jio 800x100
jio 800x100
728-pixel-x-90
<< >>

ഇരുട്ടില്‍ തപ്പുന്ന ഇടതുപക്ഷം

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ആര്‍ക്കായിരിക്കും വോട്ട് ചെയ്തിരിക്കുക. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട ഈ ചോദ്യം ഇപ്പോഴും ഇന്ദ്രപ്രസ്ഥത്തിലെ എ കെ ജി ഭവന് ചുറ്റും ഉത്തരം കിട്ടാതെ അലഞ്ഞുനടക്കുന്നുണ്ട്. കാരാട്ട് വോട്ട് ചെയ്ത ന്യൂഡല്‍ഹി മണ്ഡലത്തിലും യെച്ചൂരി വോട്ട് ചെയ്ത മേഹ്രൌലി മണ്ഡലത്തിലും സിപിഎമ്മിനോ ഇടതുപക്ഷത്തിനോ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസിനും  ബിജെപിക്കും ബദല്‍ ചുട്ടെടുക്കാന്‍  ‘ഓടിനടക്കുന്ന’ കാരാട്ടും യെച്ചൂരിയും എന്തായാലും ആ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യില്ല എന്ന് കരുതാം. ആം ആദ്മി പാര്‍ട്ടിയെ ആകട്ടെ അരാഷ്ട്രീയവാദികളും അകറ്റിനിര്‍ത്തപ്പെടെണ്ടവരും ആയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പുവരെ സിപിഎം വിലയിരുത്തിയിരുന്നത്. ‘നോട്ട’ [ None Of The Above (NOTA)- ബാലറ്റിലെ ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുന്നില്ല എന്ന് രേഖപ്പെടുത്തുന്ന രീതി ]  ഇവര്‍ ഉപയോഗിച്ചിരിക്കാനും സാധ്യത കുറവ്. കാരണം നോട്ട ഏര്‍പ്പെടുത്തുന്നതിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തണം എന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടവരാണ് സിപിഎം.

ഈ രാജ്യത്തെ ബദല്‍ രാഷ്ട്രീയം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കള്‍ക്ക് കൈ വിറയ്ക്കാതെ വോട്ട് ചെയ്യാന്‍ ഒരു സ്ഥാനാര്‍ഥിയെപ്പോലും ഡല്‍ഹിയില്‍ കിട്ടിയില്ല എന്നത് എന്തൊരു  ദുരവസ്ഥയാണ്. ഡല്‍ഹിയില്‍ മൂന്നിടത്ത് മത്സരിച്ച സിപിഎമ്മിനും ഒമ്പതിടത്ത് മത്സരിച്ച സിപിഐക്കും മിക്കയിടത്തും അസാധുവിനെക്കാള്‍ കുറവാണു വോട്ട്. കരാവല്‍ നഗറില്‍ 1199 വോട്ട് നേടിയ സിപിഎം സ്ഥാനാര്‍ഥി മാത്രമാണ് നാലക്കം കണ്ടത്.

സിപിഎമ്മിന്‍റെ ഭരണഘടനപ്രകാരം അടിസ്ഥാനഘടകമായ ബ്രാഞ്ചില്‍ പരമാവധി അംഗസംഖ്യ 15 ആണ്. 18 വയസിന്  [അതായത് വോട്ടവകാശമുള്ള]  മുകളിലുള്ളവര്‍ക്കാണ് അംഗമാകാന്‍ കഴിയുക. ചുരുക്കത്തില്‍ ഡല്‍ഹിയില്‍ മത്സരിച്ച ഏതെങ്കിലും മണ്ഡലത്തില്‍ നല്ല 10 ബ്രാഞ്ച് ഉണ്ടാക്കാന്‍ കാരാട്ടിനും യെച്ചൂരിക്കുമൊക്കെ കഴിഞ്ഞിരുന്നെങ്കില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് 1500 വോട്ടെങ്കിലും കിട്ടിയേനെ.

