ന്യൂഡല്‍ഹി: ലോക ഫുട്ബോളില്‍ തോല്‍ക്കാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. ഇതില്‍ 11 വിജയവും ഒരു സമനിലയും ഉള്‍പ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ ആരാധകരുള്ള അര്‍ജന്റീനയ്ക്കും ബ്രസിലീനും പോലും സാധിക്കാത്ത നേട്ടമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൈവരിച്ചിരിക്കുന്നത്.
ഈ അപൂര്‍വ്വ നേട്ടത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ലോകചാമ്പ്യന്മാരായ ജര്‍മ്മനി മാത്രം. തോല്‍ക്കാത്ത 12 കളികളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയതെങ്കില്‍ ജര്‍മ്മനി തുടര്‍ച്ചയായി 19 കളികളില്‍ തോറ്റിട്ടില്ല. 16 ജയവും മൂന്ന് സിനിലയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത് ബെല്‍ജിയം ആണ്. 12 കളികളില്‍ ഒമ്പത് വിജയവും മൂന്ന് സമനിലയുമാണ് അവര്‍ക്കുള്ളത്.
ഇന്ത്യയുടെ അപരാജിത കുതിപ്പ് ഫിഫ റാങ്കിംഗിലും പ്രതിഫലിച്ചു. 2016 ഫെബ്രുവരിയില്‍ 173-ാം റാങ്കിലായിരുന്ന ഇന്ത്യ 20 വര്‍ഷത്തിനിടെ ആദ്യ 100നുള്ളില്‍ എത്തി. അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് ഫിഫയുടെ അഭിനന്ദനം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ സീനിയര്‍ ടീം പുതിയൊരു ചരിത്രം കൂടിയാണ് കുറിച്ചിരിക്കുന്നത്. 2019 ഏഷ്യാ കപ്പിനുള്ള യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ വിജയക്കുതിപ്പ് തുടര്‍ന്നത്.
INDIANEWS24.COM Sports Desk