കൊച്ചി : വൈക്കം മുഹമ്മദ് ബഷീര്‍ ലോക ഗണിത ശാസ്ത്രത്തിനു നല്കിയ ഇമ്മിണി “വല്ല്യ “ ഒരു സംഭാവനയായിരുന്നല്ലോ ” ഒന്നും ഒന്നും ഒരു ഇമ്മിണി ബല്ല്യ ഒന്ന് ” എന്ന ബഷീറിയന്‍ സിദ്ധാന്തം. പക്ഷെ ബാല്യകാലസഖിയുടെ രണ്ടാം സിനിമാ പതിപ്പ് “ഒന്നും ഒന്നും ഇമ്മിണി ചെറ്യ ഒന്ന് ” എന്ന് ബഷീറിനെക്കൊണ്ട് തിരുത്തിപ്പറയിക്കുകയാണ്.
ലളിത സുന്ദരമായ കഥകളും നോവലുകളുമാണ് ബഷീറിനെ മലയാളികളുടെ വായനാലോകത്തിന്റെ സുല്‍ത്താനാക്കിയത്.അദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രിയങ്കരമായ ഒന്നാണ് ബാല്യകാലസഖി എന്ന എഴുപത്തഞ്ചു പേജുകള്‍ മാത്രമുള്ള ലഘു നോവല്‍ . പ്രണയത്തിന്റെയും വിരഹത്തിന്റെയും ജീവിത വ്യഥകളുടെയും പ്രവാസത്തിന്റെയും ഒരു നിറ പ്രപഞ്ചമാണ് ആ എഴുപത്തഞ്ചു പേജുകളിലൂടെ ബഷീര്‍ നമുക്ക് സമ്മാനിച്ചത്.മജീദും സുഹറയും മലയാളികളുടെ മനസ്സില്‍ താജ്മഹല്‍ പണിഞ്ഞവരാണ്.
ബഷീറിന്റെ കൃതികള്‍ സിനിമയായപ്പോഴെല്ലാം ആ മാമ്പഴക്കാലം നാം അനുഭവിച്ചു.അടുത്തിടെ പുറത്തിറങ്ങിയ സോഹന്‍ലാലിന്റെ കഥവീട് എന്ന ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിലെ “പൂവമ്പഴം” എന്ന ലഘു ചിത്രം ഏറെ ഹൃദ്യമായിരുന്നു. പ്രേമലേഖനം ബക്കര്‍ സിനിമയാക്കിയപ്പോഴും നാം അതാസ്വദിച്ചു.സോമനും സ്വപ്നയും കേശവന് നായരും സാറയുമായത് നമുക്ക് മറക്കാനാകുമോ ? മതിലുകള്‍ അടൂര്‍ ഗോപാലകൃഷ്ണന് സിനിമയാക്കിയപ്പോള്‍ ചിത്രവും ബഷീറായി അഭിനയിച്ച മമ്മൂട്ടിയും ദേശീയ – അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടി.എന്നാല്‍ പഴയ ബാല്യകാല സഖി അത് പോലെ ജനശ്രദ്ധ നേടിയില്ല.തിരക്കിട്ട് സിനിമകള്‍ ചെയ്തിരുന്ന ശശികുമാറിന് സാക്ഷാല്‍ ബഷീറിന്റെ തന്നെ തിരക്കഥയോട് നീതി പുലര്‍ത്താനായില്ല.
ചില ഇതിഹാസങ്ങള്‍ അങ്ങനെയാണ്. ഖസാക്കിന്റെ ഇതിഹാസവും വി കെ എന്‍ കഥകളും അഭ്രപാളികളില്‍ പകര്ത്താനാവുന്നതിനും അപ്പുറത്താണ്.നമ്മുടെ ഭാവനയുടെ വെള്ളിത്തിരകളിലെ അവയ്ക്ക് ജീവിക്കാനാവൂ. പുതിയ ബാല്യകാലസഖി ഈ സത്യം അടിവരയിടുന്നു.മജീദിനെയും സുഹറയെയും വായനക്കാരന്റെ മനസിലെ വെള്ളിത്തിരയില്‍ നിന്നും സിനിമയുടെ ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ല.
പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ചിത്രം ബഷീറിന്റെ ബാല്യകാലസഖിയില്‍ നിന്നും ഏറെ വ്യതിചലിച്ചിരിക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് എടുത്ത ആ സ്വാതന്ത്ര്യം ചിത്രത്തിനു കളങ്കമായി മാറി.ബഷീര്‍ പരാമര്‍ശിക്കാതെ പോയ അല്ലെങ്കില്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയ പല സംഭവങ്ങള്‍ക്കും ഊന്നല്‍ കൊടുത്ത് പ്രമോദ് തയാറാക്കിയ തിരക്കഥയും അതിന്റെ ചലച്ചിത്ര ഭാഷ്യവും അനാകര്‍ഷകമായി.ഒരു പക്ഷെ മമ്മൂട്ടിയുടെ പ്രായത്തിനും ഇമേജിനും ഒക്കെ അനുസൃതമായി തിരക്കഥ ചമയ്ക്കപ്പെട്ടു എന്ന തോന്നല്‍ ഉളവാക്കുന്നു പ്രമോദിന്റെ ബാല്യകാലസഖി.തീഷ്ണമായ പ്രണയവും ലളിത സുന്ദര കാഴ്ചകളും നിറയേണ്ടിയിരുന്ന ചിത്രം നിറയെ കല്‍ക്കത്തയും സാങ്കല്‍പ്പിക കഥാപാത്രങ്ങളും രാഷ്ട്രീയവും വേട്ടയാടലുകളും ഒക്കെയാണ്. തികച്ചും DARK ആയ ഒരു ഭൂമികയിലൂടെയാണ് ചിത്രം ഏറിയ പങ്കും സഞ്ചരിക്കുന്നത്.പലപ്പോഴും അതി ഭാവുകത്വത്തിലേക്കും നാടകീയതയിലെക്കും ചിത്രം വഴുതി വീഴുന്നുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലിനെയും പോലുള്ള ലജന്ഡുകളെ ( legends) ആകര്‍ഷിക്കുവാന്‍ പ്രോജക്ടുകള്‍ തായ്യാറാക്കുന്നതിനു പകരം മികച്ച സിനിമകള്‍ സൃഷ്ടിച്ച് സ്വയം തെളിയിച്ച് തങ്ങളുടെ പ്രോജക്ടുകളില്‍ പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം അവരെ ക്ഷണിക്കുന്നതല്ലേ ഉചിതം? അതു തന്നെയല്ലേ ആ പ്രതിഭകളോട് കാണിക്കേണ്ട ആദരവും മര്യാദയും ? ജീത്തു ജോസഫിനെപ്പോലുള്ളവര്‍ ആ മാതൃകയല്ലേ കാണിച്ചു തരുന്നത്.
മമ്മൂട്ടിയെപ്പോലൊരു “താര”ത്തിനു കെട്ടുകാഴ്ചയൊരുക്കുവാന് ബഷീറിന്റെ വിഖ്യാത കൃതി തന്നെ വേണമായിരുന്നോ? മലയാളം കണ്ട മഹാ നടന്മാരിലൊരാളാണ് മമ്മൂട്ടി എന്നതില്‍ തര്‍ക്കമില്ല. മജീദിന്റെ ബാപ്പയായി അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ഒരു പക്ഷെ അംഗീകാരങ്ങള്‍ ആ പ്രകടനത്തെ തേടിയെത്തിയേക്കാം. പക്ഷെ മജീദായി അദ്ദേഹത്തെ അഭിനയിപ്പിക്കണമായിരുന്നോ എന്നത് ആലോചനാ വിഷയമാക്കേണ്ട വസ്തുതയാണ്.
