jio 800x100
jio 800x100
728-pixel-x-90
<< >>

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

അബുദാബി: കേരളത്തിന്റെ ദൃശ്യ വശ്യത കൂടുതല്‍ വെളിപ്പെടുത്തിയ ജേര്‍ണി  ടു ഷാന്‍ഗ്രീല, വിയറ്റ്നാമിന്റെ മനോഹാരിത നമ്മെ പരിചയപ്പെടുത്തിയ ദി അദര്‍ സൈഡ് എന്നിവയുടെ പ്രമേയത്തുടര്‍ച്ചയാണ് നാസിം മുഹമ്മദിന്റെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ഹ്രസ്വ ചിത്രം. ടൂറിസം കണ്‍സള്‍ട്ടന്റും ഹോളിഡേ സ്പെഷ്യലിസ്റ്റുമായി പ്രവര്‍ത്തിക്കുന്ന നാസിമിനു ആദ്യ സംരംഭമായ ജേര്‍ണി ടു ഷാന്‍ഗ്രീലയില്‍ നിര്‍മ്മാതാവിന്റെ വേഷമായിരുന്നു.നിബു പേരേറ്റില്‍ സംവിധാനവും സനു സത്യനും കെ വി പ്രകാശും ചേര്‍ന്നു രചനയും നിര്‍വ്വഹിച്ച ഈ  ഡോക്യുഫിക്ഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് യൂണിലൂമിനയുടെ ബാനറില്‍ നാസിം സംവിധാനം ചെയ്ത ദി അദര്‍ സൈഡ്  പ്രധാനമായും വിയറ്റ്നാമിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒരു ഫാമിലി ഡ്രാമയായിരുന്നു. വിയറ്റ്നാം എന്ന ചെറു രാജ്യത്തെ അപൂര്‍വ്വ കാഴ്ചകള്‍ കൊണ്ട് സമ്പന്നമായ ഈ ഹ്രസ്വ ചിത്രം യൂ ടൂബില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചു.

india 1യൂണിലൂമിനയുടെ ബാനറില്‍ എത്തുന്ന ഇവാന്‍ ആന്‍ഡ് ജൂലിയ എന്ന ചിത്രം മലയാളത്തിലെ പ്രഥമ ടൂറിസം ത്രില്ലര്‍ ഹ്രസ്വ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കുന്നു. വിനോദ സഞ്ചാര മേഖലയെ പ്രമേയമായി നാസിം മുഹമ്മദിന്‍റെതായി എത്തുന്ന മൂന്നാമത് സംരംഭമാണിത്.ഒരു ചെറു സിനിമയുടെ ചേരുവകളുമായി എത്തുന്ന ഈ ചിത്രം ടൂറിസം മേഖലയിലെ അനലഭിഷണീയമായ പ്രവണതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സോദ്ദേശ സൃഷ്ടി കൂടിയാണ്.ഗള്‍ഫ് മാധ്യമ രംഗത്തെ കുലപതിമാരില്‍ ഒരാളായ മൊയ്തീന്‍കോയ,നവാഗത പ്രതിഭയായ രേഷ്മ സോണി, മാധ്യമ പ്രവര്‍ത്തകനും ന്യൂസ്‌ ഫോട്ടോഗ്രാഫറുമായ ജിതേഷ് ദാമോദര്‍, ഷെഫിന്‍,അപര്‍ണ്ണാ നായര്‍,അജിന്‍സ്,ഇജാസ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ നാസിം മുഹമ്മദും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. സനു സത്യന്‍ സംവിധാനം ചെയ്ത സ്റ്റെപ്സ് റീ ടോള്‍ഡ്‌ എന്ന നിശബ്ദ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നാസിം സ്വന്തം സംരംഭമായ ദി അദര്‍ സൈഡിലും നായക വേഷം അവതരിപ്പിച്ചിരുന്നു.

