728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്റര്‍ സിറ്റി അപകടം: മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ബംഗളൂരു:വെള്ളിയാഴ്ച്ച രാവിലെ പാളം തെറ്റിയ ബംഗളുരു-എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അപടത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു.ബെംഗ്ലൂരുവില്‍ സ്ഥിര താമസമാക്കിയ ഫോര്‍ട്ടു കൊച്ചി സ്വദേശി ആന്റണി ഇട്ടീര(57) തൃശൂര്‍ സ്വദേശിയായ അമന്‍(9) എന്നിവരാണ് മരിച്ചത്.ബംഗളുരു സിറ്റിയില്‍ നിന്നും രാവിലെ ആറേ കാലിന് പുറപ്പെട്ട ട്രെയിന്‍ കര്‍ണാടകയിലെ ഹോസൂരില്‍ എത്തിയപ്പോള്‍ ഏഴരയോടെയാണ് അപകടത്തില്‍ പ്പെട്ടത്.

അമന്റെ അമ്മ ഷര്‍മ്മിളയെ ഗുരുതര പരുക്കുകളോടെ ആനക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ 11 പേരും ആശുപത്രിയിലുണ്ട്.പത്ത് പേരോളം മരിച്ചതായി വാര്‍ത്തകള്‍ പരക്കുന്നുണ്ട്.ഇതിനിടെയാണ് മരണമടഞ്ഞ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബെംഗളൂരുവിനടുത്ത് ഹൊസൂര്‍ ആനക്കലില്‍ ഇന്നുരാവിലെ 7.30നായിരുന്നു അപകടം. ട്രെയിനിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ഡി-8, ഡി-9 ബോഗികള്‍ പരസ്പരം ഇടിച്ചുകയറിയ നിലയിലാണ്. ഈ രണ്ട് ബോഗികളിലായി കേരളത്തിലേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്ത 116 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡി-8 കോച്ചിലെ ഒന്നുമുതല്‍ 48വരെ സീറ്റിലുള്ളവര്‍ക്കാണ് ഗുരുതര അപകടം സംഭവിച്ചത്. റയില്‍വേ ട്രാക്കില്‍ കിടന്ന പാറകഷണത്തില്‍ തട്ടിയതാണ് അപകടകാരണമെന്ന് സൂചന. അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി റയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു.

അപകടത്തെക്കുറിച്ച് റയില്‍വെ സുരക്ഷാകമ്മീഷന്‍ അന്വേഷിക്കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപവീതവും നിസാരപരുക്കേറ്റവര്‍ക്ക് ഇരുപതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കും.

INDIANEWS24 BENGALURU

Leave a Reply