മേക്ക്-അപ്പ്, ആര്‍ട്ട് -ഡബ്ബിംഗ് തുടങ്ങിയ പ്രധാന ഡിപ്പാര്ട്ട്ന്റുമെന്റ്കളില് പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമായിരുന്നു.മജീദിന്റെ ആദ്യ നാടുവിടലിനും വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള തിരിച്ചു വരവിനുമിടയില്‍ കാലം Stand Still ആയതുപോലെ തോന്നി മജീദിന്റെ appearance കണ്ടപ്പോള്‍ . സുഹറയുടെ വേഷവിധാനങ്ങളും മേക്ക്-അപ്പും “ഇഷാ തല്‍വാറിനെ” മാത്രമെ ഓര്‍മിപ്പിക്കുന്നുള്ളൂ. ഒരു കശാപ്പുകാരന് കെട്ടിക്കൊണ്ടു പോയി ജീവിതം ദുസ്സഹമായിതീര്ന്ന രോഗിണിയായ സുഹറയെ എവിടെയാണ് ബാല്യകാലസഖിയില്‍ കാണാനാകുക? ചെറുതെങ്കിലും തന്റെ വേഷം മികച്ചതാക്കിയ തനുശ്രീ ഘോഷും കവിതാ നായരുമാണ് താരതമ്യാന മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.മീനയും തന്റെ വേഷം മോശമാക്കിയില്ല.
സംവിധായകന് പ്രമോദ് പയ്യന്നൂരും നിര്മ്മതാക്കളിലോരാളായ സജീബ് ഹാഷിമും ഈ ചിത്രത്തിനു പിന്നില്‍ ഒഴുക്കിയ വിയര്‍പ്പിനും അനുഭവിച്ച യാതനകള്‍ക്കും “കാത്തിരിപ്പിനും” സമാനമായി അടുത്ത കാലത്ത് ഉദാഹരണങ്ങളില്ല.മലയാള സിനിമാ ലോകമൊന്നടങ്കം ഈ അര്‍പ്പണ ബോധത്തെ ശ്ലാഘിച്ചിരുന്നു.ഏകദേശം മൂന്ന് നാല് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രത്തിനു ഷൂട്ടിംഗ് വേളയിലും പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലും എന്താണ് സംഭവിച്ചതെന്നു മനസിലാകുന്നില്ല. 121 മിനിറ്റ് ( രണ്ടു മണിക്കൂര്‍ ) ദൈര്‍ഘ്യ മുണ്ടായിരുന്ന ചിത്രം അവസാന നിമിഷങ്ങളില്‍ കേവലം ഒരു മണിക്കൂര്‍ നാല്‍പ്പതു മിനിട്ടുകളിലൊതുങ്ങിയത് എന്തുകൊണ്ടാണെന്ന് അറിയുവാന്‍ പ്രേക്ഷകര്‍ക്കും സിനിമാ വിദ്യാര്‍ഥികള്‍ക്കും നവ നിര്‍മ്മാതാക്കള്‍ക്കും താല്‍പ്പര്യമുണ്ടാകും.അത് പോലെ എറണാകുളം പോലൊരു നഗരത്തില്‍ – മമ്മൂട്ടി ചിത്രങ്ങള്‍ക്ക് മികച്ച ഇനിഷ്യല്‍ ലഭിക്കുന്നിടത്ത്- 200 സീറ്റുകള്‍ മാത്രമുള്ള പ്രൊജക്ഷന് അത്ര മികച്ചതല്ലാത്ത തീയേറ്ററില്‍ എന്തിനാണ് ബാല്യകാലസഖി പോലെ പ്രതീക്ഷയുണര്‍ത്തിയ ഒരു ചിത്രം റിലീസ് ചെയ്തത് ?
LIVIN ART FILM FACTORY എന്ന ബാനറില്‍ ഇനിയും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ സജീബ് ഹാഷിമിനും കൂട്ടര്‍ക്കും കഴിയും. തീര്‍ച്ചയായും അതിനുള്ള ഒരു പഠനകളരി തന്നെയായിരുന്നു ബാല്യകാലസഖി.സ്വാഭാവികമായുണ്ടായ തന്റെ പിഴവുകള്‍ തിരുത്തിയാല്‍ തിയേറ്റര്‍ രംഗത്ത് മികവു തെളിയിച്ച പ്രമോദ് പയ്യന്നൂരിനു സിനിമയെന്ന പുതിയ തട്ടകത്തും തീര്‍ച്ചയായും ചലനങ്ങള്‍ സൃഷ്ടിക്കാനാകും.ബാല്യകാലസഖി ഒത്തിരി നല്ല ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിക്കാന്‍ ഇരുവര്‍ക്കും പ്രചോദനമാകട്ടെ.
SANU SATHYAN INDIANEWS24 MOVIE DESK