞു ചേര്‍ന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. തിരശീലയില്‍ ഒരുപാടു  സുന്ദര മുഖങ്ങള്‍ വന്നു പോയിട്ടും ഇന്നും മലയാളിയുടെ പ്രണയത്തിനു ഒരു മുഖമേയുള്ളൂ . നസീറും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും മലയാളത്തിനു എക്കാലവും നിറമുള്ള ഓര്‍മകളാണ്.

 

1952 ല്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ്  ചിറയിന്‍കീ‍ഴുകാരന്‍ അബ്‍ദുല്‍ ഖാദര്‍ മലയാളത്തിന്‍റെ വെള്ളിത്തിരയിലെത്തുന്നത്. പക്ഷെ അബ്ദുല്‍ ഖാദറിനെ പിന്നീട് നാം കേട്ടിട്ടില്ല.അബ്ദുല്‍ ഖാദറിനെ പ്രേം നസീര്‍ എന്ന റൊമാന്റിക് നാമധാരിയാക്കിയത്  മലയാള സിനിമയുടെ കാരണവരായ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്​.തുടര്‍ന്ന് എ‍ഴുന്നൂറിലധികം ചിത്രങ്ങളിലാണ്​ പ്രേം നസീര്‍ നായകനായി അഭിനയിച്ചത്​. അതിലേറെയും പ്രണയ ചിത്രങ്ങള്‍ . പാട്ട് പാടിയും മരം ചുറ്റിയും ആ സുന്ദര കളേബരന്‍ മലയാളിയെ പ്രേമിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. മലയാളിയുടെ നായക സങ്കല്‍പത്തിന്റെ, പ്രേമ സങ്കല്‍പത്തിന്റെ പൂര്‍ണ്ണതയായിരുന്നു നസീര്‍.lal mammootty nazir

1926 ഏപ്രില്‍ 7ന് ചിറയിന്‍കീഴിലാണ് പ്രേം നസീര്‍ എന്ന അബ്ദുല്‍ ഖാദര്‍ ജനിച്ചത്. 1989 ജനുവരി 16 നു 63 വയസു മാത്രമുള്ളപ്പോള്‍ അദ്ദേഹം യാത്രയായി. സിനിമയില്‍ പ്രവേശിക്കുമ്പൊഴേക്കും അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു എന്നത് ഇന്നും പലര്‍ക്കും അറിയാത്ത വസ്തുതയാണ്.

ഗാനരംഗങ്ങളില്‍ അഭിനയിക്കാനുള്ള പ്രേം നസീറിന്റെ കഴിവ് അപാരമായിരുന്നു. യേശുദാസിന്‍റെ അനശ്വരമാക്കിയ ഗാനങ്ങള്‍ പലതും പൂര്‍ണ്ണതയിലെത്തിയത് നസീറിന്‍റെ ചുണ്ടുകളിലൂടെയായിരുന്നു. ആയിരം പാദസരങ്ങള്‍ കിലുങ്ങി, താമസമെന്തേ വരുവാന്‍, ഹൃദയ സരസിലെ തുടങ്ങി എത്ര സുന്ദര  ഗാനങ്ങളുണ്ട് ഇതിനുദാഹരണമായി. പ്രണയ – കുടുംബ ചിത്രങ്ങളുടെ കുത്തൊഴുകക്കിനിടയിലുംനസീറിലെ നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു ഇരുട്ടിന്റെ ആത്മാവ്,കള്ളിച്ചെല്ലമ്മ,മുറപ്പെണ്ണ്,അനുഭവങ്ങള്‍ പാളിച്ചകള്‍,പടയോട്ടം,വിട പറയും മുന്‍പേ,അഴകുള്ള സെലീന ,ധ്വനി എന്നിവ.

നസീര്‍ – ബയോഗ്രാഫി ( കടപ്പാട് വിക്കിപീഡിയ)

തിരുവിതാകൂറിലെ ചിറയിന്‍കീഴില്‍ അക്കോട് എന്ന സ്ഥലത്ത് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7 നു പ്രേം നസീര്‍ ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്ക്മാൻസ് കോളേജ് (SB കോളേജ്, ചങ്ങനാശ്ശേരി) എന്നിവടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി മാറിയിരുന്നു.

എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ , മെരിലാന്‍‌ഡ് സ്റ്റുഡിയോകൾ ആയിരുന്നു. 33 ചിത്രങ്ങളില്‍ ഡബിള്‍ റോളുകളിലും 3 ചിത്രങ്ങളില്‍ ട്രിപ്പിള്‍ വേഷത്തിലും നസീര്‍ അഭിനയിച്ചിട്ടുണ്ട്. 610 ചിത്രങ്ങള്‍ എന്ന നസീറിന്റെ റെക്കോഡിനെ മറികടക്കാന്‍ ഒരു അഭിനേതാവിനും സാധിച്ചിട്ടില്ല. സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് പുറമെ പത്മഭൂഷന്‍,പത്മശ്രീ പുരസ്കാരങ്ങളും നസീറിനെ തേടിയെത്തിയിട്ടുണ്ട്. പ്രേംനസീർ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുഗു ചിത്രങ്ങളിലും രണ്ട് കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി ഷീലയുമൊത്ത് അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. 1979-ൽ മാത്രം അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. 600 ചിത്രങ്ങളിൽ 85 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷന്‍ പുരസ്കാരം അദ്ദേഹത്തിനു നൽകി.

പ്രേം നസീര്‍ ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട് :

  1. 107 ചലച്ചിത്രങ്ങളിൽ ഷീല എന്ന ഒരു നായികയുടെ കൂടെ മാത്രം നായകനായി അഭിനയിച്ചു.naseer sheela
  2. 610 ചലച്ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു
  3. 1979 – ൽ പ്രദർശിപ്പിക്കപ്പെട്ട 39 ചലച്ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ചു.

ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരോടോപ്പം നസീര്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമാണ് കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ടത്. അദ്ദേഹത്തിന്‍റെ അവസാന ചിത്രങ്ങളായ ലാല്‍ അമേരിക്കയിലും കടത്തനാടന്‍ അമ്പാടിയിലും മോഹന്‍ലാലിനോപ്പമായിരുന്നു അഭിനയിച്ചത്. പ്രേം നസീര്‍ സ്മരണകള്‍ ഇന്നും സജീവമാക്കി നിര്‍ത്തുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച നടന്‍ ജയറാമിനോപ്പം അദ്ദേഹം ധ്വനി എന്ന ചിത്രത്തില്‍ അഭിനയിച്ചു.ജയറാമിന്‍റെ സമീപകാല ചിത്രങ്ങളായ മനസിനക്കരെ , നായിക എന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായത് നസീറിനെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനു ഏറെ സഹായിച്ചു.നസീറിന്‍റെ സമകാലികരില്‍ സിനിമയില്‍ തുടരുന്നത് മധുവും ജി കെ പിള്ളയുമാണ്. നസീര്‍ നായികമാരായി പുകള്‍ പെറ്റ ഷീലയും ജയഭാരതിയും ലക്ഷ്മിയും ഇന്നും സജീവമാണ്.

മലയാള സിനിമയുടെ, പ്രത്യകിച്ചു കമ്മേര്‍ഷ്യല്‍ സിനിമയുടെചരിത്രം രചിക്കുന്നവര്‍ക്ക് എന്നും ഒരു പാഠപുസ്തകമായി നസീറിന്‍റെ അശ്വമേധം നിലകൊള്ളും.

 

പ്രേം നസീറിന്‍റെ ദീപ്ത സ്മരണകളോടെ INDIANEWS24 ടീം.

 

 

Leave a Reply