jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യ ചൈനീസ്‌ കമ്പനികളെ ഒഴിവാക്കുന്നു ; ബിഎസ്‌എൻഎൽ, എംടിഎൻഎൽ കരാർ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ  വിവിധ പദ്ധതികളിൽ ചൈനീസ്‌ കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ പാത വികസനം, ബിഎസ്‌എൻഎൽ 4ജി സേവനം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽനിന്നാണ്‌‌ ചൈനീസ്‌ കമ്പനികളെ ഒഴിവാക്കുന്നത്‌. 4ജി സേവനങ്ങൾ വിപുലമാക്കാൻ  ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ചൈനയിൽനിന്ന്‌ ഉപകരണങ്ങൾ വാങ്ങാൻ നൽകിയ കരാർ റദ്ദാക്കി‌. ചൈനയിൽനിന്ന്‌ ഉപകരണങ്ങൾ വാങ്ങുന്നതിൽ ടെലികോം വകുപ്പ്‌ അതൃപ്‌തി പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്‌. വാവെയ്‌, ഇസഡ്‌ടിഇ എന്നീ കമ്പനികൾക്കാണ്‌ കരാർ നൽകിയിരുന്നത്‌‌. ചൈനീസ്‌ കമ്പനികളെ ഒഴിവാക്കി പുതിയ ടെണ്ടർ വിളിച്ചേക്കും.

യഥാർഥ നിയന്ത്രണരേഖ(എൽഎ.സി)യിൽ  ചൈനയുമായി സംഘർഷം തുടരുന്ന സാഹചര്യത്തിലാണ്‌  പ്രഖ്യാപനം.  59 ചൈനീസ്‌ ആപ്പുകള്‍ കഴിഞ്ഞദിവസം നിരോധിച്ചിരുന്നു. ഇറക്കുമതിക്ക്‌ തുറമുഖങ്ങളിൽ കർശന നിയന്ത്രണം തുടരുകയാണ്‌. ചൈനീസ്‌ കമ്പനികളെ നിരോധിക്കാനുള്ള നയത്തിന്‌ ഉടൻ രൂപം നൽകും. അതേസമയം, മാസങ്ങൾക്കുമുമ്പ്‌ ബുക്ക് ‌ചെയ്‌ത ചരക്കുകൾക്ക്‌ തുറമുഖങ്ങളിൽ കാലതാമസം ഉണ്ടാകുന്നത്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ധന, വാണിജ്യവകുപ്പ്‌ മന്ത്രിമാർക്ക്‌‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി നിര്‍ദ്ദേശം  നൽകിയിട്ടുണ്ട്‌.

ദേശീയപാത നിർമാണ പദ്ധതികളിൽ നിന്ന്‌  ചൈനീസ്‌ കമ്പനികളെ വിലക്കുമെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.  പുതുതായി പങ്കാളിത്തം അനുവദിക്കില്ല. വേണ്ടിവന്നാൽ നിലവിലുള്ള കരാറുകൾ പുനഃപരിശോധിക്കും. ദേശീയപാത പദ്ധതികളിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്പനികൾക്ക്‌ മാനദണ്ഡങ്ങളിൽ ഇളവ്‌ നൽകും. ഇതിനായി യോഗം വിളിക്കാൻ നിർദേശിച്ചു.  വിദേശപങ്കാളിത്തം തേടേണ്ടിവന്നാലും ചൈനീസ്‌ കമ്പനികളെ ഒഴിവാക്കും. സംയുക്തസംരംഭങ്ങൾക്കും അനുമതി നൽകില്ല. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽനിന്നും ചൈനീസ്‌ കമ്പനികളെ ‌ ഒഴിവാക്കുമെന്നും  ‌നിതിൻ ഗഡ്‌കരി വാർത്താഏജൻസിക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

INDIANEWS24 NEWDELHI DESK

Leave a Reply