യു എ ഇ എക്സ്ചേഞ്ചിന്റെയും എന്‍ എം സി ഹെല്‍ത്ത്‌ കെയറിന്റെയും സഹകരണത്തോടെ യൂണിലൂമിനയുടെ ബാനറില്‍ നാസിം മുഹമ്മദ്‌ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ ക്യാമറാ വിഭാഗം പ്രവീണ്‍ കുറുപ്പും മഹേഷ്‌ അഞ്ചലും ചേര്‍ന്ന് കൈകാര്യം ചെയ്തിരുക്കുന്നു.ചിത്രത്തിന് ചടുലത പകര്‍ന്നു എഡിറ്റിംഗ് കളര്‍ ഗ്രേഡിംഗ് നിര്‍വ്വഹിച്ചത്‌ സഞ്ജയ ജയപ്രകാശാണ്.ഇവാന്‍ ആന്‍ഡ്‌ ജൂലിയയ്ക്ക് ഹൃദ്യമായ സംഗീതം പകര്‍ന്നത് വൈത്തീശ്വരന്‍ ശങ്കരനും ശബ്ദ സഞ്ചലനം ഷെഫിന്‍ മായനുമാണ്.ചിത്രത്തിന്റെ വി എഫ് എക്സ് വിഭാഗത്തിനു നേതൃത്വം നല്‍കിയത് ശബരീഷാണ്.

പ്രിവ്യൂ പ്രദര്‍ശനത്തോടനുബന്ധിച്ചു ചിത്രത്തിന്റെ പ്രായോജകരെ ആദരിക്കുകയുണ്ടായി. പ്രായോജകരെ പ്രതിനിധീകരിച്ചു അറ്റെര്‍ട്ടാ ലാഹ്സന്‍ ( യു എ ഇ എക്സ്ചേഞ്ച്),ഉല്ലാസ് ആര്‍.കോയ ( എന്‍ എം സി ഹെല്‍ത്ത്‌ കെയര്‍),ഷൈന്‍ കെടാകുളം(ഫെല്‍ട്രോണ്‍), റഷീദ് ബാബു പുളിക്കല്‍(സീ ബ്രീസ് കാര്‍ഗോ),വിബിന്‍ കുമാര്‍ (കാലിക്കറ്റ് നോട്ട്ബുക്ക്),മഹമൂദ് (ഐറീന ട്രാവല്‍),ഉമ്മര്‍ ഫറൂഖ് (അല്‍ഗസല്‍ ട്രാവല്‍),കുഞ്ഞമ്മ ജോര്‍ജ്ജ് (പിങ്ക് ടച്ച്) എന്നിവര്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും സ്മരണിക ഏറ്റു വാങ്ങി.

സശ്രദ്ധമായ സിനിമാസ്വാദനം ആവശ്യപ്പെടുന്ന,സ്ഥിരം ശൈലിയില്‍ നിന്ന് വ്യതിചലിച്ചുള്ള സ്ക്രിപ്ടിംഗും അവതരണവുമാണ് താന്‍ ഈ ഹ്രസ്വ ചിത്രത്തില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ നാസിം ഇന്ത്യാ ന്യൂസിനോട് പറഞ്ഞു.

അവകാശവാദങ്ങള്‍ എന്ത് തന്നെയായാലും ഇവാനും ജൂലിയയും പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ വര്‍ക്കല എന്ന സമുദ്ര സുന്ദരിയെക്കുറിച്ചാണ്. സിനിമയുടെ വ്യാകരണം തേടുന്ന വിമര്‍ശകരോട് ഇവാനും ജൂലിയയും പറയുന്നത് അവരെപ്പോലും സ്തബ്ധരാക്കിയ വര്‍ക്കല എന്ന സുര സുന്ദരിയുടെ സര്‍പ്പ സൌന്ദര്യത്തെക്കുറിച്ചാണ്.

വര്‍ക്കലയെക്കുറിച്ച് നിരവധി ഡോക്യുമെന്ററികളും വീഡിയോകളും യു ട്യൂബില്‍ ലഭ്യമാണെങ്കിലും ഇനി വര്‍ക്കല ഏറെക്കാലം അറിയപ്പെടാന്‍ പോകുന്നത് ഇവാനും ജൂലിയയും നല്‍കിയ സുന്ദരദൃശ്യങ്ങളിലൂടെയായിരിക്കും. ടൂറിസം എന്ന അഭിനിവേശം ഉപജീവനമാക്കിയ നാസിമിന് ഏറെ അഭിമാനിക്കാം സ്വന്തം നാടിനു സ്പാനിഷ് സംഗീതത്തില്‍ ചാലിച്ചു ഇങ്ങനെയൊരു ഫേസ് ലി ഫ്റ്റ്‌ നല്‍കിയതില്‍.

INDIANEWS24 MOVIES DESK

7 14 358

Leave a Reply