jio 800x100
jio 800x100
728-pixel-x-90
<< >>

ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസ് ഹർത്താല്‍ സംഘര്‍ഷ ഭരിതം

കാസർകോട്:ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസ് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികൾക്ക് നേരെയും ആക്രമണമുണ്ടായി. സംസ്ഥാനത്തുടനീളം ഹർത്തലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.അർധരാത്രി പ്രഖ്യാപിച്ച മിന്നൽ ഹർത്താലിൽ അക്ഷരാര്‍ത്ഥത്തില്‍ ജനം വലഞ്ഞു.

എറണാകുളത്ത് പല സ്ഥലങ്ങളിലും ബസ്സുകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടു. കളമശ്ശേരിയിൽ കട തുറക്കാൻ ശ്രമിച്ച വ്യാപാരികളും ഹർത്താലനുകൂലികളും തമ്മിലുള്ള തർക്കം സംഘർഷത്തിലെത്തി. പാലക്കാടും കെ എസ് ആ‍ർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. വാളയാറിൽ അന്തർസംസ്ഥാന ബസ്സുകൾക്ക് നേരെയാണ് അക്രമമുണ്ടായത്.തൃശൂർ വാടാനപ്പള്ളിയിലും വലപ്പാടും വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊല്ലം ചിന്നക്കടയിൽ ഹർത്താൽ അനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു.കരുനാഗപ്പള്ളിയിൽ ബസ് യാത്രക്കാരനെ മർദ്ദിച്ചു.കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഹർത്താൽ അനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. ജീവനക്കാരെ ഇറക്കിവിട്ടു.

മലപ്പുറത്ത് യാത്രക്കാരെ ഇറക്കിവിടാൻ തയ്യാറാകാത്ത സ്വകാര്യ ബസ് ഡ്രൈവറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അഞ്ചിലേറെ ജീവനക്കാര്‍ ഓഫീസിലുണ്ടായിരുന്ന സമയത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടി. യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭ തുറന്ന് പ്രവര്‍ത്തിച്ചതും പ്രതിഷേധത്തിനിടയാക്കി. ഗ്രാമീണ്‍ ബാങ്കിന്‍റെ ഹെഡ് ഓഫീസില്‍ കയറിയ ഹര്‍ത്താല്‍ അനുകൂലികള്‍ മാനേജറെ ഭീഷണിപ്പെടുത്തി ഓഫീസ് അടപ്പിച്ചു.ഇടുക്കിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. കട്ടപ്പനയിൽ കെഎസ്ആർടിസി ബസ് തടയാൻ ശ്രമിച്ച 11 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് കടകൾ തുറക്കാനെത്തിയ വ്യാപാരികളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.കോഴിക്കോട് നഗരത്തില്‍ തുറന്ന കടകള്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. കൊയിലാണ്ടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിലാക്കി ഹർത്താലനുകൂലികൾ പൂട്ടി. പൊലീസെത്തിയാണ് വ്യാപാരിയെ മോചിപ്പിച്ചത്.

തിരുവനന്തപുരം തമ്പാനൂരിൽ കെ എസ് ആർ ടി സി യും സ്വകാര്യ ബസുകളും യൂത്ത് കോൺ പ്രവർത്തകർ തടഞ്ഞു. നെടുമങ്ങാടിന് സമീപം കെഎസ്ആർടിസി ബസിന് നേക്ക് കല്ലേറുണ്ടായി. കല്ലറയിൽ തുറന്ന കട യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു.വ്യാപാരിയെയും മർദിച്ചു. ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിലെ കടകളെയും തീർഥാടകരുടെ വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം മിന്നൽ ഹർ‍ത്താലുകൾക്കെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. സ്വമേധയാ കേസെടുത്ത ഡിവിഷൻ ബെഞ്ച്, ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്നുപേർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും ഉത്തരവിട്ടു. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാനും കോടതി നിർദ്ദേശിച്ചു.

ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താലുകൾ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടപെടലുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് രാത്രി 12.40-നാണ് ഫേസ് ബുക് പേജിലൂടെ ഹർത്താൽ അഹ്വാനം നൽകിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഇതിന്‍റെ പേരിൽ വിദ്യാർഥികൾക്കും പൊതുജനത്തിനും ഉണ്ടായ ബുദ്ധിമുട്ട് യാതൊരു വിധത്തിലും ന്യായീകതരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നിയവിരുദ്ധ പ്രവർത്തനം ആരു നടത്തിയാലും അതിന്‍റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഹർത്താലിനെ നേരിടാൻ ഡിജിപി ആവശ്യമായ നടപടികൾ സ്വീകരിക്കണം. വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിൽ എത്താനുളള സംവിധാനം സർക്കാർ ചെയ്തുകൊടുക്കണം. ആരു ഹർത്താൽ ആഹ്വാനം ചെയ്താലും പൊതുഗതാഗത സംവിധാനം നിർത്തിവയ്ക്കരുത്. ഉത്തരവ് ലംഘിക്കുന്ന രാഷ്ടീയ പാർടികളുടെ അംഗീകാരം റദ്ദാക്കനാകുമോയെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു.ഹർത്താലിൽ അക്രമം ഉണ്ടായാൽ അതിന്‍റെ ദൃശ്യങ്ങൾ കൈമാറണമെന്നും കോടതി നി‍ർദേശിച്ചു. മിന്നൽ ഹർത്താലുകൾ വാർത്തയാക്കുമ്പോൾ ഇത് നിയമവിരുദ്ധമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഓ‍ർമിപ്പിച്ചു.

യൂത്ത് കോൺഗ്രസിന്‍റെ മിന്നൽ ഹർത്താൽ ക്രിമിനൽകുറ്റമെന്ന് നിരീക്ഷിച്ച കോടതി കോടലക്ഷ്യനടപടികൾക്ക് ഉത്തരവിട്ടു. ഹർത്താൽ അഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് കാസർകോ‍‍ഡ് യുഡിഎഫ് ചെയർമാൻ, കൺവീവനർ‍ എന്നിവർ‍ക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും നി‍ർദേശിച്ചു. സിവിലും ക്രിമിനലുമായുളള നടപടികൾ ഇവർ നേരിടണം. കോടതിയുത്തരവിനെ നിയമപരമായിത്തന്നെ നേരിടുമെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

INDIANEWS24 KOCHI

Leave a Reply