കേരളത്തിലും ബംഗാളിലും ത്രിപുരയിലും കമ്മിറ്റികളില്‍ പങ്കെടുക്കുകയും ദിവസം നാല് നേരം പ്രസ്താവനകള്‍ ഇറക്കുകയും മാത്രം ചെയ്തുപോരുന്ന സിപിഎമ്മിന്‍റെ കേന്ദ്രനേതൃത്വത്തിന് മൂക്കിന് താഴെയുള്ള ജനവികാരംപോലും മനസിലാക്കാന്‍ കഴിയാതെപോയി. രാജ്യതലസ്ഥാനമെന്ന വിശേഷണം ഉണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ളതാണ് ഇനിയും വെള്ളവും വെളിച്ചവും എത്താത്ത ചേരികളാല്‍ നിബിഡമായ ഡല്‍ഹി. ഭരണചക്രം തിരിക്കുന്ന അഭിനവ നവാബുമാരുടെ വിഴുപ്പുകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഗുജ്ജറുകളുടെയും വാല്‍മീകികളുടെയും ഡല്‍ഹി. ഇടതുപക്ഷം കണ്ടിട്ടും കാണാതെപോയ ഈ അടിസ്ഥാനജനവിഭാഗവും സാധാരണക്കാരുമാണ് ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തിന് ഇന്ധനം പകര്‍ന്നത്.

കേരളത്തിലോ ബംഗാളിലോ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുഴുവന്‍ കുറ്റവും അതതിടത്തെ സംസ്ഥാന ഘടകങ്ങളുടെ പിടലിക്ക് വെച്ച് കൈകഴുകുന്ന സിപിഎം കേന്ദ്രനേതൃത്വത്തിന് ഡല്‍ഹിയിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആര്‍ജവം ഉണ്ടാകുമോ ?കേവലം ഒറ്റ വര്‍ഷം കൊണ്ട്, എടുത്തുപറയത്തക്ക രാഷ്ട്രീയ അനുഭവസമ്പത്തോ കേഡര്‍ സംവിധാനത്തിന്റെ പിന്തുണയോ ഇല്ലാത്ത അരവിന്ദ് കേജ് രിവാളിനെപ്പോലെ ഒരു എഞ്ചിനീയര്‍ക്കു ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ജനപിന്തുണയും വിശ്വാസവും എന്തുകൊണ്ടാണ് പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ തമ്പടിച്ച് ‘മാര്‍ക്സിസം ലെനിനിസം’ നടപ്പാക്കുന്ന കാരാട്ടിനും യെച്ചൂരിക്കുമൊക്കെ ആര്‍ജിക്കാന്‍ കഴിയാത്തത്.

ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്നവനും അവര്‍ക്കൊപ്പം സമരങ്ങള്‍ നയിക്കുന്നവനും ആയിരിക്കണം കമ്മ്യൂണിസ്റ്റുകാരന്‍ എന്നാണ് സങ്കല്‍പം. പക്ഷേ, അമേരിക്കയുടെ ഇറാന്‍ നയവും ചിലിയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റവുമൊക്കെ താത്വികമായി അവലോകനം ചെയ്യുന്ന തിരക്കുകള്‍ക്കിടയില്‍ കറണ്ടോ വെള്ളമോ റൊട്ടിക്കൊപ്പം കടിച്ചിറക്കാന്‍ ഒരു കഷണം ഉള്ളിപോലുമോ കിട്ടാതെ, പിറന്നുപോയ നിമിഷത്തെ പ്രാകുന്ന ഡല്‍ഹിയിലെ സാധാരണ ജനതയെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കണ്ടില്ല.

അവിടെയായിരുന്നു കേജ് രിവാളിന്റെ ജയം. ഇടതുപക്ഷം ഒഴിഞ്ഞിട്ടുകൊടുത്ത സ്പേസ് ( space) സമര്‍ത്ഥമായി ഉപയോഗിച്ച കേജ് രിവാള്‍ ശരിയായ ഒരു ബദലിന് വേണ്ടി ആഗ്രഹിച്ചിരുന്ന ജനങ്ങളുടെ സമരനായകനായി. അപ്പോഴും അരാഷ്ട്രീയവാദിയെന്നു മുദ്രകുത്തി കേജ് രിവാളിനെ അകറ്റിനിര്‍ത്തുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്.

