728-pixel-x-90-2-learn
728-pixel-x-90
<< >>

ഈ ജിപ്തില്‍ അക്രമം തുടരുന്നു

കെയ്റോ: ഈജിപ്തില്‍  സൈന്യം നിയോഗിച്ച ഇടക്കാല സര്‍ക്കാരിനെതിരെ മുസ്ലിംബ്രദര്‍ഹുഡ് ആരംഭിച്ച പ്രതിഷേധത്തില്‍ വ്യാപക അക്രമം. പുറത്തായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് പിന്തുണയുമായി വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തിയ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. സൈനികനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ട് പ്രവിശ്യയില്‍ സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ബ്രദര്‍ഹുഡിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിന്റെ അധോസഭയെ ഇടക്കാല പ്രസിഡന്റ് പിരിച്ചുവിട്ടു. പുതിയ ഇന്റലിജന്‍സ് മേധാവിലെ നിയോഗിച്ചതായും ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്ചെയ്തു. ഇസ്രയേല്‍ അതിര്‍ത്തിയിലെ സീനായ് മേഖലയില്‍ വിമാനത്താവളത്തിലെ സൈനിക ചെക്പോസ്റ്റിനുനേരെ അക്രമികള്‍ റോക്കറ്റും ഗ്രനേഡും പ്രയോഗിച്ചു. സമീപത്ത് പലസ്തീന്‍ അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ഒരു സൈനികന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. തലസ്ഥാനമായ കെയ്റോയില്‍ മുര്‍സിയെ പാര്‍പ്പിച്ചിരിക്കുന്ന മേഖലയില്‍ സൈനിക ബാരക്കുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിവയ്പുണ്ടായി. ഇവിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്തു. രാജ്യത്ത് മതഭരണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭത്തിന് വഴങ്ങാതിരുന്ന മുര്‍സിയെ നീക്കംചെയ്ത സൈന്യം പരമോന്നത ഭരണഘടനാ കോടതി മേധാവി അദ്ലി മഹ്മൂദ് മന്‍സൂറിനെ ഇടക്കാല പ്രസിഡന്റായി നിയോഗിച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്നും സൈന്യം അട്ടിമറി നടത്തിയെന്നും പ്രഖ്യാപിച്ച മുര്‍സിയുടെ മുസ്ലിംബ്രദര്‍ഹുഡ് വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്തിരുന്നു. കെയ്റോയ്ക്കു പുറമെ അലക്സാന്‍ഡ്രിയ, അസിയത്, ഇസ്മയിലിയ തുടങ്ങിയ നഗരങ്ങളിലും നൂറുകണക്കിന് ബ്രദര്‍ഹുഡുകാര്‍ തെരുവിലിറങ്ങി. ബ്രദര്‍ഹുഡിന്റെ പ്രതിഷേധത്തിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാന്‍ പുരോഗമനവാദ സഖ്യവും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇതോടെ ഇരുപക്ഷവും തമ്മിലുള്ള വ്യാപക സംഘര്‍ഷത്തിലേക്ക് രാജ്യം നീങ്ങുമോ എന്ന് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. നൈല്‍ ഡെല്‍റ്റയിലെ ദാമനോറില്‍ വെള്ളിയാഴ്ച ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 21 പേര്‍ക്ക് പരിക്കേറ്റു. സൂയസ് നഗരമായ ഇസ്മാലിയയില്‍ മുര്‍സി അനുകൂലികള്‍ ഗവര്‍ണറുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ഇവരെ നിയന്ത്രിക്കാന്‍ സൈന്യം ആകാശത്തേക്ക് വെടിവച്ചു. അതേസമയം, മുര്‍സിയെ സൈന്യം നീക്കിയതില്‍ പ്രതിഷേധിച്ച് ആഫ്രിക്കന്‍ യൂണിയനില്‍നിന്ന് ഈജിപ്തിനെ പുറത്താക്കി. ഭരണഘടനാവിരുദ്ധമായി അധികാരം പിടിച്ചെടുത്തുവെന്ന് ആരോപിച്ചാണ് 54 അംഗ സംഘടനയുടെ നടപടി. എന്നാല്‍, സൈനിക അട്ടിമറിയല്ല നടന്നതെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം സൈന്യം നില്‍ക്കുകയായിരുന്നെന്നും അഡിസ് അബാബയില്‍ എയു സമാധാന സുരക്ഷാ സമിതിയോഗശേഷം ഈജിപ്ത് സ്ഥാനപതി മുഹമ്മദ് ഇദ്രിസ് മാധ്യമങ്ങളോട് പറഞ്ഞു. – See more at: http://deshabhimani.com/newscontent.php?id=321578#sthash.SNV78q2M.dpuf

Leave a Reply