ലാലു പ്രസാദിനെയും മുലായം സിംഗിനെയും മായാവതിയെയും ജയലളിതയെയും പോലുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്ഷുദ്രജീവികളുടെ പടിവാതില്‍ക്കല്‍ മൂന്നാംമുന്നണിയുടെ ഭജനപ്പാട്ടുമായി കാത്തുകെട്ടിക്കിടക്കാന്‍ മടിയില്ലാത്ത ഇടതുനേതാക്കള്‍ക്ക് കേജ് രിവാളിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തത് എന്ത് വൈരുധ്യമാണ്.

  • ആവര്‍ത്തിക്കുന്നത് ചരിത്രപരമായ മണ്ടത്തരങ്ങള്‍

കഴിഞ്ഞകാലം പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ നിന്ന് ഇതില്‍കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നതാണ് വാസ്തവം. കാരണം ചരിത്രപരമായ മണ്ടത്തരങ്ങളുടെ ചരിത്രമാണല്ലോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം.

1983ലെ ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പ് : തെലുങ്കുദേശം പാര്‍ട്ടി രൂപീകരിച്ച് എന്‍ ടി രാമറാവു കോണ്ഗ്രസിനെ വെല്ലുവിളിച്ച കാലം.  ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ എന്‍ടിആര്‍ തയ്യാറായിരുന്നു. പക്ഷേ 90 സീറ്റുകള്‍ വേണമെന്ന അവകാശവാദം ഉന്നയിച്ച് എന്‍ടിആറുമായി തെറ്റിപ്പിരിഞ്ഞ സിപിഐയും സിപിഎമ്മും പരസ്പരം സഖ്യത്തില്‍ ഏര്‍പ്പെട്ട് മത്സരിച്ചപ്പോള്‍ ജയിച്ചത്‌ ഒമ്പത് സീറ്റില്‍. 294 സീറ്റില്‍ മത്സരിച്ച തെലുങ്കുദേശം 201 സീറ്റ് നേടി അധികാരത്തില്‍ വന്നു. കോണ്ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്താനുള്ള സുവര്‍ണവസരമാണ് അന്ന് ആന്ധ്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നഷ്ടമാക്കിയത്.

1996ല്‍ പാര്‍ട്ടിക്ക് വെച്ചുനീട്ടപ്പെട്ട പ്രധാനമന്ത്രിക്കസേര വേണ്ടെന്നുവെച്ച് സിപിഎം വീണ്ടും ട്യുബ് ലൈറ്റ് മിന്നിച്ചു. ആ തീരുമാനത്തെക്കുറിച്ച് ജ്യോതി ബസു പറഞ്ഞതില്‍ കൂടുതല്‍ എന്ത് പറയാന്‍.

അങ്ങനെ ഇടതു പാര്‍ട്ടികള്‍ ഇന്ത്യന്‍ ജനതയ്ക്കായി കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ മണ്ടത്തരങ്ങളുടെ പരമ്പരയില്‍ ഒടുവിലത്തെതായി ഡല്‍ഹി തെരഞ്ഞെടുപ്പ്.

  • വൈകിവന്ന വിവേകം…അഥവാ പോയ ബുദ്ധി

ഇതും പ്രതീക്ഷിച്ചതുതന്നെ.  ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിശ്വാസ്യതയുള്ള ബദലായി ഉയര്‍ന്നു വന്നുവെന്ന സിപിഎം പിബിയുടെ പ്രസ്താവന ഈ ലേഖനം എഴുതുമ്പോള്‍ കയ്യില്‍ കിട്ടി. ആം ആദ്മിയെ കണ്ടുപഠിക്കണമെന്ന് സിപിഐ നേതാവ് ഡി രാജയുടെ ആത്മഗതം മേമ്പൊടി. പ്രിയ സഖാക്കളേ, പോയ ബസിനു കൈ കാണിച്ചിട്ട് കാര്യമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന അടുത്ത വണ്ടിയെങ്കിലും പിടിക്കാന്‍ നോക്കുകയാകും ബുദ്ധി.

ജിത്ത് [INDIA NEWS - DELHI]

Leave a Reply